ശിവലിംഗം കണ്ട സ്ഥലം സംരക്ഷിക്കണം; പ്രാര്‍ഥനയ്ക്ക് തടസ്സം പാടില്ല: സുപ്രീംകോടതി

gyanvapi-masjid
ഗ്യാൻവാപി പള്ളി (പിടിഐ ചിത്രം)
SHARE

ന്യൂഡൽഹി ∙ കാശി വിശ്വനാഥ ക്ഷേത്രത്തിനോടു ചേർന്ന ഗ്യാൻവാപി മുസ്‍ലിം പള്ളിയിലെ സർവേ നടപടികൾക്ക് നേതൃത്വം നൽകിയയാളെ നീക്കി വാരാണസി ജില്ലാ കോടതി. സർവേ കമ്മിഷണർ അജയ് മിശ്രയെയാണ് മാറ്റിയത്. സർവേ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയതിനെ തുടർന്നാണ് നടപടി. സർവേ വിവരങ്ങൾ എങ്ങനെയാണ് ചോർന്നതെന്ന് കോടതി ചോദിച്ചു.

പള്ളി പരിസരത്തു ശിവലിംഗം കണ്ടെത്തിയെന്നും ഇതു മറച്ചുവച്ച നിലയിലായിരുന്നുവെന്നും ഹിന്ദുവിഭാഗം കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. പിന്നാലെ, ഈ സ്ഥലം സീൽ ചെയ്യാനും ഇവിടേക്ക് കടക്കുന്നതിൽനിന്ന് ആളുകളെ വിലക്കാനും വാരാണസി കോടതി തിങ്കളാഴ്ച ഉത്തരവിട്ടു.

അതേസമയം, സർവേ നടത്താനുള്ള വാരാണസി കോടതി ഉത്തരവ് സമാധാനവും സാമുദായിക ഐക്യവും തകർക്കാനുള്ള ശ്രമമാണെന്നു ചൂണ്ടിക്കാട്ടി മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വ്യാഴാഴ്ച വിശദമായ വാദം കേൾക്കും. മുസ്‌ലിംകൾക്ക് പ്രാർഥന നിർവ്വഹിക്കുന്നതിനു യാതൊരു തടസ്സവും പാടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ശിവലിംഗം കണ്ടെത്തിയെന്നു പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണം. ജില്ലാ മജിസ്ട്രേട്ടിനായിരിക്കും ഇതിന്റെ ഉത്തരവാദിത്വമെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പള്ളിക്കു സമീപമുള്ള കുളത്തിലാണ് ശിവലിംഗം കണ്ടെത്തിയെന്ന് അവകാശവാദം ഉയർന്നിരിക്കുന്നത്. ഇവിടെയാണ് മുസ്‌ലിംകൾ പ്രാർഥനയ്ക്കു മുൻപു അംഗശുദ്ധി വരുത്തുന്നത്. കുളം സംരക്ഷിക്കണമെന്ന് കോടതി പറഞ്ഞതിനാൽ, അംഗശുദ്ധി വരുത്തുന്നതിന് ഉപയോഗിക്കാൻ അവകാശമുണ്ടെന്ന് പരാമർശിക്കണമെന്ന് പള്ളിക്കമ്മിറ്റിക്കു ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ആരാധനസ്വാതന്ത്ര്യം ഉണ്ടെന്നു പറയുമ്പോൾ എല്ലാം ഉൾപ്പെടില്ലേയെന്നു ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചു.

English Summary: Gyanvapi Mosque: Secure 'Shivling' Area But Don't Stop Namaz, Says Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS