എൽഡിഎഫിന് മുന്നേറ്റം; തൃപ്പൂണിത്തുറ നഗരസഭയിൽ ബിജെപിക്ക് അട്ടിമറി വിജയം

Tripunithura BJP
തൃപ്പൂണിത്തുറ നഗരസഭയിലെ വിജയത്തിൽ ആഘോഷിക്കുന്ന ബിജെപി പ്രവർത്തകർ.
SHARE

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം. 23 വാർഡുകളിൽ എൽഡിഎഫും 12 ഇടത്ത് യുഡിഎഫും ആറിടത്തു ബിജെപിയും ജയിച്ചു. ഒരു വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയാണ് ജയിച്ചത്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 19, യുഡിഎഫ് 16, ബിജെപി 7 എന്നിങ്ങനെയായിരുന്നു സീറ്റുകൾ. സംസ്ഥാനത്തെ 42 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 12 ജില്ലകളിലായി രണ്ട് കോർപറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 42 വാർഡുകളിലായി 77,634 വോട്ടർമാരുണ്ടായിരുന്നു.

∙ എറണാകുളം

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ആറു വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്തു ബിജെപിക്കു വിജയം. രണ്ടിടത്ത് യുഡിഎഫും ഒരു വാർഡിൽ എൽഡിഎഫും ജയിച്ചു. കൊച്ചി കോർപറേഷൻ എറണാകുളം സൗത്ത് ഡിവിഷൻ, തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമനത്തോപ്പ്, പിഷാരിക്കോവിൽ വാർഡുകൾ എന്നിവിടങ്ങളിലാണു ബിജെപി വിജയിച്ചത്.

തൃപ്പൂണിത്തുറ നഗരസഭയിൽ സിറ്റിങ് സീറ്റുകളിൽ പരാജയപ്പെട്ടതോടെ എൽഡിഎഫിനു കേവല ഭൂരിപക്ഷം നഷ്ടമായി. വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂർ, നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി ടൗൺ വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. അത്താണി ടൗണിൽ വിജയിച്ചതോടെ നെടുമ്പാശേരി പഞ്ചായത്തിലെ ഭരണം യുഡിഎഫ് നിലനിർത്തി. കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി വാർഡ് യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.

Padmaja BJP
കൊച്ചി കോർപറേഷൻ എറണാകുളം സൗത്ത് 62–ാം ഡിവിഷനിലേയ്ക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപിയുടെ പത്മജ എസ്.മേനോൻ. ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ

കൊച്ചി കോർപറേഷൻ എറണാകുളം സൗത്ത് 62–ാം ഡിവിഷനിലേയ്ക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പത്മജ എസ്.മേനോൻ ജയിച്ചു. യുഡിഎഫിന്റെ അനിത വാരിയരെ 75 വോട്ടിനു തോൽപ്പിച്ചാണു ബിജെപി വിജയത്തുടർച്ച നേടിയത്. സിപിഐയുടെ സ്വതന്ത്ര സ്ഥാനാർഥി അശ്വതി സത്യന് 328 വോട്ടാണു ലഭിച്ചത്. പത്മജ 974 വോട്ട് പിടിച്ചപ്പോൾ അനിതയ്ക്ക് 899 വോട്ടു മാത്രമേ നേടാനായുള്ളൂ.

തൃപ്പൂണിത്തുറ നഗരസഭയിലേയ്ക്ക് ഉപതിരഞ്ഞെടുപ്പു നടന്ന രണ്ടു സീറ്റുകളിലും ബിജെപി സ്ഥാനാർഥികൾ ജയിച്ചു. എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണു ബിജെപി പിടിച്ചെടുത്തത്. 11-ാം വാർഡിൽ വള്ളി രവി, 46-ാം വാർഡിൽ രതി രാജു എന്നിവരാണ് ജയിച്ചത്. 11-ാം വാർഡ് കൗൺസിലറായിരുന്ന സിപിഎമ്മിലെ കെ.ടി.സൈഗാൾ, 46-ാം വാർഡ് കൗൺസിലറായിരുന്ന സിപിഎമ്മിലെ രാജമ്മ മോഹനൻ എന്നിവരുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പുണ്ടായത്. എൽഡിഎഫ്: 23, ബിജെപി: 17, യുഡിഎഫ്: 8, സ്വതന്ത്രൻ: 1 എന്നിങ്ങനെയാണ് ഇവിടെ കക്ഷിനില.

നെടുമ്പാശേരി 17–ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ജോബി നെൽക്കര 274 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ ത്രിശങ്കുവിലായിരുന്ന കോൺഗ്രസിന് ഭരണം ഉറപ്പിക്കാനായി. വാരപ്പെട്ടി പഞ്ചായത്ത്‌ ആറാം വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ കെ.കെ.ഹുസൈൻ 25 വോട്ടിനാണു ജയിച്ചത്. ട്വന്റി20 ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്ത് വാർഡ് 11ൽ എൽഡിഎഫ് സ്ഥാനാർഥി എന്‍.ഒ.ബാബു 139 വോട്ടിനു വിജയിച്ചു.

congress-flag

∙ കണ്ണൂർ

ജില്ലയിൽ 5 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ സീറ്റ് നിലനിർത്തി. ഒന്നു വീതം കോർപറേഷൻ–നഗരസഭ വാർഡുകളിലും 3 പഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കണ്ണൂർ കോർപറേഷൻ കക്കാട് വാർഡ് യുഡിഎഫ് നിലനിർത്തി. മങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി വാർഡ് ബിജെപി നിലനിർത്തി. പയ്യന്നൂർ നഗരസഭയിലെ മുതിയലം, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേകുന്നുമ്പ്രം, കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് വാർ‍ഡുകൾ സിപിഎം നിലനിർത്തി. യുഡിഎഫ് (ലീഗ്) 1, ബിജെപി 1, സിപിഎം 3 എന്നതാണ് കക്ഷിനില.

∙ പത്തനംതിട്ട

ജില്ലയിൽ റാന്നി അങ്ങാടി പഞ്ചായത്ത് ഈട്ടിച്ചുവട് 5–ാം വാർ‌ഡിൽ എൽഡിഎഫിന് വിജയം. പതിറ്റാണ്ടുകളായി കോൺഗ്രസിന്റെ കൈവശമിരുന്ന വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്വതന്ത്ര കുഞ്ഞുമറിയാമ്മ 179 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കുഞ്ഞുമറിയാമ്മയ്ക്ക് 474 വോട്ടും യുഡിഎഫിലെ സൂസന് 295 വോട്ടും ബിജെപിയിലെ പി.എസ്.സുജലയ്ക്ക് 20 വോട്ടും ലഭിച്ചു. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന പഞ്ചായത്തിൽ ഇതോടെ എൽഡിഎഫിന് മേൽക്കൈ നേടാനായി. എൽഡിഎഫ് 7, യുഡിഎഫ് 5, ബിജെപി 1 എന്നിങ്ങനെയാണ് കക്ഷിനില.

കോന്നി 18–ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിലെ അർച്ചന ബാലൻ 133 വോട്ടിനു ജയിച്ചു. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. റാന്നി കൊറ്റനാട് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾക്കു തുല്യം വോട്ടുകളായതിനെ തുടർന്നു നടത്തിയ നറുക്കെടുപ്പിൽ എൽഡിഎഫിലെ റോബി ഏബ്രഹാം വിജയിച്ചു.

cpm-flag

∙ കോട്ടയം

ജില്ലയിൽ ഏറ്റുമാനൂർ നഗരസഭയിലെ അമ്പലം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിലനിർത്തി. ബിജെപിയിലെ സുരേഷ് ആർ.നായർ 83 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ബിജെപിക്ക് 307 വോട്ടും എൽഡിഎഫ് സ്വതന്ത്രൻ കെ.മഹാദേവന് 224 വോട്ടും ലഭിച്ചു. കഴിഞ്ഞ തിര‍ഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്ന എൽഡിഎഫ് ഇത്തവണ രണ്ടാം സ്ഥാനത്ത് എത്തി. മന്ത്രി വി.എൻ.വാസവന്റെ മണ്ഡലത്തിലെ നഗരസഭയാണ് ഏറ്റുമാനൂർ.

∙ തൃശൂർ

ജില്ലയിൽ ആറ് സീറ്റുകളിൽ ‍നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിൽനിന്ന് ഒരു സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. തൃക്കൂർ ആലേങ്ങാട് ഒൻപതാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ലിന്റോ തോമസ് 285 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു സീറ്റ് പിടിച്ചത്. മറ്റ് അഞ്ചിടത്തും മുന്നണികൾ സീറ്റ് നിലനിർത്തി. കുഴൂർ നാലാം വാർഡ് യുഡിഎഫ് സ്ഥാനാർഥി സേതുമോൻ ചിറ്റേത്ത് സീറ്റ് നിലനിർത്തി.

വടക്കാഞ്ചേരി നഗരസഭ ഒന്നാംകല്ല് വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. മല്ലിക സുരേഷ് 27 വോട്ടിനു വിജയിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആനന്ദപുരം ഡിവിഷനിലും മുരിയാട് 13–ാം വാർഡിലും എൽഡിഎഫ് സീറ്റുകൾ നിലനിർത്തി. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡ് യുഡിഎഫ് നിലനിർത്തി.

INDIA-POLITICS-VOTE
Supporters of India's Bharatiya Janata Party (BJP) celebrate outside the party office in Lucknow on March 10, 2022, on the day of counting of votes for the Uttar Pradesh state assembly elections. (Photo by SANJAY KANOJIA / AFP)

∙ ഇടുക്കി

ജില്ലയിലെ 3 പഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം. 2 വാർഡിൽ എൽഡിഎഫും ഒരിടത്ത് ബിജെപിയും ജയിച്ചു. ഉടുമ്പന്നൂർ പഞ്ചായത്തിൽ യുഡിഎഫിൽനിന്ന് ഒരു സീറ്റ് പിടിച്ചെടുത്ത എൽഡിഎഫ്, അയ്യപ്പൻകോവിൽ പഞ്ചായത്തിൽ സിറ്റിങ് സീറ്റ് നിലനിർത്തി. ഇടമലക്കുടിയിൽ ബിജെപി സീറ്റ് നിലനിർത്തി.

∙ പാലക്കാട്

ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന പല്ലശന കൂടല്ലൂർ വാർഡിൽ സിപിഎമ്മിലെ എ.മണികണ്ഠൻ 65 വേ‍ാട്ടിന്റെയും, ചെർപ്പുളശേരി നഗരസഭ കേ‍ാട്ടക്കുന്ന് വാർഡിൽ എൽഡിഎഫിലെ ബിജീഷ് കണ്ണൻ 419 വേ‍ാട്ടിന്റെയും ഭൂരിപക്ഷത്തിൽ ജയിച്ചു.

∙ ആലപ്പുഴ

ജില്ലയിൽ മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി എം.വി.സുനിൽകുമാർ 134 വോട്ടിന് ജയിച്ചു. കോൺഗ്രസ് അംഗം മരിച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

Koduvally LDF
കൊടുവള്ളി നഗരസഭ വാരിക്കുഴിത്താഴം ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി കെ.സി.സോജിത്.

∙ കോഴിക്കോട്

ജില്ലയിൽ കൊടുവള്ളി നഗരസഭ വാരിക്കുഴിത്താഴം ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഎം സ്ഥാനാർഥി കെ.സി.സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. നേരത്തേ 340 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എൽഡിഎഫിന്.

∙ മലപ്പുറം

ജില്ലയിൽ 3 പഞ്ചായത്ത് വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഓരോ സീറ്റുകൾ യുഡിഎഫും എൽഡിഎഫും പിടിച്ചെടുത്തു. ഒരു സീറ്റ് യുഡിഎഫ് നിലനിർത്തി. ആലങ്കോട് പഞ്ചായത്തിലെ ഉദിനുപറമ്പിൽ യുഡിഎഫ് സ്ഥാനാര്‍ഥി ശശി പൂക്കെപ്പുറത്ത്, വള്ളിക്കുന്ന് പഞ്ചായത്തിലെ പരുത്തിക്കാടില്‍ എൽഡിഎഫ് സ്ഥാനാര്‍ഥി പി.എം.രാധാകൃഷ്ണൻ എന്നിവരാണ് സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്തത്. ശശിക്ക് 215, രാധാകൃഷ്ണന് 280 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. കണ്ണമംഗലം പഞ്ചായത്തിലെ വാളക്കുട വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സി.കെ.അഹമ്മദ് (ബാപ്പു) 273 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തി.

∙ തിരുവനന്തപുരം

ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നാലു പഞ്ചായത്ത് വാർഡുകളിൽ എൽഡിഎഫിനും യുഡിഎഫിനും രണ്ടു വീതം സീറ്റുകളിൽ ജയം. ഒരു സീറ്റ് സിപിഎമ്മിൽനിന്നു കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. മറ്റുള്ളവയിൽ രണ്ടു സീറ്റുകൾ എൽഡിഎഫും ഒന്ന് യുഡിഎഫും നിലനിർത്തി. പൂവാർ പഞ്ചായത്തിലെ അരശുംമൂട് വാർഡാണ് എൽഡിഎഫിൽനിന്നു യുഡിഎഫ് പിടിച്ചെടുത്തത്. കോൺഗ്രസിലെ വി.എസ്.ഷിനു 31 വോട്ടുകളുടെ ഭൂരിപക്ഷം നേടി. എൽഡിഎഫ് അംഗമായിരുന്ന കെ.ബാഹുലേയന്റെ നിര്യാണത്തെ തുടർന്നാണ് അരശുംമൂട് വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.

ldf-udf-bjp

നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്ന് വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ സവാദ് 22 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിപിഎമ്മിലെ എസ്.സഫറുല്ല പീഡനക്കേസിൽ അറസ്റ്റിലായി രാജിവച്ചതിനെ തുടർന്നാണു ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കല്ലറ പഞ്ചായത്തിലെ കൊടിതൂക്കിയകുന്ന് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ മുഹമ്മദ് ഷാ 150 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വാർഡ് അംഗമായിരുന്ന കോൺഗ്രസിലെ ആനാംപച്ച സുരേഷിന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. നെയ്യാറ്റിൻകര അതിയന്നൂർ പഞ്ചായത്തിലെ കണ്ണറവിള വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫിലെ എൻ.വിജയകുമാർ 130 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

∙ വാർഡുകളിലെ ലീഡ് നില ഇങ്ങനെ

ഭരണിക്കാവ് മണക്കാട്–എൽഡിഎഫ്

ഇരിങ്ങാലക്കുട ആനന്ദപുരം–എൽഡിഎഫ്

ക്ലാപ്പന ഈസ്റ്റ്–എൽഡിഎഫ്

എറണാകുളം സൗത്ത് –എൻഡിഎ

കണ്ണൂർ കക്കാട്–യുഡിഎഫ്

പൂവാർ അരശുംമൂട്–യുഡിഎഫ്

അതിയന്നൂർ കണ്ണറവിള–എൽഡിഎഫ്

കല്ലറ കൊടിതൂക്കികുന്ന്–യുഡിഎഫ്

നാവായികുളം മരുതികുന്ന്–എല്‍ഡിഎഫ്

ശൂരനാട് സൗത്ത് സംഗമം– എൽഡിഎഫ്

ആര്യങ്കാവ് കഴുതുരുട്ടി–എൽഡിഎഫ്

വെളിയം കളപ്പില– എൽഡിഎഫ്

പെരിനാട് നാന്തിരിക്കൽ– എൽഡിഎഫ്

വെളിനല്ലൂർ മുളയറച്ചാൽ– യുഡിഎഫ്

കൊറ്റനാട് വൃന്ദാവനം– എൽഡിഎഫ്

റാന്നി ഈട്ടിച്ചുവട്–സ്വതന്ത്രൻ

കോന്നി ചിറ്റൂർ–യുഡിഎഫ്

മണ്ണൻചേരി പെരുന്തുരുത്ത്–യുഡിഎഫ്

ഇടമലക്കുടി ആണ്ടവൻകുടി–എൻഡിഎ

ഉടുമ്പന്നൂർ വെള്ളന്താനം–എൽഡിഎഫ്

അയ്യപ്പൻകോവിൽ ചേമ്പളം–എൽഡിഎഫ്

കുന്നത്തുനാട് വെമ്പിളി–എൽഡിഎഫ്

വാരപ്പെട്ടി മൈലൂർ–യുഡിഎഫ്

നെടുമ്പാശേരി അത്താണി ടൗൺ–യുഡിഎഫ്

തൃക്കൂർ ആലേങ്ങാട്–എൽഡിഎഫ്

മുരിയാട് തുറവൻകോട്–എല്‍ഡിഎഫ്

വെള്ളങ്ങല്ലൂർ വെളയനാട്–യുഡിഎഫ്

കുഴൂർ–യുഡിഎഫ്

പല്ലശന കൂടല്ലൂർ–എൽഡിഎഫ്

കണ്ണമംഗലം വാളക്കുട–യുഡിഎഫ്

വള്ളിക്കുന്ന് പരുത്തിക്കാട്–എല്‍ഡിഎഫ്

ആലംകോട് ഉദിനുപറമ്പ്–യുഡിഎഫ്

കുറുമാത്തൂർ പുല്ലാഞ്ഞിയോട്–എൽഡിഎഫ്

മുഴുപ്പിലങ്ങാട് തെക്കേക്കുന്നുമ്പ്രം–എൽഡിഎഫ്

മാങ്ങാട്ടിടം നീർവേലി–എൻഡിഎ

ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ അമ്പലം വാർഡ്–എൻഡിഎ

തൃപ്പൂണിത്തുറ പിഷാരികോവിൽ–എൻഡിഎ

തൃപ്പൂണിത്തുറ ഇളമനത്തോപ്പ്–എൻഡിഎ

വടക്കൻചേരി ഒന്നാംകല്ല്–എൽഡിഎഫ്

ചെറുപ്പളശ്ശേരി കോട്ടക്കുന്ന്–എൽഡിഎഫ്

കൊടുവള്ളി വാരിക്കുഴിത്താരം–എൽഡിഎഫ്

പയ്യന്നൂർ മുതിലയം–എൽഡിഎഫ്.

English Summary: Kerala Local Body Election results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS