ADVERTISEMENT

കൊച്ചി∙ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാന തലത്തിൽ നേട്ടമുണ്ടാക്കാനായെങ്കിലും തൃപ്പൂണിത്തുറ നഗരസഭയിൽ രണ്ടു സിറ്റിങ് സീറ്റുകൾ നഷ്ടമായതിന്റെ ഞെട്ടലിലാണ് എൽഡിഎഫ് ജില്ലാ നേതൃത്വം. മുന്നണിക്കു കേവല ഭൂരിപക്ഷം നഷ്ടമായതും ഭരണകക്ഷിയുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. സമീപ മണ്ഡലമായ തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കെ തൃപ്പൂണിത്തുറയിലെ തോൽവി തിരിച്ചടിയായാണ് വിലയിരുത്തൽ. കോർപ്പറേഷൻ ഭരണത്തോടുള്ള പ്രതികരണമാണ് തിരഞ്ഞെടുപ്പു ഫലമെന്ന ആരോപണമാണ് ഇതിനകം ഒരു വിഭാഗം ഉയർത്തിയിരിക്കുന്നത്.

ജില്ലയിൽ ഉപതിരഞ്ഞെടുപ്പു നടന്ന ആറിടങ്ങളിൽ മൽസരിച്ച അഞ്ചു വാർഡുകളിൽ മൂന്നിടത്തും നേട്ടമുണ്ടാക്കാനായത് ബിജെപി ഉയർത്തിക്കാട്ടുന്നുണ്ട്. ജില്ലയിൽ ബിജെപിയുണ്ടാക്കിയ നേട്ടം തൃക്കാക്കരയിലും പ്രതിഫലിക്കുമെന്ന പ്രഖ്യാപനവുമായി ഇതിനകം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തി. ഇടമലക്കുടിയിൽ പോലും വിജയമുണ്ടാക്കിയത് ബിജെപിക്ക് ആദിവാസികൾ ഉൾപ്പടെയുള്ള വിഭാഗങ്ങളുടെ പിന്തുണ വർധിക്കുന്നതിനാലാണ് എന്നാണ് സുരേന്ദ്രന്റെ അവകാശവാദം. തൃപ്പൂണിത്തുറയിലെ രണ്ടു വാർഡുകളിലും വോട്ടു വിഹിതം ഉയർത്താൻ ബിജെപിക്കു സാധിച്ചത് പ്രദേശത്ത് പാർട്ടിയുടെ സ്വാധീനം വർധിക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

തൃപ്പൂണിത്തുറയിൽ 49 അംഗ നഗരസഭയിൽ 25 അംഗങ്ങളുടെ പിന്തുണ വേണം എൽഡിഎഫിന് കേവല ഭൂരിപക്ഷത്തിന് എന്നിരിക്കെയാണ് രണ്ട് സിറ്റിങ് സീറ്റുകൾ നഷ്ടമായത്. ഇനി കേവല ഭൂരിപക്ഷത്തിലെത്താൻ എൽഡിഎഫിന് ഒരു സ്വതന്ത്രന്റെ മാത്രം പിന്തുണ മതിയാവില്ല. പകരം ബിജെപി പിന്തുണ തേടുകയോ യുഡിഎഫ് പിന്തുണയ്ക്കുകയോ വേണ്ടിവരും. ബിജെപിയുമായി ഒരു ബന്ധത്തിനു കോൺഗ്രസ് മുതിരാത്തിടത്തോളം അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം വരാനുള്ള സാധ്യത കുറവാണ് എന്നതു മാത്രമാണ് ഇടതു മുന്നണിക്ക് ആശ്വാസം.

അതേസമയം, നിർണായക തീരുമാനങ്ങളെടുക്കുമ്പോൾ എതിരാളികൾ ഒരുമിക്കുന്ന സാഹചര്യമുണ്ടായാൽ ബില്ലുകൾ പാസാക്കാൻ എൽഡിഎഫിനു വിയർക്കേണ്ടി വരും എന്നതാണ് ആശങ്ക. നിലവിൽ എൽഡിഎഫിന് 23ഉം എൻഡിഎയ്ക്ക് 17ഉം യുഡിഎഫിന് എട്ടും അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്.

Tripunithura BJP
തൃപ്പൂണിത്തുറ നഗരസഭയിലെ വിജയത്തിൽ ആഘോഷിക്കുന്ന ബിജെപി പ്രവർത്തകർ

തൃപ്പൂണിത്തുറയിൽ ബിജെപി രണ്ടു സീറ്റുകൾ പിടിച്ചെടുത്തെന്ന അവകാശവാദം ഉയർത്തുമ്പോഴും നേരത്തെ എൻഡിഎയുടെ കൈവശമുണ്ടായിരുന്നതാണ് 11 –ാം വാർ‍ഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വള്ളി രവിയിൽ നിന്ന് എൽഡിഎഫിന്റെ കെ.ടി. സൈഗാൾ ഇതു പിടിച്ചെടുക്കുകയായിരുന്നു. അവരുടെ മരണത്തോടെ അതു തിരിച്ചുപിടിക്കുകയാണ് ബിജെപി ചെയ്തിരിക്കുന്നത് എന്നതു മാത്രമാണ് ഇടതു പാളയത്തിന്റെ ആശ്വാസം. 46-ാം വാർഡ് കൗൺസിലറായിരുന്ന രാജമ്മ മോഹനന്റെയും ഇളമനത്തോപ്പ് വാർഡ് അംഗമായിരുന്ന കെ.ടി. സൈഗാളിന്റെയും മരണത്തെ തുടർന്നായിരുന്നു രണ്ടിടത്തും ഉപതിരഞ്ഞെടുപ്പു വന്നത്.

English Summary: Kerala local body bypoll: BJP strikes in Ernakulam, LDF in crisis in Thrippunithura

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com