ചൈനയിൽ 132 പേർ മരിച്ച അപകടം; വിമാനം പൈലറ്റുമാർ ബോധപൂർവം തകർത്തതെന്ന് സൂചന

1248-boeing-737-800
ബോയിങ് 737–800 വിമാനം തകർന്ന് വീഴുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യം
SHARE

ബെയ്ജിങ് ∙ ചൈനയിൽ യാത്രാവിമാനം തകർന്നുവീണ് 132 പേർ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ലെന്നും വിമാനാപകടം ബോധപൂർവം ഉണ്ടാക്കിയതാകാമെന്നുമാണ് റിപ്പോർട്ട്. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് വിവരങ്ങൾ വിശകലനം ചെയ്ത യുഎസ് ഉദ്യോഗസ്ഥരുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. വിമാനത്തിന്റെ കോ‌ക്‌പിറ്റിലുണ്ടായിരുന്ന ആരോ മനപ്പൂർവം വിമാനം തകർത്തുവെന്നാണ് സൂചനകൾ. പൈലറ്റുമാരുടെ പങ്കും സംശയനിഴലിലാണ്. ചൈനയിലെ ഈസ്റ്റേൺ എയർലൈൻസ് കമ്പനിയുടെ ബോയിങ് 737–800 വിമാനമാണു തകർന്നത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 123 യാത്രക്കാരും 9 ജീവനക്കാരും അടക്കം 132 പേരും കൊല്ലപ്പെട്ടിരുന്നു.

ചൈനയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ യുനാന്റെ തലസ്ഥാനമായ കുൻമിങ്ങിൽനിന്ന് ഹോങ്കോങ്ങിനടത്തുള്ള ഗ്വാങ്ചൗ നഗരത്തിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. 2022 മാർച്ച് 21 ഉച്ചയ്ക്ക് 1.11ന് കുൻമിങ്ങിൽനിന്നു പുറപ്പെട്ട വിമാനം 3.05 ന് ഗ്വാങ്ചൗവിൽ ഇറണ്ടേണ്ടതായിരുന്നു. വുഷു എന്ന നഗരത്തിനു മുകളിൽ പറക്കുമ്പോഴാണ് വിമാനവുമായുള്ള ബന്ധമറ്റത്. 29,100 അടി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന വിമാനം രണ്ടര മിനിറ്റിനുള്ളിൽ 3225 അടിയിലേക്കു താഴ്ന്നതായി വിമാനങ്ങളുടെ യാത്രാഗതി നിരീക്ഷിക്കുന്ന ഫ്ലൈറ്റ് റഡാർ24 രേഖപ്പെടുത്തിയിരുന്നു. വുഷുവിലെ കാലാവസ്ഥ സാധാരണമായിരുന്നു. ആറു വർഷം പഴക്കമുള്ള വിമാനമാണ് തകർന്നത്. പറന്നിരുന്ന ഉയരത്തിൽ നിന്ന് പെട്ടെന്ന് ചരിഞ്ഞ് മൂക്കുകുത്തി താഴേക്കു പതിക്കുകയായിരുന്നു.

അപകടത്തിനു തൊട്ടുമുൻപ് എയർ ട്രാഫിക് കൺട്രോൾ റൂമുകളിൽനിന്നും ആവർത്തിച്ചുള്ള കോളുകളോട് പൈലറ്റുമാർ പ്രതികരിച്ചില്ലെന്നും വിമാനാപകടം ബോധപൂർവമാണോയെന്നു പരിശോധിക്കുകയാണെന്നും ചൈനീസ് അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ചൈനയിലെ ഏറ്റവും വലിയ വ്യോമയാന കമ്പനിയാണ് ഈസ്റ്റേൺ എയർലൈൻസ്. ലോകത്ത് ഏറ്റവും കൂടുതൽ വ്യോമയാന സുരക്ഷയുള്ള രാജ്യങ്ങളിലൊന്നാണു ചൈന. 1994ൽ 160 പേർ കൊല്ലപ്പെട്ടതാണ് ചൈനയിലെ ഏറ്റവും വലിയ വിമാനാപകടം. 2010 ൽ 44 പേർ കൊല്ലപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ വലിയ അപകടം. എന്നാൽ പുതിയ വെളിപ്പെടുത്തലുകളോട് ഈസ്റ്റേൺ എയർലൈൻസോ ചൈനീസ് എംബസിയോ പ്രതികരിക്കാൻ തയാറായില്ല.

English Summary: Someone in cockpit’ behind China Eastern plane crash: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA