ADVERTISEMENT

കൊച്ചി ∙ തമിഴ് സംഘം തട്ടിയെടുത്ത 11 മത്സ്യത്തൊഴിലാളികൾ അടങ്ങിയ ബോട്ട് തീരദേശ പൊലീസ് സേന മോചിപ്പിച്ചു. വൈപ്പിൻ കാളമുക്കിൽനിന്നു പുറപ്പെട്ട മത്സ്യബന്ധന ബോട്ടാണ് ഈ മാസം 12ന് രാത്രി 11.30ന് കൊച്ചി ഉൾക്കടലിൽവച്ച് ഫൈബർ ബോട്ടിലെത്തിയ തമിഴ് സംഘം തട്ടിയെടുത്തത്. തുടർന്ന് കോസ്റ്റൽ പൊലീസ് സംഘത്തിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട് തേങ്ങാപ്പട്ടണത്തുനിന്നും ബോട്ട് തിരിച്ചെത്തിക്കുകയായിരുന്നു.

ബോട്ടിൽ നിന്നു പ്രൊപ്പല്ലർ, ജിപിഎസ് വയർലെസ് സെറ്റ്, സീഫോൺ, ഫോൺ എക്കോ സൗണ്ടർ തുടങ്ങിയവ നീക്കം ചെയ്തിട്ടുണ്ട്. ബോട്ടിന്റെ പ്രൊപ്പല്ലർ കണ്ടെത്തിയ ശേഷമാണു തിരികെ പുറപ്പെടാൻ സാധിച്ചത്. തട്ടിക്കൊണ്ടു പോകലിനു നേതൃത്വം നൽകിയ തമിഴ്നാട് സ്വദേശി അരുൾ രാജിനെയും സംഘത്തെയും ഉടനെ അറസ്റ്റ് ചെയ്യുമെന്ന് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് പറഞ്ഞു.

മത്സ്യബന്ധനത്തിനുശേഷം കൊച്ചി തീരത്തിനു ഏഴു നോട്ടിക്കൽ മൈൽ ഉൾക്കടലിൽ വിശ്രമിക്കുമ്പോഴാണു തൊഴിലാളികളെ ഭീഷണിപ്പെടുത്തി ബോട്ടുമായി കടന്നത്. തമിഴ്നാട് പുതുക്കടൈ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബോട്ട് ഉണ്ടെന്നു കണ്ടെത്തിയതോടെ ഇതു വീണ്ടെടുക്കുന്നതിനായി കോസ്റ്റൽ ഐജി പി.വിജയൻ നിർദേശിക്കുകയായിരുന്നു. ഫോർട്ട് കൊച്ചി കോസ്റ്റൽ ഇൻസ്പെക്ടർ ബി.സുനുകുമാർ, എസ്.ഐമാരായ സംഗീത് ജോബ്, സന്തോഷ്‌ കുമാർ, എഎസ്ഐ സന്തോഷ്‌ കുമാർ, സിപിഒമാരായ അഫ്ഷാർ, വിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പുറപ്പെട്ടു.

രാത്രി 12 മണിക്കു തേങ്ങാപ്പട്ടണത്തു എത്തിയ സംഘം ബോട്ട് വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും അരുൾ രാജിന്റെ ബന്ധുക്കളടങ്ങിയ സംഘം എതിർപ്പുമായി രംഗത്തെത്തി. ഇവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി ബലമായി ബോട്ടുമായി മടങ്ങുകയായിരുന്നു. ബുധനാഴ്ച രാവിലെ മുരിക്കിൻ പാടത്തുള്ള മിനി ഹാർബറിൽ ബോട്ട് എത്തിച്ചു.

English Summary: The boat hijacked by the Tamil gang was released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com