ADVERTISEMENT

‌വാരാണസി∙ ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി. അതുവരെ കേസുമായി ബന്ധപ്പെട്ട് വാരാണസി കോടതിയിലെ നടപടികൾ നിർത്തിവയ്ക്കുമെന്നും സുപ്രിം കോടതി അറിയിച്ചു. ഇതിനിടെ, ഇന്നു രാവിലെ വിഡിയോ സർവേ റിപ്പോർട്ട് വരാണസി കോടതിയിൽ സമർപ്പിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോർട്ടുകൾ സമർപ്പിച്ചതെന്ന് കോടതി നിയമിച്ച കമ്മിഷണർ വിശാൽ സിങ് അറിയിച്ചു.

പള്ളിയിലെ കുളത്തിൽ ശിവലിംഗം കണ്ടെത്തിയെന്ന് വിഡിയോ ചിത്രീകരണ സമയത്തു കൂടെയുണ്ടായിരുന്ന അഭിഭാഷകൻ അവകാശപ്പെട്ടു. ശിവലിംഗം കണ്ടെത്തിയെന്നു പറയുന്ന സ്ഥലം സംരക്ഷിക്കണമെന്നും എന്നാൽ വിശ്വാസികളുടെ പ്രാർഥന മുടക്കാൻ പാടില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അഭിഭാഷക കമ്മിഷണർ അജയ് പ്രതാപ് സിങ്ങിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പും ചിത്രീകരണവും നടത്തിയത്.

വലിയ ഉത്തരവാദിത്തമാണ് കോടതി തങ്ങളെ ഏൽപ്പിച്ചതെന്ന് അജയ് പ്രതാപ് പറഞ്ഞു. സത്യസന്ധമായാണ് സർവേ സംഘടിപ്പിച്ചത്. എല്ലാ പാർട്ടി പ്രതിനിധികളെയും പരാതിക്കാരെയും പള്ളി അധികൃതരെയും സർവേ നടപടികളിൽ പങ്കെടുപ്പിച്ചിരുന്നു. അതിനാൽ ചോദ്യങ്ങൾ ഉയരേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാൻവാപി പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ മതിലിനോടു ചേർന്നുള്ള ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യാരാധന അനുവദിക്കണമെന്ന് അഞ്ച് ഹിന്ദു വനിതകളാണ് ഹർജി നൽകിയത്. കോടതി ഉത്തരവുപ്രകാരം നടന്ന സർവേയിൽ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദം വന്നതോടെയാണ് സ്ഥലം സീൽ ചെയ്യാനും ഇവിടേക്ക് ആളുകളെ കടത്തിവിടുന്നതു തടയാനും വാരാണസി കോടതി ഉത്തരവിട്ടത്.

English Summary: Gyanvapi Mosque Video Survey Report Submitted 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com