ന്യൂഡൽഹി∙ അസമിലെ ബ്രഹ്മപുത്ര നദിയുടെ അടിയിൽക്കൂടി തുരങ്കപാത നിർമിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. വെള്ളത്തിനടിയിലൂടെയുള്ള രാജ്യത്തെ ആദ്യ തുരങ്കപാതയ്ക്ക് ഏകദേശം 7000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. റോഡ് – റെയിൽ തുരങ്കപാതയാണിത്. അസമിനെയും അരുണാചൽ പ്രദേശിനെയും ബന്ധിപ്പിച്ച് പ്രത്യേക തുരങ്കം നിർമിക്കാനാണ് പദ്ധതി. ബോർഡർ റോഡ് ഓർഗനൈസേഷനാണ് നിർമാണച്ചുമതലയെന്ന് റെയിൽവേ, ഗതാഗത മന്ത്രാലയങ്ങൾ അറിയിച്ചു.
മൂന്നു തുരങ്കങ്ങളാണ് പദ്ധതിയിൽപ്പെടുത്തി നിർമിക്കുക. ഒരെണ്ണം റോഡിനായും മറ്റൊരെണ്ണം റെയിൽവേയ്ക്കായും മൂന്നാമത്തേത് അത്യാവശ്യ സന്ദർഭങ്ങൾക്കുവേണ്ടിയുമാണ് ഉപയോഗിക്കുക. അവ തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യും. എല്ലാ തുരങ്കങ്ങൾക്കും 9.8 കി.മീ നീളമുണ്ടാകും. അസം, അരുണാചൽപ്രദേശ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ജമുറിഹത് – സിൽഘട്ട് വഴിയാണ് റെയിൽവേ തുരങ്കവും റോഡും തമ്മിൽ ബന്ധിപ്പിക്കുക.
നിലവിലുള്ള കലിയഭോമോറ (തേജ്പുർ) റോഡിൽനിന്ന് 9 കി.മീ മുകളിൽനിന്നായിരിക്കും തുരങ്കം ആരംഭിക്കുക. സൈനിക ആവശ്യത്തിനും സിവിലിയൻ ആവശ്യത്തിനും തുരങ്കം ഉപയോഗിക്കാം. ബ്രഹ്മപുത്രയുടെ വടക്കൻ കരയിലെ ധാലിയാബിൽ റെയിൽവേ സ്റ്റേഷനും തെക്കൻ കരയിലെ ജാഖ്ലബന്ധ റെയിൽവേ സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്ന മാർഗമുണ്ടാകും.
രണ്ടര വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ തുരങ്കം വരുന്നതോടെ അസം – അരുണാചൽ പ്രദേശ് യാത്രാ സമയം ഗണ്യമായി കുറയ്ക്കും. നിലവിൽ ബ്രഹ്മപുത്ര നദിയിൽ അഞ്ച് പാലങ്ങൾ നിർമിച്ചിട്ടുണ്ട്.
English Summary: India is planning to build its first underwater road-cum-rail tunnels across the Brahmaputra