ADVERTISEMENT

കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച സംഭവത്തിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ എടുത്ത കേസ് കോടതിയിൽ നിലനിൽക്കുന്നതാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമാണു കേസെടുത്തതെന്നും ഇതുവരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നു കേസുകൾ എടുത്തിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു.

‘മുഖ്യമന്ത്രി ചങ്ങല പൊട്ടിയ നായയെ പോലെയാണ് തൃക്കാക്കരയിൽ ഓടി നടക്കുന്നത്’ എന്നായിരുന്നു കെ.സുധാകരന്റെ അധിക്ഷേപം. ഇതിനെതിരെ സിപിഎം പ്രവർത്തകൻ നൽകിയ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. കലാപമുണ്ടാക്കാൻ പ്രകോപനം സൃഷ്ടിച്ചെന്ന് കാട്ടി ഐപിസി 153-ാം വകുപ്പു പ്രകാരമാണു കേസ്. പരാമർശം വിവാദമായതിനു പിന്നാലെ, അത് വടക്കൻ മലബാറിലെ നാടൻ പ്രയോഗമാണെന്നും വേദനിച്ചെങ്കിൽ പിൻവലിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

സുധാകരനെതിരായ പൊലീസ് കേസ് കോടതി വരാന്തയില്‍ പോലും നില്‍ക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പരിഹസിച്ചിരുന്നു. കേസെടുത്ത നടപടി അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും സതീശൻ പറഞ്ഞു. അതേസമയം, സുധാകരൻ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത് കേരളത്തെ അധിക്ഷേപിച്ചതിനു തുല്യമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ കുറ്റപ്പെടുത്തി.

English Summary: Kochi City Police Commissioner on Police case against K Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com