ADVERTISEMENT

കാബൂൾ ∙ പെൺകുട്ടികള്‍ക്കു ഹൈസ്കൂള്‍ വിദ്യാഭ്യാസം അനുവദിക്കുമെന്ന ‘വാഗ്ദാനം’ ആവർത്തിച്ച് താലിബാൻ. ‘ശുഭ വാർത്ത ഉടനുണ്ടാകും’ എന്നാണ് താലിബാന്റെ ആക്ടിങ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖ്ഖാനി പറഞ്ഞത്. എന്നാൽ ‘അനുസരണംകെട്ട പെണ്ണുങ്ങൾ’ വീട്ടിൽത്തന്നെ തുടരുമെന്നും ഹഖ്ഖാനി കൂട്ടിച്ചേർത്തു. രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹഖ്ഖാനി.

താലിബാനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ വീട്ടിൽത്തന്നെ തളച്ചിടുമെന്നാണ് ഹഖ്ഖാനി പറഞ്ഞത്. പെൺകുട്ടികളെ സ്കൂളിൽ വിടാൻ അനുവദിക്കുമെന്നു നിരവധി തവണ പറഞ്ഞെങ്കിലും മാർച്ചിൽ ആ തീരുമാനത്തിൽനിന്ന് താലിബാന്‍ പിന്നോട്ടുപോയിരുന്നു.

താലിബാൻ ഭരണത്തെ പേടിച്ചു വീടിനു പുറത്തിറങ്ങാൻ മടിക്കുന്ന സ്ത്രീകളെക്കുറിച്ചു ചോദിച്ചപ്പോഴാണ് ‘അനുസരണംകെട്ട പെണ്ണുങ്ങളെ ഞങ്ങൾ വീട്ടിൽത്തന്നെ താമസിപ്പിക്കും’ എന്ന് ഹഖ്ഖാനി മറുപടി പറഞ്ഞത്. അനുസരണംകെട്ട പെണ്ണുങ്ങൾ എന്ന തമാശ കൊണ്ട് ഉദ്ദേശിച്ചത് നിലവിലെ സർക്കാരിനെ അട്ടിമറിക്കാൻ മറ്റു കേന്ദ്രങ്ങളുമായി ചേർന്നു പ്രവർത്തിച്ചവർ എന്നാണെന്നും ഹഖ്ഖാനി പിന്നീട് വിശദീകരിച്ചു.

‘നിലവിൽ ആറാം ഗ്രേഡ് വരെ പെൺകുട്ടികൾക്കു പഠിക്കാം. അതിനു മുകളിലെ കാര്യത്തിൽ തീരുമാനം ആകുന്നതേയുള്ളൂ. ഉടൻതന്നെ ശുഭവാർത്ത കേൾക്കാനാകും’ – പ്രത്യേക സമയക്രമം പറയാതെ ഹഖ്ഖാനി വ്യക്തമാക്കി.

എഫ്ബിഐയുടെ പട്ടികയിൽപ്പെട്ട കുറ്റവാളിയാണ് സിറാജുദ്ദീൻ ഹഖ്ഖാനി. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ആഗോള തീവ്രവാദിയായി മുദ്ര ചെയ്ത ഹഖ്ഖാനിയുടെ തലയ്ക്ക് 10 മില്യൻ യുഎസ് ഡോളറാണ് വിലയിട്ടിരിക്കുന്നത്.

English Summary: We keep naughty women at home, say Taliban as they promise 'good news soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com