ADVERTISEMENT

കൊച്ചി∙ മഴക്കാലത്തിനു മുന്നോടിയായി വിവിധ വകുപ്പുകള‍ുടെ മൺസൂൺ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കൊച്ചി താലൂക്കിൽ നാളെ മോക്ഡ്രിൽ നടക്കാനിരിക്കെ കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും പ്രകൃതിയുടെ ‘റിയൽ ഡ്രിൽ’. മഴക്കാലത്തെ വരവേൽക്കാൻ ആവശ്യമായ ഒന്നും ചെയ്തിട്ടില്ലെന്നതിന്റെ നേർസാക്ഷ്യമായി വെള്ളം കെട്ടിക്കിടക്കുന്ന റോഡുകളും തോടുകളും.

മൺസൂൺ വരുന്നതിനു മുന്‍പുതന്നെ ഒരു രാത്രി മഴ നിന്നു പെയ്തതോടെ കൊച്ചി നഗരത്തിൽ പല സ്ഥലങ്ങളിലും വെള്ളം കയറി. നഗരത്തിൽ ഉദയ കോളനിയിലും കളമശേരിയിൽ ചങ്ങമ്പുഴ നഗർ ഉൾപ്പടെയുള്ള സ്ഥലങ്ങളിലും വീടുകളിൽ വെള്ളം കയറി ജനജീവിതം ദുസ്സഹമായി.

ഒരാഴ്ചയായി കൊച്ചിയിൽ ചെറിയ ഇടവേളകളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. ഇതോടെ നഗരത്തിലെ ഇടറോഡുകളിൽ വെള്ളക്കെട്ടു രൂക്ഷമായിരുന്നു. എംജി റോഡിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും പിആൻഡ്ടി കോളനി, ജേണലിസ്റ്റ് കോളനി, ഉദയ കോളനി, പനമ്പള്ളി നഗർ, എറണാകുളം സൗത്ത്, ഇടപ്പള്ളി എന്നിവിടങ്ങളിലെല്ലാം വെള്ളം നിറഞ്ഞു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ജലനിരപ്പ് ഉയർന്നതോടെ യാത്രക്കാരും കടുത്ത ദുരിതത്തിലായി.

kochi-rain-havoc-02
പശ്ചിമ കൊച്ചിയിലെ പോസ്റ്റ് ഓഫിസ് റോഡിൽ കനത്ത മഴയെത്തുടർന്ന് വെള്ളം കയറിയപ്പോൾ

കളമശേരി ചങ്ങമ്പുഴ നഗറിൽ വെള്ളം കയറിയതോടെ പ്രദേശത്തുനിന്ന് അടിയന്തര സഹായം ആവശ്യമുള്ള കിടപ്പു രോഗികളെയും ഹൃദ്രോഗികളെയും ഉൾപ്പെടെ സ്ഥലത്തുനിന്നു മാറ്റിപ്പാർപ്പിച്ചു. ഫയർഫോഴ്സ് സംഘം എത്തിയാണ് ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചത്.

തോടുകൾ കയ്യേറി കെട്ടിടങ്ങൾ നിർമിച്ചതും മാലിന്യങ്ങൾ കെട്ടിനിൽക്കുന്നതുമാണ് പ്രദേശത്തെ വെള്ളക്കെട്ടിനു കാരണമെന്നു പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും വെള്ളം കയറാത്ത സ്ഥലങ്ങളിലും രണ്ടു ദിവസത്തെ മഴയിൽ വെള്ളം കയറിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

kochi-rain-havoc-03
കലൂർ ലിങ്ക് റോഡിലെ വെള്ളക്കെട്ട്. ചിത്രം: ജോസ്‌കുട്ടി പനയ്‌ക്കൽ ∙ മനോരമ

വീടുകളിൽനിന്നു സെപ്റ്റിക് ടാങ്ക് മാലിന്യം വരെ തോടുകളിലേയ്ക്കു തുറന്നു വിടുന്നത് ശുചീകരണ പ്രക്രിയകൾക്കു തടസ്സമാകുന്നുണ്ട്. മുട്ടാർ പുഴയിലും പെരിയാറിലും പ്രളയകാലത്തെ ചെളിയും മണലും കെട്ടിക്കിടക്കുന്നത് വെള്ളം ഒഴുകിയെത്തുന്നതിനു തടസ്സമാകുന്നു. ഇതു നീക്കുന്നതിനു മൂന്നു കോടി രൂപയുടെ എസ്റ്റിമേറ്റ് ജലസേചന വകുപ്പു സർക്കാരിനു കൈമാറിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

ഓപ്പറേഷൻ വാഹിനി എന്ന പേരിൽ പുഴ ശുചീകരണ പദ്ധതി പ്രഖ്യാപിച്ചെങ്കിലും അതും പ്രായോഗിക തലത്തിലെത്തിയില്ല. തോടുകളിലെ വെള്ളം പുഴകൾക്ക് സ്വീകരിക്കാനാകാത്തതാണ് കളമശേരി ഭാഗത്ത് ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിനു കാരണമായതെന്നും ഇവിടുത്തുകാർ പറയുന്നു.

kochi-rain-havoc-04
തോപ്പുംപടിയിൽനിന്നുള്ള കാഴ്ച

ഇടപ്പള്ളി തോടിന്റെ ശുചീകരണം നടക്കാത്തതും പുതിയ ഹൈവേ പണിതപ്പോൾ പഴയ ഹൈവേയുടെ പാലം പൊളിച്ചു കളയാതെ മുകളിൽ പണിതത് വെള്ളത്തിന്റെ സുഗമമായ ഒഴുക്കു തടസ്സപ്പെടുത്തുന്നുണ്ട്. ഈ പാലം ഇടപ്പള്ളി തോടിനെ രണ്ടായി തിരിച്ചിട്ടുണ്ട്. ഒരു ഭാഗം ചിത്രപുഴയിലേയ്ക്കും ഒരു ഭാഗം മുട്ടാർ പുഴയിലേയ്ക്കും പോകണം. ഇതിനു സുഗമമായി ഒഴുകാൻ സാധിക്കാത്തതു പ്രദേശത്ത് വെള്ളം കെട്ടിനിൽക്കുന്നതിനു കാരണമായിട്ടുണ്ട്.

ഇടപ്പള്ളി തോട്ടിലെ കയ്യറ്റം നിയന്ത്രിക്കാതിരുന്നതും ജലത്തിന്റെ ഒഴുക്കു തടയുന്നു. ഇടപ്പള്ളി തോട് ജലസേചന വകുപ്പിന്റെ കീഴിൽ ആയതിനാൽ നഗരസഭകൾക്ക് വൻ തുക മുടക്കി ഇതിന്റെ ശുചീകരണം സാധിക്കത്ത സാഹചര്യവുമുണ്ട്. മെട്രോ നിർമാണത്തിനായി ഫുട്പാത്ത് പണിതതിലെ അപകാതകളും വെള്ളക്കെട്ടിനു കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

kochi-rain-havoc-05
കൊച്ചി വസന്ത് നഗറിൽ വെള്ളം കയറിയപ്പോൾ. ചിത്രം: ജോസ്‌കുട്ടി പനയ്‌ക്കൽ ∙ മനോരമ

English Summary: Rain Havoc in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com