ADVERTISEMENT

തിരുവനന്തപുരം∙ വെമ്പായത്ത് വിവാഹ വീട്ടിലെ ടെറസിൽനിന്നു വീണു യുവാവു മരിച്ച സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. വധുവിന്റെ സഹോദരൻ അണ്ണൽ വിഷ്ണു ഭവനിൽ വിഷ്ണു (30), സുഹൃത്തുക്കളായ വെൺപാലവട്ടം ഈറോഡ് കളത്തിൽ വീട്ടിൽ ശരത് കുമാർ (25), വെൺപാലവട്ടം കുന്നിൽ വീട്ടിൽ നിതീഷ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കോലിയക്കോട് കീഴാമലയ്ക്കൽ സ്വദേശി ഷിബു (32) ആണു മരിച്ചത്. സഹോദരിയുടെ വിവാഹം തടസമില്ലാതെ നടത്തുന്നതിനായി വിഷ്ണുവും കൂട്ടുകാരും ചികിൽസ ലഭ്യമാക്കാതെ ഷിബുവിനെ വീട്ടിൽ ഉപേക്ഷിച്ചതിനെ തുടർന്നാണു മരണം സംഭവിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. യുവാവ് ടെറസിൽനിന്നു വീഴുന്ന ദൃശ്യങ്ങൾ തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവിയിൽനിന്ന് പൊലീസ് ശേഖരിച്ചിരുന്നു. സുഹൃത്തുക്കളുമായി ടെറസിന്റെ പടികൾ ഇറങ്ങുന്നതിനിടെ ഷിബു മുകളിൽനിന്ന് താഴേക്കു വീഴുന്നതാണു ദൃശ്യങ്ങളിലുള്ളത്. അവശനിലയിലായ ഷിബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും സുഹൃത്തുകൾ ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിച്ചു. പിറ്റേന്ന് ഷിബു രക്തം വാർന്നു മരിച്ചു.

ഷിബുവിനെ ആദ്യം കന്യാകുളങ്ങരയിലെ സർക്കാർ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. സിടി സ്കാനും എക്സ്റേയും എടുക്കാൻ നിർദേശിച്ചെങ്കിലും പരിശോധനയ്ക്കു നിൽക്കാതെ സുഹൃത്തുക്കൾ പുലർച്ചെ മൂന്നു മണിയോടെ വീട്ടിലെത്തിച്ചു. ഷിബുവിനെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കൊണ്ടുപോകുന്നതിനാണ് ഡിസ്ചാർജ് വാങ്ങുന്നതെന്നാണ് മെഡിക്കൽ കോളജിൽ പറഞ്ഞത്. ഇതിനായി വ്യാജപേരുകളാണ് പ്രതികൾ നൽകിയത്.

പ്രായമായ അമ്മൂമ്മ മാത്രമാണ് ഷിബുവിന്റെ വീട്ടിലുണ്ടായിരുന്നത്. കയ്യിലുണ്ടായിരുന്ന ഡ്രിപ്പിന്റെ സൂചിപോലും ഊരിമാറ്റിയിരുന്നില്ലെന്നു ബന്ധുക്കൾ പറയുന്നു. പിറ്റേന്നു രാവിലെ വായിലൂടെയും മൂക്കിലൂടെയും രക്തം വാർന്ന് ഷിബു മരിച്ചു. സുഹൃത്തുക്കളെ ബന്ധപ്പെടാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും ആരെയും ഫോണിൽ ലഭിച്ചില്ല. തുടർന്നാണു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.

പൊലീസ് ചോദ്യം ചെയ്തപ്പോൾ ഷിബു കല്യാണജോലിക്കു വന്നയാളാണെന്നാണ് കസ്റ്റഡിയിലുള്ളവർ ആദ്യം മൊഴി നൽകിയത്. കല്യാണ ചടങ്ങുകളുടെ വിഡിയോ പരിശോധിച്ചപ്പോള്‍ ഷിബു ഇവരുടെ സുഹൃത്താണെന്നു തെളിഞ്ഞു. ടെറസിൽവച്ച് ആറോളംപേർ ചേർന്നു മദ്യപിച്ചതായി പൊലീസിനു അന്വേഷണത്തിൽ വ്യക്തമായി.

English Summary: Three arrested on the death of 32 year old man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com