ADVERTISEMENT

കൊച്ചി∙ ഉപതിരഞ്ഞെടുപ്പു നടക്കുന്ന തൃക്കാക്കരയിൽ വോട്ടെടുപ്പു തീയതി അടുത്തു വരുന്നതിനിടെ പരാതികളും പൊലീസ് കേസുമായി ഭരണപക്ഷവും പ്രതിപക്ഷവും. ഇന്നലെ മാത്രം നേതാക്കളുടെയും പ്രവർത്തകരുടെയും പരാതികളിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി റജിസ്റ്റർ ചെയ്തത് മൂന്നു കേസുകൾ.

മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തപ്പോൾ, കോൺഗ്രസ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷൻ, ജെബി മേത്തർ എന്നിവരുടെ പരാതികളിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലും ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിലും ഓരോ കേസുകൾ റജിസ്റ്റർ ചെയ്തു.

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിനെയും അന്തരിച്ച എംഎൽഎ പി.ടി.തോമസിനെയും അധിക്ഷേപിക്കും വിധം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ ജെബി മേത്തർ എംപി നൽകിയ പരാതിയിലാണ് ഇൻഫോ പാർക്ക് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. സിപിഎം അനുകൂല സംഘടനാ നേതാവും പ്ലാനിങ് ആൻഡ‍് ഇക്കണോമിക് അഫയേഴ്സ് ഡപ്യൂട്ടി സെക്രട്ടറിയുമായ വക്കം സെന്നിനെതിരെയാണ് കേസ്.

‘പണ്ട് ഭർത്താവ് മരിച്ച സ്ത്രീ ചിതയിലേക്ക് എടുത്തു ചാടി സതി അനുഷ്ഠിക്കുമെങ്കിൽ ഇപ്പോൾ ഭർത്താവ് മരിച്ചാൽ മത്സരിക്കാനുള്ള കൊതിയാണ്. യുഡിഎഫ് സ്ഥാനാർഥി തിരഞ്ഞെടുപ്പിലേക്ക് എടുത്തു ചാടുകയായിരുന്നു’ എന്നായിരുന്നു വക്കം സെന്നിന്റെ പോസ്റ്റ്. ഡിജിപിക്കു ലഭിച്ച പരാതി എറണാകുളം സിറ്റി പൊലീസിനു കൈമാറുകയായിരുന്നു. തുടർന്ന് പൊലീസ് ഇന്നലെ ജെബി മേത്തറുടെ മൊഴി രേഖപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്തു.

സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവും യുഡിഎഫ് ജില്ലാ ചെയർമാനുമായ ഡൊമിനിക് പ്രസന്റേഷൻ നൽകിയ പരാതിയിലാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.

English Summary: Thrikkakara Bypoll, Police Cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com