ADVERTISEMENT

തിരുവനന്തപുരം∙ സർക്കാർ അഭിഭാഷകരുടെ വിരമിക്കൽ തീയതിയോ 60 വയസ്സ് പൂർത്തിയാകുന്ന ദിവസമോ അറിയാതെ നിയമ വകുപ്പ്. മൂന്നു വർഷമോ 60 വയസ്സാകുന്നതുവരെയോ ആണ് സർക്കാർ അഭിഭാഷകരുടെ നിയമന കാലാവധി. നിയമവകുപ്പിന്റെ കയ്യിൽ കണക്കുകളില്ലാത്തതിനാൽ കാലാവധി പൂർത്തിയാക്കിയ ശേഷവും പല ജില്ലകളിലും അഭിഭാഷകർ തസ്തികയിൽ തുടരുന്ന സാഹചര്യത്തിൽ, കാലാവധി കഴിഞ്ഞവരുടെ കണക്ക് അടിയന്തരമായി ലഭ്യമാക്കാൻ നിയമ സെക്രട്ടറി ഉത്തരവിറക്കി. ഒരു ലക്ഷം രൂപയ്ക്കു മുകളിലാണ് മിക്ക അഭിഭാഷകരുടെയും ശമ്പളം.

1978 ലെ കേരള ലോ ഓഫിസേഴ്സ് (അപ്പോയിന്റ്മെന്റ് ആൻഡ് കണ്ടീഷൻസ് ഓഫ് സർവീസസ്) ആൻഡ് കണ്ടക്ട് ഓഫ് കേസസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർ, സീനിയർ ഗവൺമെന്റ് പ്ലീഡർ എന്നീ അഭിഭാഷകരെ നിയമിക്കാനുള്ള പാനൽ തയാറാക്കി നൽകുന്നത് അഡ്വക്കറ്റ് ജനറലിന്റെ ഓഫിസിൽനിന്നാണ്. ജില്ലാ കോടതികളിലേക്കും കീഴ്ക്കോടതികളിലേക്കും നിയമിക്കുന്നതിനുള്ള സർക്കാർ അഭിഭാഷകരുടെ പാനൽ തയാറാക്കുന്നത് ജില്ലാ കലക്ടർമാരാണ്. ഓരോ സർക്കാരിന്റെ കാലത്തും രാഷ്ട്രീയ ബന്ധമുള്ളവരാണ് ഈ പട്ടികയിൽ കൂടുതലും ഇടം പിടിക്കുന്നത്.

60 വയസ്സാണ് സേവന കാലയളവെങ്കിലും പലരും ഇതു കഴിഞ്ഞും വർഷങ്ങളായി ജോലിയിൽ തുടരുന്നതായി നിയമവകുപ്പിന്റെ പരിശോധനയിൽ വ്യക്തമായി. വിരമിക്കൽ തീയതി കഴിഞ്ഞിട്ടും ജോലി ചെയ്ത കാലയളവിലെ ശമ്പളം ആവശ്യപ്പെട്ട് അഭിഭാഷകർ സർക്കാരിനെതിരെ കോടതിയിൽ കേസ് നൽകുകയും സർക്കാരിനെതിരെ വിധിയുണ്ടാകുകയും ചെയ്തു. വിരമിക്കൽ തീയതി സംബന്ധിച്ച വിവരം സർക്കാരിനെ മുൻകൂട്ടി അറിയിക്കുന്നതിൽ ബന്ധപ്പെട്ട അധികാരികൾക്കു വീഴ്ചയുണ്ടായതായി നിയമസെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ഇനി മുതൽ, വിരമിക്കൽ തീയതി സർക്കാരിനെ മുൻകൂട്ടി അറിയിക്കണമെന്നും അഭിഭാഷകർ നടത്തിവന്ന കേസുകളുടെ ചുമതല മറ്റൊരു അഭിഭാഷകനു താൽക്കാലികമായി കൈമാറാൻ നിർദേശിക്കണമെന്നും നിയമ സെക്രട്ടറി വി.ഹരി നായർ നിർദേശിച്ചു.

English Summary: Department of Law to count lawyers who have completed their term of service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com