ADVERTISEMENT

തിരുവനന്തപുരം ∙ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജ് മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ സിഡികൾ തുറന്ന കോടതിയിൽ പ്രദർശിപ്പിക്കാൻ കോടതി നിർദേശം. പി.സി.ജോർജ് മതവിദ്വേഷ പ്രസംഗം നടത്തിയതിനു തെളിവായി പൊലീസ് കോടതിയിൽ സമർപ്പിച്ച നാല് സിഡികളാണ് പ്രദർശിപ്പിക്കുന്നത്. ഇതിനുള്ള സജ്ജീകരണം ഒരുക്കാൻ സൈബർ സെൽ സിഐയോട് കോടതി നിർദേശിച്ചു. മേയ് 23ന് ആണ് പ്രസംഗം കോടതി പരിശോധിക്കുക. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ആണ് കേസ് പരിഗണിക്കുന്നത്.

ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്നും മതവിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും  പി.സി.ജോർജിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സാമൂഹിക പ്രതിബന്ധതയുള്ള വ്യക്തി എന്ന നിലയിലാണ് പ്രസംഗം നടത്തിയത്. അതിനെ മതവിദ്വേഷ പ്രസംഗമായി കണക്കാക്കാൻ കഴിയില്ല.

പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നൽകിയതിനുശേഷമാണ് പാലാരിവട്ടത്തെ പ്രസംഗത്തിന്റെ പേരിൽ പൊലീസ് മറ്റൊരു എഫ്ഐആർ റജിസ്റ്റർ ചെയ്തത്. പൊലീസ് സമ്മർദത്തിലാകുന്നതിന്റെ പേരിലാണ് ഈ നടപടികളെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, ജോർജ് മതവിദ്വേഷ പ്രസംഗം നടത്തിയെന്നും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു ജോർജിന്റെ വിവാദ പരാമർശം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകൾ പൊലീസിനു പരാതി നൽകി. തുടർന്ന്, ജോർജിനെ ഈരാറ്റുപേട്ടയിലെ വസതിയിൽനിന്ന് നന്ദാവനം എആർ ക്യാംപിൽ കൊണ്ടുവന്നശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു.

പൊലീസിന്റെ ഭാഗത്തെ വീഴ്ച കാരണമാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചത്.

English Summary: PC George hate speech: Instruction to display CD's of the speech in open court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com