‘സിൽവർലൈന് കല്ലിടൽ വേണ്ട; തദ്ദേശ ഫലം ജനപിന്തുണ വർധിച്ചതിന് തെളിവ്’

1248-pinarayi-vijayan
പിണറായി വിജയൻ
SHARE

തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങൾ തുറന്നു കാട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാര്‍ ഒരു വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ടു നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സിൽവർലൈനു കല്ലിടലുമായി മുന്നോട്ടു പോകുമോ എന്ന ചോദ്യത്തിന് ‘കല്ലും ഇടും എന്നാൽ കല്ലിടുന്നതിൽ നിർബന്ധവുമില്ല’ എന്ന് ഉത്തരവിലുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഏതു പദ്ധതി വന്നാലും എതിർപ്പുണ്ടാക്കുന്ന നിക്ഷിപ്ത താൽപര്യക്കാർ ഉണ്ടാകും. കല്ലിടുന്നതിനോടുള്ള പ്രതിഷേധമല്ല, ഒരു പദ്ധതി നടപ്പിലാക്കാൻ പാടില്ല എന്നു കരുതുന്നവരാണ് പ്രതിഷേധത്തിനു പിന്നിൽ. വികസനം നടന്നാലേ സാമ്പത്തിക പുരോഗതിയുണ്ടാകൂ. വികസനം വേണ്ട എന്നു പറയുന്നത് സംസ്ഥാനത്തെ പുറകോട്ടടിക്കും. 

ഇതുവരെ സംസ്ഥാനത്തിനു സാമ്പത്തിക പ്രതിസന്ധിയില്ല. പക്ഷേ, കേന്ദ്രം ആവശ്യമായ സഹകരണം നൽകണം. അതിനുള്ള തുടർ നടപടിയാണ് സംസ്ഥാനം സ്വീകരിച്ചു വരുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തൽ ആകുമോയെന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പ് നടക്കുന്നത് അതതു ഘട്ടത്തിലെ സാഹചര്യം അനുസരിച്ചാണെന്നു മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ മുൻപത്തേക്കാൾ കൂടുതൽ സീറ്റുകൾ ജനം എൽഡിഎഫിനു നൽകി. ഓരോ തിരഞ്ഞെടുപ്പിനും പ്രത്യേകതയുണ്ട്. നൂറു സീറ്റു തികയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനമാണ് എൽഡിഎഫ് തൃക്കാക്കരയിൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസിയിലെ ശമ്പള വിഷയത്തിൽ ഗതാഗത മന്ത്രി ആന്റണി രാജുവിനെ മുഖ്യമന്ത്രി പിന്തുണച്ചു. ശമ്പളം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ആന്റണി രാജു പറഞ്ഞത് പൂർണമായും ശരിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെ ശമ്പളം എല്ലാക്കാലത്തും സർക്കാരിനു പൂർണമായി നൽകാനാകില്ല. സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയ്ക്കു നികുതിപ്പണം ചെലവാക്കാൻ കഴിയില്ല. പൊതു മേഖലാ സ്ഥാപനത്തെ ശക്തിപ്പെടുത്താം, എന്നാൽ കെടുകാര്യസ്ഥതയെ ശക്തിപ്പെടുത്താനാകില്ല.

കെഎസ്ആർടിസിയെ കൈവിടുന്ന നിലപാടല്ല സർക്കാരിന്റേത്. കൃത്യമായി കാര്യങ്ങൾ നടക്കുന്നതിനു കെഎസ്ആർടിസിയിൽ പരിഷ്കാരം കൊണ്ടുവരണം. സുശീൽ ഖന്നയുടെ പഠന റിപ്പോർട്ട് പൂർണമായി സ്ഥാപനത്തിൽ നടപ്പിലാക്കിയിട്ടില്ല. യാഥാർഥ്യം മനസ്സിലാക്കിയുള്ള ഇടപെടലാണ് എല്ലാഭാഗത്തുനിന്നും വേണ്ടത്. ഘടനാപരമായ മാറ്റം സ്ഥാപനത്തിൽ വേണം. ട്രേഡ് യൂണിയനുകൾ കെഎസ്ആർടിസിയുടെ അഭിവൃദ്ധി ആഗ്രഹിക്കുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലബാറിലും തിരുവിതാംകൂറിലും പട്ടി എന്ന വിളിയിൽ വ്യത്യാസമില്ലെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പ്രസ്താവനയ്ക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പട്ടി എന്ന വാക്ക് എല്ലായിടത്തും ഒന്നു തന്നെ. അങ്ങനെ വിളിക്കുന്നത് ഓരോരുത്തരുടേയും സംസ്കാരമാണ്. അത് ജനങ്ങൾ വിലയിരുത്തട്ടെ. ആ പദപ്രയോഗം നടത്തിയതിന്റെ പേരിൽ കേസെടുക്കാൻ സർക്കാരിനു താൽപര്യമില്ല. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇത്തരം പ്രയോഗങ്ങളുണ്ടായാൽ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും കേസ് എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.വി.തോമസ് ഇടതുമുന്നണിയിലേക്കു വന്നത് ഗുണം ചെയ്യുമെന്നും തോമസിന്റേത് ധീരമായ നിലപാടാണെന്നും മുഖ്യമന്ത്രി ചോദ്യത്തിനു മറുപടിയായി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജനപിന്തുണ വർധിച്ചെന്നാണ് തദ്ദേശഫലം തെളിയിക്കുന്നത്. പ്രതിസന്ധികൾക്കിടയിലും സർക്കാർ ഉത്തരവാദിത്തം നിറവേറ്റി. വർധിച്ച ആത്മവിശ്വാസത്തോടെയാണ് രണ്ടാം വർഷത്തിലേക്കു കടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Pinarayi Vijayan on Silverline project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS