‘എല്ലാ ഭാഷയും ആദരിക്കപ്പെടേണ്ടത്’: അമിത് ഷായോട് വിയോജിച്ച് പ്രധാനമന്ത്രി മോദി

pm-modi-bjp-meeting-1
രാജസ്ഥാനിലെ ജയ്പുരിൽ നടക്കുന്ന ബിജെപി ദേശീയ ഭാരവാഹി യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു. (ചിത്രം: എഎൻഐ, ട്വിറ്റര്‍)
SHARE

ന്യൂഡൽഹി∙ വൻവിജയം നേടിയെങ്കിലും ബിജെപി ലക്ഷ്യത്തിലെത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പ്രവര്‍ത്തകർക്ക് വിശ്രമിക്കാറായിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷ ബിജെപിയിലാണ്. അതു സഫലമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജയ്പുരിൽ നടക്കുന്ന ബിജെപി ദേശീയ ഭാരവാഹി യോഗത്തെ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘എൻഡിഎ സർക്കാർ ഈ മാസം എട്ട് വർഷം തികയ്ക്കും. കഴിഞ്ഞ വർഷങ്ങളിൽ രാഷ്ട്രത്തെ സേവിക്കുകയും സാമൂഹിക നീതിയും സുരക്ഷയും ഉറപ്പാക്കി പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുകയും സ്ത്രീ ശാക്തീകരണം ശക്തിപ്പെടുത്തുകയും ചെയ്തു. അടുത്ത 25 വർഷം ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നു. എല്ലാ വെല്ലുവിളികളെയും അതിജീവിക്കുകയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി സ്ഥിരമായി പ്രവർത്തിക്കുകയും ചെയ്യുന്നതിനൊപ്പം അടുത്ത 25 വർഷത്തേക്ക് ബിജെപിയുടെ ലക്ഷ്യങ്ങൾ നിശ്ചയിക്കാനുള്ള സമയമാണിത്’– അദ്ദേഹം കൂട്ടിച്ചേർത്തു.

അമിത് ഷായോട് വിയോജിച്ച് ഹിന്ദി ഭാഷാ വാദത്തെ തള്ളിയ പ്രധാനമന്ത്രി, ബിജെപി എല്ലാ ഭാഷയെയും ആദരവോടെ കാണുന്നുവെന്നും എല്ലാ ഭാഷയിലും ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനമുണ്ടെന്നും പറഞ്ഞു. ഭാഷ, സാംസ്കാരിക വൈവിധ്യം എന്നിവ രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യത്യസ്ത സംസ്ഥാനക്കാർ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലിഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട വാഗ്വാദങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.

വ്യാഴാഴ്ച ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗത്തോടെയാണ് ബിജെപി ദേശീയ ഭാരവാഹികളുടെ യോഗം ആരംഭിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ നേതൃത്വത്തിലാണ് യോഗം. ദേശീയ ഭാരവാഹികൾ, സംസ്ഥാന പാർട്ടി മേധാവികൾ, സംഘടനാ സെക്രട്ടറിമാർ തുടങ്ങി മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സംഘടനാ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ഈ വർഷവും അടുത്ത വർഷവും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും യോഗത്തിൽ ചർച്ചയാകും.

English Summary: PM Narendra Modi at BJP national office bearers meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA