ADVERTISEMENT

കൊളംബോ ∙ കടക്കെണിയിലായ ശ്രീലങ്ക ഗുരുതരമായ ഭക്ഷ്യക്ഷാമത്തെ അഭിമുഖീകരിക്കുന്നതായി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. അവശ്യമരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും ക്ഷാമം രൂക്ഷമാണെന്നും അടുത്ത നടീൽ സീസൺ മുതൽ രാസവളത്തിന്റെ ലഭ്യത രാജ്യത്ത് ഉറപ്പു വരുത്തുമെന്നും വിക്രമസിംഗെ മാധ്യമങ്ങളോടു പറഞ്ഞു. രാജ്യത്തെ സ്വയംപര്യാപ്തമാക്കാൻ രാസവള ഇറക്കുമതി നിരോധിച്ച് ജൈവവളത്തിലേക്കു തിരിയാൻ കർഷകരോട് ആഹ്വാനം ചെയ്‌ത ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ തീരുമാനം ഭക്ഷ്യോ‍ൽപാദനത്തെ ഉലച്ചതും നിലവിലെ ക്ഷാമത്തിനു കാരണമാണെന്ന തിരിച്ചറിവാണ് രാസവള ഇറക്കുമതി പുനഃസ്ഥാപിക്കാനുള്ള തീരുമാനം.

വിളവ് ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് വിവാദ തീരുമാനം സർക്കാർ നേരത്തേ തന്നെ പിൻവലിച്ചുവെങ്കിലും കാര്യമായ ഇറക്കുമതി ഇതുവരെ നടന്നിരുന്നില്ല. ഡോളർ ക്ഷാമം മൂലം പൊതുവിപണിയിൽനിന്ന് ഒന്നും വാങ്ങാൻ കഴിയാത്ത അവസ്ഥയാണു രാജ്യം നേരിടുന്നത്. ത്യാഗങ്ങൾ ചെയ്യാനും വെല്ലുവിളികൾ നേരിടാനും സജ്ജമാകണമെന്നും രാജ്യത്തെ പ്രതിസന്ധിയിൽനിന്നു കരകയറ്റുകയറ്റാൻ തോളോടുതോൾ ചേർന്നു പ്രവർത്തിക്കാനും റനിൽ വിക്രമസിംഗെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഭക്ഷണം, മരുന്ന്, രാസവളം തുടങ്ങിയ അവശ്യവസ്തുക്കൾ എത്തിക്കാനാവശ്യമായ സഹായം നൽകാമെന്നു ലോകബാങ്കും ഏഷ്യൻ ഡവലപ്മെന്റ് ബാങ്കും ഉറപ്പു നൽകിയതായി റനിൽ വിക്രമസിംഗെ പറഞ്ഞു.

ലങ്കയിൽ പട്ടിണിയിലാകുന്നവരുടെ എണ്ണം ഈ വർഷം വർധിക്കുമെന്ന് ലോക ബാങ്ക് നേരത്തേ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു. 11.7% ആളുകളാണ് ലോകബാങ്കിന്റെ കണക്കിൽ നിലവിൽ ഇവിടെ പട്ടിണിയുടെ പരിധിയിലുള്ളത്. പാവപ്പെട്ടവരിൽ പകുതിയോളം ഇപ്പോഴും സർക്കാരിന്റെ സമൃദ്ധി പദ്ധതിയിൽ പെട്ടിട്ടില്ലാത്തതും പട്ടിണിയുടെ വ്യാപനം കൂട്ടുമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

1248-ranil-wickremesinghe
ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ (Photo by Ishara S. KODIKARA / AFP)

അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുന്നതും പെട്രോൾ ക്ഷാമം രൂക്ഷമാകുന്നതും വെല്ലുവിളിയാണ്. ഇന്ത്യയിൽനിന്നുള്ള ഡീസൽ കഴിഞ്ഞ ദിവസമെത്തിയതോടെ ഡീസൽക്ഷാമം കുറഞ്ഞിട്ടുണ്ടെങ്കിലും പാചകവാതകം അടക്കമുള്ളവയുടെ വില വർധന ജനത്തെ വലയ്ക്കുന്നു. ഏപ്രിലിൽ സിലിണ്ടറിന് 2,675 രൂപയോളം ഉണ്ടായിരുന്ന പാചകവാതകത്തിന് ഇപ്പോൾ 5,000 രൂപയോളം നൽകിയാലും കിട്ടാനില്ലാത്ത അവസ്ഥയാണ്.

1248-colombo-protest
ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് വ്യാഴാഴ്ച കൊളംബോയിൽ സമരം ചെയ്യുന്നവർ (Photo by Ishara S. KODIKARA / AFP)

ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായി ബുധാനാഴ്ച വിദേശകടത്തിന്റെ തിരിച്ചടവു മുടങ്ങിയിരുന്നു. രണ്ട് വിദേശകടങ്ങളുടെ പലിശയിനത്തിൽ 7.8 കോടി ഡോളർ തിരിച്ചടയ്ക്കാനുള്ള അവസാനദിവസം ബുധനാഴ്ചയായിരുന്നു.1999 ൽ പാക്കിസ്ഥാൻ മുടക്കിയതിനു ശേഷം ഒരു ഏഷ്യൻ രാജ്യം വിദേശകടത്തിന്റെ അടവ് മുടക്കുന്നത് ഇതാദ്യമാണ്.

English Summary: Prime Minister of Sri Lanka warns of food shortages amid economic crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com