മോഹിപ്പിച്ച് ജനക്ഷേമ സഖ്യം; തള്ളാതെയും കൊള്ളാതെയും മുന്നണികൾ: മൂവർക്കും പ്രതീക്ഷ

1248-thrikkakara-by-election
SHARE

കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജനക്ഷേമസഖ്യം രാഷ്ട്രീയ നിലപാട് ഞായറാഴ്ച പ്രഖ്യാപിക്കാനിരിക്കെ സഖ്യത്തെ തള്ളാനും കൊള്ളാനും ആകാത്ത സാഹചര്യത്തിൽ മുന്നണികള്‍. തൃക്കാക്കരയിൽ ട്വന്റി20 വോട്ടുകൾ നിർണായകമായ സാഹചര്യത്തിൽ മുന്നണികളെ മോഹിപ്പിച്ച് രാഷ്ട്രീയ നിലപാടില്‍ ആകാംക്ഷ നിലനിര്‍ത്തുകയാണ് ജനക്ഷേമ സഖ്യം. 

കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടും, ജനക്ഷേമ സഖ്യം ഉപതിര‍ഞ്ഞെടുപ്പില്‍ നിര്‍ണായകമാകില്ലെന്ന മറുപടിയില്‍ ഒതുക്കുകയാണ് ഇടതുമുന്നണി. സര്‍ക്കാരിനും ഇടതു മുന്നണിയ്ക്കുമെതിരെയുള്ള നിരന്തര വിമര്‍ശനങ്ങളുടെ സാഹചര്യത്തില്‍ ട്വന്റി20 വോട്ടുകളിൽ യുഡിഎഫും പ്രതീക്ഷ പുലർത്തുന്നുണ്ട്. ട്വന്റി20 വോട്ടുകൾ ബിജെപിക്ക് അനുകൂലമാകുമെന്നും അവർക്ക് മുന്നിൽ മറ്റൊരു മാർഗമില്ലെന്നും എൻഡിഎ സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണനും പറഞ്ഞുവയ്ക്കുന്നു.

സിപിഎമ്മുകാരുടെ മർദനമേറ്റ ട്വന്റി 20 അഞ്ചാം വാർഡ് ഏരിയ സെക്രട്ടറി സി.കെ.ദീപു കൊല്ലപ്പെട്ടതിനു പിന്നാലെ നടക്കുന്ന തിരഞ്ഞെടുപ്പിൽ, സിപിഎമ്മിന് എങ്ങനെ ട്വന്റി20 പ്രവർത്തകർക്ക് വോട്ട് ചെയ്യാനാകുമെന്നു ബിജെപി ചോദിക്കുന്നു. കിറ്റെക്‌സ് പൂട്ടിക്കാൻ മുന്നിൽ നിൽക്കുന്ന യുഡിഎഫിന് സാബു ജേക്കബ് പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു. 

ശക്തമായ രാഷ്ട്രീയ മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പു നടക്കുമ്പോള്‍ നാലാം മുന്നണി എന്നുപറഞ്ഞാല്‍ ഒന്നും നടക്കില്ല എന്നായിരുന്നു മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രതികരണം. തൃക്കാക്കരയില്‍ നാലാം മുന്നണി നിര്‍ണായകമാകില്ലെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനും അഭിപ്രായപ്പെട്ടിരുന്നു. സമ്പത്തുകൊണ്ടു രാഷ്ട്രീയത്തെ കീഴടക്കാന്‍ പറ്റുമോ എന്ന ചോദ്യവും ജനക്ഷേമ സഖ്യത്തെക്കുറിച്ച് പരസ്യമായി എൽഡിഎഫ് ഉന്നയിക്കുന്നുണ്ടെങ്കിലും ട്വന്റി20 വോട്ടുകൾ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ്.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.സ്വരാജ് ട്വന്റി20യുടെ പിന്തുണ അഭ്യർഥിച്ച് നേരത്തേതന്നെ രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെ തൃക്കാക്കരയിൽ യുഡിഎഫും ട്വന്റി20യുടെ വോട്ടു വേണമെന്ന് പരസ്യമായി പറഞ്ഞു. സിപിഎം ട്വന്റി20യുടെ പിന്തുണ ചോദിക്കുന്നതിനു മുൻപ് ട്വന്റി20 പ്രവർത്തകർക്കെതിരായ അതിക്രമങ്ങളിൽ പി.വി.ശ്രീനിജിൻ എംഎൽഎ മാപ്പു പറയണമെന്നു സാബു എം.ജേക്കബ് ആവശ്യപ്പെട്ടിരുന്നു. 

തൃക്കാക്കരയിലെ നിലപാടും, തന്റെ വിമര്‍ശനവും ചേര്‍ത്തു വായിക്കേണ്ടെന്നു സാബു എം.ജേക്കബ് പറഞ്ഞിരുന്നു. മുന്നണികള്‍ മൂന്നും നാലാം മുന്നണിയുടെ രാഷ്ട്രീയവുമായി ഒത്തുപോകുന്നവരല്ലെന്ന് എഎപി കഴിഞ്ഞ ദിവസം വ്യക്തമാക്കി. വരുന്ന തിരഞ്ഞെടുപ്പില്‍ ജനക്ഷേമ സഖ്യം മത്സരിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍, ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണയ്ക്കുന്നത് എന്തു വ്യാഖ്യാനം നല്‍കുമെന്ന ചിന്ത ജനക്ഷേമ സഖ്യത്തിനുമുണ്ട്.

English Summary: Political Parties eyeing on electoral stance of Twenty20 in Thrikkakara By-election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS