ADVERTISEMENT

തിരുവനന്തപുരം∙ ദിവസങ്ങൾക്കു മുൻപാണ് സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് രഹസ്യവിവരം ലഭിച്ചത്. ആലുവയിൽ മംഗലത്തു പാലത്തിനു സമീപം പ്രവർത്തിച്ചു വരുന്ന തോട്ടക്കാട്ടുകര കള്ളു ഷാപ്പിൽ സ്പിരിറ്റു കലർത്തിയ കള്ളാണ് വിൽക്കുന്നതെന്നായിരുന്നു സന്ദേശം. സ്പിരിറ്റ് കലർത്തിയ കള്ളായതിനാൽ ഇവിടെ വലിയ കച്ചവടമാണെന്നും ദൂരെ സ്ഥലങ്ങളില്‍നിന്നുപോലും ആളെത്തുന്നുണ്ടെന്നും വിളിച്ചയാൾ അറിയിച്ചു.

കള്ളുഷാപ്പിനെ രഹസ്യമായി നിരീക്ഷിച്ച എക്സൈസ് സംഘത്തിനു സ്പിരിറ്റ് ഉള്ളതിന്റെ തെളിവുകളൊന്നും കിട്ടിയില്ല. ലൈസൻസോടെ പ്രവർത്തിക്കുന്ന സാധാരണ ഒരു ഷാപ്പായാണ് ഒറ്റനോട്ടത്തിൽ തോന്നിയത്. എന്നാൽ, അന്വേഷണത്തിനൊടുവിൽ എക്സൈസ് സംഘം കണ്ടെത്തിയത് ഷാപ്പിനു പുറകിലായി 1000 ലീറ്റർ സ്പിരിറ്റ് സൂക്ഷിക്കാൻ കഴിയുന്ന ഭൂഗർഭ അറയാണ്. കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായ മണിച്ചന്റെ വീട്ടിൽനിന്നും കണ്ടെത്തിയ ഭൂഗർഭ അറകൾക്കുശേഷം ആദ്യമായാണ് സംസ്ഥാനത്ത് സ്പിരിറ്റ് സൂക്ഷിക്കുന്ന ഭൂഗർഭ അറ കണ്ടെത്തുന്നത്.

ഷാപ്പിന്റെ മുൻവശത്ത് കൗണ്ടർ ഉൾപ്പെടുന്ന ഹാളാണ്. അവിടെയാണ് കള്ള് വിതരണം ചെയ്യുന്നത്. ഒരു വശത്തായി റസ്റ്ററന്റുണ്ട്. പുറകിലായി ഒരു മുറിയുണ്ടെങ്കിലും ഹാളിലൂടെ അതിലേക്കു കടക്കാനാകില്ല. പുറകുവശത്തുള്ള വാതിലിലൂടെ മുറിക്കുള്ളിൽ കടന്നപ്പോൾ കന്നാസുകൾ കൂട്ടിയിട്ടിരിക്കുന്നതാണ് കണ്ടത്. പരിശോധന നടത്തിയെങ്കിലും സ്പിരിറ്റിന്റെ ഒരു തെളിവും ലഭിച്ചില്ല. 

എക്സൈസ് സംഘം ചുവരിന്റെ മുകളിലേക്കു കയറി പരിശോധന നടത്തിയപ്പോഴാണ് ഈ മുറിയോട് ചേർന്ന് മറ്റൊരു രഹസ്യ മുറിയുള്ള കാര്യം കണ്ടെത്തിയത്. അങ്ങനെ ഒരു മുറി ഉള്ളതായി ഏതു വശത്തുനിന്നു നോക്കിയാലും അറിയാൻ കഴിയില്ലായിരുന്നു. കന്നാസുകൾ കിടന്ന മുറിയെ രണ്ടാക്കിയാണ് രഹസ്യ മുറി നിർമിച്ചത്. ഈ മുറിയുടെ തറ പരിശോധിച്ചപ്പോഴാണ് 1000 ലീറ്റർ സ്പിരിറ്റ് സൂക്ഷിക്കാൻ കഴിയുന്ന ഭൂഗർഭ അറ കണ്ടെത്തിയത്. 760 ലീറ്റർ സ്പിരിറ്റ് അറയിലുണ്ടായിരുന്നു.

ഭൂഗർഭ അറയാണെങ്കിലും സ്പിരിറ്റ് നിറയ്ക്കാൻ മുറി തുറക്കേണ്ട കാര്യമില്ലായിരുന്നു. അറയിലേക്കു സ്പിരിറ്റ് എത്തിക്കാൻ രഹസ്യ ലൈനുകളുണ്ട്. വണ്ടികളിലോ കന്നാസിലോ എത്തിക്കുന്ന സ്പിരിറ്റ് പൈപ്പ് ലൈനുകളിലൂടെ അറയിലെത്തിക്കും. അറയിൽനിന്ന് സ്പിരിറ്റ് പുറത്തെത്തിക്കാൻ ഒരു വാൾവ് മുറിക്കു പുറത്തായി നിർമിച്ചിരുന്നു. ഇത് മൂടിയ നിലയിലാണ്. പൈപ്പിലൂടെ പമ്പ് ചെയ്തു പുറത്തെത്തിക്കുന്ന സ്പിരിറ്റ് കള്ളിൽ ചേർക്കും. 

സ്പിരിറ്റ് പുറത്തെത്തിക്കാനായി രണ്ടു പമ്പുകളുണ്ടായിരുന്നു. 350 ലീറ്റർ വ്യാജ കള്ള് ഉണ്ടാക്കാൻ സൂക്ഷിച്ചിരുന്ന 1690 ഗ്രാം സിലോൺ പേസ്റ്റും എക്സൈസ് കണ്ടെടുത്തു. ഒരു നുള്ളു പേസ്റ്റിട്ടാൽ രണ്ട് സെക്കൻഡ് കഴിയുമ്പോൾ വെള്ളം പതഞ്ഞു പൊങ്ങി കള്ളിന്റെ നിറമാകും. പേസ്റ്റിനൊപ്പം പഴകിയ കള്ളും സ്പിരിറ്റു വെള്ളവും ചേർത്താണ് ഷാപ്പിൽ കള്ളു നിർമിച്ചിരുന്നത്.

കള്ളിൽ മധുരം കിട്ടാൻ ഉപയോഗിക്കുന്ന 270 ഗ്രാം സാക്രിനും കണ്ടെടുത്തു. കള്ളു ഷാപ്പ് ജീവനക്കാരായ അഭിഷേക് സലീന്ദ്രൻ (26), വർഗീസ് (76) എന്നിവരെ അറസ്റ്റ് ചെയ്തു. മൂന്നാം പ്രതിയും കള്ള് ഷാപ്പ് ലൈസൻസിയായ പറവൂർ സ്വദേശി സുനിലിനെ അറസ്റ്റു ചെയ്തിട്ടില്ല. കള്ള് ഷാപ്പ് ബെനാമികളും നടത്തിപ്പുകാരുമായ ആന്റണി, ജിബി രാജീവ്‌ എന്നിവരെപ്പറ്റി അന്വേഷണം ആരംഭിച്ചു. 

സംസ്ഥാന എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ തലവനായ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറായ ടി.അനികുമാറിനെ കൂടാതെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരായ എസ്.സദയകുമാർ, ജി.കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ, കെ.വി.വിനോദ്, എസ്. മധുസൂദൻ നായർ, പ്രിവന്റീവ് ഓഫിസർ പ്രജോഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ മൊഹമ്മദാലി, പി.സുബിൻ, എസ്.ഷംനാദ്, ആർ.രാജേഷ്, എം.വിശാഖ്, കെ.ആർ.രജിത്, ബസന്ത് കുമാർ, അരുൺ കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

English Summary: Underground chamber behind Toddy shop to store spirit at Thottakkattukara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com