ADVERTISEMENT

തിരുവനന്തപുരം∙ നടിയെ ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ തുടർ അന്വേഷണവും വിചാരണയും നിർണായക ഘട്ടത്തിലെത്തി നിൽക്കെ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ സർക്കാരിന്റെ ഒളിച്ചുകളി. വിചാരണ കോടതിയിൽ നിന്നുള്ള മോശം അനുഭവങ്ങളുടെ പേരിൽ രണ്ടാമത്തെ സ്പെഷൽ പ്രോസിക്യൂട്ടറും രാജിവച്ചിട്ട് നാലര മാസം കഴിഞ്ഞെങ്കിലും മറ്റൊരാളെ നിയമിക്കാൻ സർക്കാർ തയാറായിട്ടില്ല. അതിനെതിരെ അതിജീവിതയെ പിന്തുണക്കുന്നവർ പ്രതിഷേധം ഉയർത്തിയതോടെ സ്പെഷൽ പ്രോസിക്യൂട്ടർ ആരാകണമെന്ന് അതിജീവിത നിർദേശിക്കട്ടേയെന്ന നിലപാടിലാണിപ്പോൾ സർക്കാർ.

ഏതാനും ദിവസം മുൻപ് അക്കാര്യം നടിയോട് ആരാഞ്ഞെങ്കിലും തിരഞ്ഞെടുക്കാനായി സർക്കാർ വക്കീലൻമാരുടെ പട്ടികയൊന്നും കൈമാറിയിട്ടുമില്ല. അതിനാൽ വൻ അട്ടിമറി ശ്രമങ്ങൾ നടക്കുന്ന കേസിൽ സർക്കാർ‌ വക്കീലൻമാരിൽ ആരെ വിശ്വസിച്ച് നിർദേശിക്കും എന്ന ആശയക്കുഴപ്പത്തിലാണു നടിയും ഒപ്പമുള്ളവരും. ഇതു മറയാക്കി തീരുമാനം വീണ്ടും നീണ്ടുപോവുകയാണ്. നടിക്ക് വേണമെങ്കിൽ സ്വന്തം അഭിഭാഷകനെ നിയമിക്കാമെന്നും സർക്കാരുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങൾ ഉപദേശിച്ചിരുന്നു. എന്നാൽ അതുകൊണ്ട് നിയമപരമായി ഗുണമല്ല, ദോഷമാകും ഉണ്ടാകുകയെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ആക്രമണത്തിനിരയായ ആൾക്ക് നീതി ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ആ ഉത്തരവാദിത്തം അതിജീവിതയുടെ തലയിൽകെട്ടി വച്ച് ഒഴിഞ്ഞു മാറാനാകില്ലെന്ന് അവർ അഭിപ്രായപ്പെടുന്നു. പ്രോസിക്യൂഷന്റെ അനുമതിയോടെ മാത്രമേ ഇത്തരത്തിൽ സ്വന്തം അഭിഭാഷകനെ നിയോഗിക്കാനാകൂ. അങ്ങനെ ചെയ്താലും നിയോഗിച്ചാലും അന്വേഷണ സംഘവുമായി ചേർന്നു പ്രവർത്തിക്കുന്നതിൽ പ്രോസിക്യൂട്ടർക്കുള്ള അവകാശവും സ്വാതന്ത്യവും ആ വക്കീലിനുണ്ടാകില്ലെന്നതും പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 

∙ വീണ്ടും സുപ്രീം കോടതിക്ക് നടിയുടെ കത്ത്

ഇതിനിടെ വിചാരണ കോടതി ജഡ്ജിക്കെതിരെ പരാതി ഉന്നയിച്ചും വിചാരണ കോടതിയുടെ കസ്റ്റഡിയിലുളള ആക്രമണ ദൃശ്യങ്ങൾ ചോർന്നോ എന്ന കാര്യത്തിൽ ഉന്നത കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും അതിജീവിത വീണ്ടും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരിക്കുകയാണ്. ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻപും നടി സുപ്രിം കോടതിക്ക് കത്തയിച്ചിരുന്നു. തുടർന്ന് അതു സംബന്ധിച്ച് ഹൈക്കോടതിയിലെ വിജിലൻസ് വിഭാഗം അന്വേഷിക്കാൻ നിർദേശിച്ചെങ്കിലും ഇതുവരെ അതുമായി ബന്ധപ്പെട്ട നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണു വീണ്ടും കത്തയച്ചത്. വിചാരണ കോടതി ജഡ്ജി ഹണി എം.വർഗീസ് വസ്തുതകൾ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതായി ഭയപ്പെടുന്നു എന്നാണ് കത്തിൽ പറയുന്നത്. വിചാരണക്കിടെ ദിവസങ്ങളോളം പ്രതിഭാഗം അഭിഭാഷകർ ക്രൂരമായ ചോദ്യങ്ങളുന്നയിച്ചപ്പോൾ ജഡ്ജി ഇടപെടാതെ മൗനം പാലിച്ചെന്നും കത്തിൽ പറയുന്നു. ‘വിചാരണ’ മറ്റൊരു പീഡനമായിരുന്നു എന്ന് അതിജീവിത പരസ്യമായി പറയുകയും ചെയ്തിരുന്നു. 

വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ആസ്ഥാനമായ ജനനീതി എന്ന സംഘടനയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു കത്തയച്ചിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് സർക്കാർ ഉൾപ്പെടെ മുൻപ് സുപ്രിം കോടതി വരെ നിയമ പോരാട്ടം നടത്തിയെങ്കിലും ആവശ്യം തള്ളുകയായിരുന്നു. എന്നാൽ ജഡ്ജിയെ സ്വാധീനിക്കാൻ പ്രതി ശ്രമിച്ചെന്നു സൂചിപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ ഉൾപ്പെടെ പരസ്യമായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വീണ്ടും അതേ ആവശ്യം ഉന്നയിക്കുന്നത്. പഴയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നടിയെ ആക്രമിച്ച കേസിന്റെ വിധി പറയും വരെ ഹണി എം.വർഗീസിനെ ഇതേ കോടതിയിൽ ന്യായാധിപയായി തുടരാൻ ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. സാധാരണ 3 വർഷത്തിലൊരിക്കൽ ഉണ്ടാകുന്ന സ്ഥലം മാറ്റത്തിൽ നിന്ന് ഒഴിവാക്കിയാണ് തുടരാൻ അനുവദിച്ചത്. എന്നാൽ വിധി പറയും വരെ ഈ ജഡ്ജി തന്നെ തുടരണമെന്ന് ഹൈക്കോടതിയോ സുപ്രിം കോടതിയോ ഒരു വിധിയിലും പറഞ്ഞിട്ടില്ലെന്നു നടിയെ അനുകൂലിക്കുന്നവർ വാദിക്കുന്നു.

വിചാരണ കോടതി കസ്റ്റഡിയിലുള്ള ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തെന്ന ഫൊറൻസിക് സയൻസ് ലാബ് റിപ്പോർട്ടിൽ ഇതുവരെ തുടർ അന്വേഷണം നടന്നിട്ടില്ല. ഇതിന് വിചാരണ കോടതി തന്നെ തടസം നിൽക്കുന്നു എന്നാണ് പരാതിയിലെ ആരോപണം. അതുമായി ബന്ധപ്പെട്ട്  മറ്റൊരു ന്യായാധിപനെതിരെയും ജനനീതിയുടെ കത്തിൽ പരാമർശങ്ങളുണ്ട്. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ദിലീപിന്റെ അഭിഭാഷകർക്കെതിരെ നടി ബാർ കൗൺസിലിലും പരാതി നൽകിയിട്ടുണ്ട്. ഇതിൽ അഭിഭാഷകരുടെ വിശദീകരണം തേടിയിരിക്കുകയാണ് ബാർ കൗൺസിൽ.

∙ കൂടുതൽ സമയം ചോദിക്കാൻ ക്രൈംബ്രാഞ്ച്

മികച്ച ഒരു സ്പെഷൽ പ്രോസിക്യൂട്ടർ ഉണ്ടെങ്കിലേ നിലവിലെ വെല്ലുവിളികൾ മറികടന്ന് കേസ് മുന്നോട്ടുകൊണ്ടുപോകാനാകൂ എന്ന് നടിയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെയും വെളിപ്പെടുത്തലുകളെ തുടർന്ന് തുടർ അന്വേഷണം നടക്കുന്ന കേസിൽ അതു പൂർത്തിയാക്കാൻ ഹൈക്കോടതി അന്തിമമായി നൽകിയിരിക്കുന്ന സമയം ഈ മാസം 31 ആണ്. എന്നാൽ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണ സമയം വീണ്ടും നീട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ വീണ്ടും ഹർജി നൽകാൻ തയാറെടുക്കുകയാണ് ക്രൈംബ്രാഞ്ച്.

ദിലീപിന്റെയും ഒപ്പമുള്ളവരുടേയും ഫോണിൽ നിന്ന് അന്വേഷണ സംഘം വീണ്ടെടുത്ത വൻ തോതിലുളള ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാനും വിലയിരുത്താനും ഏറെ സമയം വേണ്ടിവരുമെന്ന് അന്വേഷണ സംഘം പറയുന്നു. 200 മണിക്കൂറിലേറെ വരുന്ന ശബ്ദ സന്ദേശങ്ങളും ആയിരക്കണക്കിന് വിഡിയോകളും ചാറ്റുകളുമെല്ലാം വിശദമായി പരിശോധിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലുകളും വേണ്ടിവരും. 

dileep-4
ദിലീപ് (ഫയൽ ചിത്രം)

∙ പ്രതി പട്ടികയിലേക്ക് അഭിഭാഷകരും?

തെളിവ് നശിപ്പിക്കാൻ കൂട്ടു നിന്നെന്നാരോപിച്ച് ദിലീപിന്റെ അഭിഭാഷകരെ പ്രതി ചേർക്കാനും അന്വേഷണം സംഘം ആലോചിക്കുന്നുണ്ട്. എന്തുകൊണ്ട് അഭിഭാഷകരെ പ്രതി ചേർത്തില്ലെന്നു ഏതാനും ദിവസം മുൻപ് വിചാരണ കോടതിയും വാദപ്രതിവാദത്തിനിടെ ചോദിച്ചിരുന്നു. കോടതിയിൽ നിന്നുള്ള ചില രേഖകൾ ദിലീപിന്റെ ഫോണിലേക്കു വാട്സാപ് സന്ദേശമായി എത്തിയതെങ്ങനെയെന്ന് അന്വേഷിക്കാൻ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല. ദിലീപിന്റെ ഫോണുകൾ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് അന്വേഷണ സംഘത്തിനു നൽകും മുൻപ് അതിലെ രേഖകൾ ഒളിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്തത് അഭിഭാഷകരുടെ നിർദേശം അനുസരിച്ചാണെന്ന് സൈബർ വിദഗ്ധനായ സായ് ശങ്കറും കോടതിയിലടക്കം മൊഴി നൽകിയിട്ടുണ്ട്.

അതിന് ഉപയോഗിച്ച തന്റെ കംപ്യൂട്ടർ അടക്കമുള്ള സാമഗ്രികൾ അഭിഭാഷകന്റെ കസ്റ്റഡിയിലാണെന്നും ഇയാൾ മൊഴി നൽകി. ഇതു വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സായ് ശങ്കർ കോടതിയിലും ഹർജി നൽകിയിട്ടുണ്ട്. മുംബൈയിലെ സ്വകാര്യ ഫൊറൻസിക് ലാബിൽ എത്തിച്ച് ദിലീപിന്റെ ഫോണിലെ രേഖകൾ നശിപ്പിച്ചത് നാല് അഭിഭാഷകരാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു. അതുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും ഇവർ ശേഖരിക്കുകയും കോടതിയിൽ ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു ചില സാക്ഷികളെ കൂറുമാറ്റിച്ചതുമായി ബന്ധപ്പെട്ട തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചതായി പറയുന്നു. ആ സാഹചര്യത്തിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെയും അന്വേഷണം നടത്തിയേ മതിയാകൂ എന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.

അതേസമയം കോടതിയിലേക്കും അഭിഭാഷകരിലേക്കും അന്വേഷണം നീളുന്നത് ഒഴിവാക്കാൻ സർക്കാർ തലത്തിൽ ശക്തമായ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണമാണ് നടിയ്ക്കു പിന്തുണ നൽകുന്നവർ ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശി നിയമിതനായതിനു പിന്നാലെ ഈ കേസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിനെ മാറ്റിയത് ഇതിന്റെ തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു. അന്വേഷണ ഏജൻസിയുടെ മേധാവി എന്നതിനപ്പുറം ന‍ടിയെ അക്രമിച്ച കേസിന്റെ തുടരന്വേഷണത്തിലും ആ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപും കൂട്ടരും ശ്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിലും നേരിട്ട് മേൽനോട്ടം വഹിച്ചിരുന്നതു ശ്രീജിത്താണ്. സമയ ബന്ധിതമായ കേസ് അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കെ അദ്ദേഹത്തെ പൊലീസ് സേനയിൽ നിന്നു തന്നെ മാറ്റിയതിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇതിനെതിരെ സംവിധായകൻ ബൈജു കൊട്ടാരക്കര ഫയൽ ചെയ്ത ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. 

∙ ആരോപണ മുനയിൽ പൊലീസ് ഉന്നതരും

കേസിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെയും ഡിഐജി  സഞ്ജയ് കുമാർ ഗുരുദിനിന്റെയും ദുരൂഹമായ ഇടപെടലുകൾ അന്വേഷിക്കണമെന്ന ആവശ്യവും നടിയെ പിന്തുണയ്ക്കുന്നവർ ഉന്നയിക്കുന്നു. ദിലീപ് അറസ്റ്റിലാകും മുൻപ് അന്നു ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ അദ്ദേഹവുമായി ഒട്ടേറ തവണ സംസാരിച്ചതിന്റെയും ശബ്ദ സന്ദേശങ്ങൾ അയച്ചതിന്റെയും രേഖകകൾ ഉണ്ടെന്നു ജനനീതിയുടെ പരാതിയിൽ പറയുന്നു. അന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന എഡിജിപി ബി.സന്ധ്യയോട് ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് ബെഹ്റ നിർദേശിച്ചെന്നും അതു വകവയ്ക്കാതെയാണ് അറസ്റ്റ് നടന്നതെന്നും പരാതിയിലുണ്ട്.

ബി. സന്ധ്യ
ബി.സന്ധ്യ (ഫയൽ ചിത്രം)

അതിന്റെ പ്രതികാരമായി പുതിയ ഡിജിപിയെ തീരുമാനിക്കുന്ന ഘട്ടത്തിൽ സാധ്യത പട്ടികയിൽ ഉണ്ടായിരുന്ന ബി.സന്ധ്യ ‘വിശ്വസ്ത’ അല്ലെന്ന് ബെഹ്റ റിപ്പോർട്ട് നൽകിയെന്നും പരാതിയിൽ പറയുന്നു. സംസ്ഥാനത്ത് ആദ്യമായി ഒരു വനിത ഡിജിപി വരാനുള്ള സാധ്യത തടഞ്ഞത് ദിലീപ് കേസിലെ ഉന്നത താൽപര്യങ്ങളാണെന്നാണ് ആരോപണം. ഈ വിഷയത്തിൽ ഇപ്പോൾ ഫയർ ഫോഴ്സ് മേധാവിയായ സന്ധ്യ ഇതുവരെ ഒരു പ്രതികരണത്തിനു തയാറായിട്ടില്ല.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് തുടരന്വേഷണത്തിലേക്കു വഴിവച്ച കേസ് ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്യുന്നതിന്റെ തലേദിവസം സഞ്ജയ് കുമാർ ഗുരുദിൻ വാട്സാപ് കോളിലൂടെ ദിലീപുമായി സംസാരിച്ചെന്ന കണ്ടെത്തലാണ് അദ്ദേഹത്തെ സംശയ നിഴലിലാക്കുന്നത്. എന്നാൽ ഉന്നത ഉദ്യോഗസ്ഥരുടെ ദുരൂഹമായ ഈ ഇടപടലുകൾ സംബന്ധിച്ച അന്വേഷണം ഒഴിവാക്കാനും രാഷ്ട്രീയ ഇടപെടൽ നടക്കുന്നതായി ആരോപണമുണ്ട്.

English Summary: Delay in appointing Special prosecutor in Actress abduction and sexual assault case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com