ആ സത്യം മനസ്സിലായി, എണ്ണനികുതി കേന്ദ്രം ഇനിയും കുറച്ചേക്കാം; പ്രതീക്ഷയിൽ വിപണി

Fuel Pump
പ്രതീകാത്മക ചിത്രം
SHARE

കൊച്ചി ∙ അഞ്ച് ആഴ്ചകളിൽ വീഴ്ച നേരിട്ട ഇന്ത്യൻ വിപണി കഴിഞ്ഞവാരം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച 16,000 പോയിന്റിൽ താഴെ വ്യാപാരം ആരംഭിച്ച നിഫ്റ്റിയും 53,000 പോയിന്റിൽ താഴെ വ്യപാരം ആരംഭിച്ച സെൻസെക്‌സും യഥാക്രമം 16,200 പോയിന്റിനും 54,300 പോയിന്റിനും മുകളിൽ വ്യാപാരമവസാനിപ്പിച്ചത് റീട്ടെയ്ൽ നിക്ഷേപകർക്ക് പ്രതീക്ഷ നൽകി. ഐടിസിയുടെ മികച്ച റിസൽറ്റ് എഫ്എംസിജി സെക്ടറിന് ഉണർവ് നൽകിയതും, റിലയൻസിന്റെ കുതിപ്പും, ചൈനീസ് റീ-ഓപ്പണിങ് മെറ്റൽ സെക്ടറിന് നൽകിയ ഉണർവും വിപണിക്ക് തുണയായി. 

നാസ്ഡാക്കിനൊപ്പം വീണ ഇന്ത്യൻ ഐടി സെക്ടറൊഴികെ മറ്റെല്ലാ സെക്ടറുകളും കഴിഞ്ഞ ആഴ്ചയിൽ തിരിച്ചുവരവ് നടത്തി. ബാങ്കിങ് അടക്കം ഒട്ടുമിക്ക സെക്ടറുകളും വെള്ളിയാഴ്ചത്തെ കുതിപ്പിന്റെ പിൻബലത്തിൽ 30 ശതമാനത്തിലേറെ അധികം മുന്നേറിയപ്പോൾ റിയൽറ്റി, ഓട്ടോ, എഫ്എംസിജി, എനർജി സെക്ടറുകൾ 4 ശതമാനത്തിലേറെയും മെറ്റൽ സെക്ടർ 7 ശതമാനത്തിലധികവും കഴിഞ്ഞ ആഴ്ച മുന്നേറി. വിപണിയുടെ വരും ദിവസങ്ങളിലെ കയറ്റിറക്ക സാധ്യതകൾ വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ട് ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

∙ ഇന്ത്യൻ വിപണിയിൽ അടുത്ത ആഴ്ച 

അമേരിക്കൻ വിപണിയുടെ വെള്ളിയാഴ്ചത്തെ ആദ്യ പകുതിയിലെ വൻവീഴ്ചയ്ക്കു ശേഷമുണ്ടായ തിരിച്ചുവരവ് നാളെ ഏഷ്യൻ വിപണികൾക്ക് ആത്മവിശ്വാസം നൽകുന്നത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. കേന്ദ്ര സർക്കാർ എണ്ണനികുതി കുറച്ചത് പണപ്പെരുപ്പം നിയന്ത്രിച്ചേക്കാമെന്നതും  ഇന്ത്യൻ വിപണി പ്രതീക്ഷയോടെ കാണുന്നു. ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ, റിയൽറ്റി, ലോജിസ്റ്റിക് സെക്ടറുകൾ അടുത്ത ആഴ്ച വിപണിയെ മുന്നിൽനിന്നും നയിച്ചേക്കും. 

ചൊവ്വാഴ്ച പുറത്തു വരാനിരിക്കുന്ന ഇന്ത്യയുടെ നാലാംപാദ ജിഡിപി-ധനക്കമ്മി കണക്കുകളും, ഇൻഫ്രാവളർച്ച കണക്കുകളും, ബുധനാഴ്ച പുറത്തുവരുന്ന പിഎംഐ കണക്കുകളും ഇന്ത്യൻ വിപണിക്ക് അടുത്ത ആഴ്ച വരെ പ്രധാനമാണ്. റെക്കോർഡ് നിലയിലേക്ക് ഉയരുന്ന ഇന്ത്യൻ മൊത്ത വിലക്കയറ്റം ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളിൽ ഓരോ ഉയർച്ചയിലും അടുത്ത വിലക്കയറ്റ കണക്കുകൾ പുറത്തുവരുന്നത് വരെ വിൽപന സമ്മർദത്തിന് കാരണമായേക്കാവുന്നതും വിപണിക്ക് ആശങ്കയാണ്. 

∙ പാഠം പഠിച്ച് കേന്ദ്ര സർക്കാർ 

ഉയർന്ന പെട്രോളിയം നികുതികൾ എനർജി ഇൻഫ്‌ളേഷനും ഫുഡ് ഇൻഫ്‌ളേഷനും വർധിപ്പിച്ചപ്പോൾ പ്രതീക്ഷയ്ക്കപ്പുറം മുന്നേറിയ പണപ്പെരുപ്പം നിയന്ത്രിക്കാനായി ആർബിഐ നിരക്കുവർധിപ്പിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച കുറയ്ക്കാനല്ലാതെ പണപ്പെരുപ്പം നിയന്ത്രിക്കാൻ ഇത് ഉതകില്ലെന്ന സത്യം കേന്ദ്ര സർക്കാർ മനസ്സിലാക്കിയതാണ് പെട്രോൾ, ഡീസൽ നികുതി കുറയ്ക്കലിന് ആധാരം.  

പെട്രോളിയം നികുതികൾ വർധിപ്പിക്കുന്നത് പണപ്പെരുപ്പം കൂട്ടുകയും അതുവഴി ഇന്ത്യൻ രൂപയുടെ വിലയിടിക്കുകയും ചെയ്യും. എണ്ണ ഇറക്കുമതിക്കായി രാജ്യം കൊടുക്കേണ്ടി വരുന്ന അധികപണം പെട്രോളിയം നികുതിയിൽനിന്നു സമാഹരിച്ചതിനേക്കാൾ വളരെ അധികമാണെന്നും, അത് സമ്പദ് വ്യവസ്ഥയെ ക്രമമായി തകർക്കുമെന്നുമുള്ള സത്യം കേന്ദ്രം മനസ്സിലാക്കിയതിനാൽ ഇനിയും എണ്ണനികുതിയിൽ കുറവ് വരുത്തിയേക്കാം.

1248-indian-stock-trader

∙ അമേരിക്കൻ വിപണി താഴോട്ട്

ഓരോ ആഴ്ചയിലും പുതിയ കാരണങ്ങൾ കണ്ടുപിടിച്ച് തകരുന്ന അമേരിക്കൻ വിപണി, കഴിഞ്ഞ ആഴ്ചയിൽ വാൾമാർട്ട്, ടാർഗെറ്റ്, സിസ്‌കോ എന്നിവയുടെ മോശം റിസൽറ്റുകളുടെയും ടെസ്‌ലയുടെയും ആപ്പിളിന്റെയും വീഴ്ചകളുടെയും പശ്ചാത്തലത്തിൽ വീണ്ടും വീണു. ജനുവരി മൂന്നിന് നേടിയ റെക്കോർഡ് ഉയരത്തിൽനിന്നും 20% വീണ് വെള്ളിയാഴ്ച ‘ബെയർ’ സോണിലേക്ക് വീണിടത്തുനിന്നും വിപണി തിരിച്ചുകയറ്റം ആരംഭിച്ചത് പ്രതീക്ഷയാണ്. 1946 മുതൽ ഇതുവരെ നടന്ന 13 അതിവീഴ്ചകളിലും എസ് ആൻഡ് പി 30 ശതമാനത്തിലേറെ അധികം വീണിട്ടുണ്ട് എന്നതും അമേരിക്കൻ നിക്ഷേപകർക്ക് ആശങ്കയാണ്.

2020 മാർച്ചിലെ വീഴ്ചയിൽനിന്നും 114% മുന്നേറ്റം നേടിയ സാഹചര്യത്തിൽ പ്രത്യേകിച്ചും. ബുധനാഴ്ച പുറത്ത് വരുന്ന ഫെഡ് മിനിറ്റ്സും, പിഎംഐ കണക്കുകളും, ഭവന വിൽ‌പന കണക്കുകളും, ജോബ് ഡേറ്റയും, പഴ്സനൽ ഇൻകം എക്സ്പെൻഡിച്ചർ കണക്കുകളും അടുത്ത ആഴ്ച അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. നാളത്തെ ജർമൻ പണപ്പെരുപ്പ കണക്കുകളും ജപ്പാന്റെ റീട്ടെയ്ൽ വിൽപന-ഇൻഡസ്ട്രിയൽ പ്രൊഡക്‌ഷൻ കണക്കുകളും ലോക വിപണിക്ക് വളരെ പ്രധാനമാണ്.  

market-share

∙ വിദേശ ഫണ്ടുകളുടെ വിൽപന

ഈ മാസം ഇതുവരെ മാത്രം 44,000 കോടിയിൽപരം രൂപയുടെ വിൽപന നടത്തികഴിഞ്ഞ വിദേശ ഫണ്ടുകൾ ഇനിയും വിൽപന തുടർന്നേക്കാം. ഇന്ത്യൻ വിപണിയുടെ വീഴ്ചയേക്കാൾ ഉയരുന്ന ബോണ്ട് യീൽഡും ഡോളർ നിരക്കും തന്നെയാണ് വിദേശ ഫണ്ടുകളുടെ വിൽപനയ്‌ക്കാധാരം. ജൂലൈ മാസത്തിന് ശേഷം അമേരിക്കൻ ഫണ്ടുകൾ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചൊഴുക്ക് ആരംഭിച്ചേക്കാം. 

∙ ഓഹരികളും സെക്ടറുകളും 

കേന്ദ്ര സർക്കാർ എണ്ണ നികുതിയിൽ കുറവ് വരുത്തിയത് ഇക്കണോമിക് സെൻസിറ്റീവ് സെക്ടറുകൾക്ക് അനുകൂലമാണ്. ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ, റിയൽറ്റി, മാനുഫാക്ചറിങ്, ലോജിസ്റ്റിക് സെക്ടറുകൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു. എൽഐസിയുടെ നിരാശപ്പെടുത്തിയ ലിസ്റ്റിങ് ഇന്ത്യൻ നിക്ഷേപകർക്ക് മികച്ച ദീർഘ‌കാല അവസരമായേക്കാം. 800 രൂപയ്ക്കും താഴെ പോയാൽ 780 രൂപ ഓഹരിയിൽ സ്റ്റോപ്പ് ലോസ് പരിഗണിക്കാം. നിലവിൽ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കമ്പനിയായ എൽഐസി 1000 രൂപ കടന്നാൽ അതിദ്രുതം മുന്നേറിയേക്കും. 

INDIA-STOCKS
A man watches share prices on a digital display on the facade of the Bombay Stock Exchange (BSE) building in Mumbai on March 12, 2020. (Photo by Indranil MUKHERJEE / AFP)

റിലയൻസ് ജിയോയുടെയും റിലയൻസ് റീട്ടെയിലിന്റെയും ഐപിഒകൾ വിഭാവനം ചെയ്യുന്നു എന്ന വാർത്ത റിലയൻസ് ഓഹരിക്കും ഇന്ത്യൻ വിപണിക്കുതന്നെയും അനുകൂലമാണ്. ഇന്ത്യൻ ധനികരിൽ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു പോയ അംബാനിക്ക് ഒന്നാം സ്ഥാനം തിരികെ പിടിക്കാനും ഏറ്റവും ലാഭകരമായി മാറിയ പ്രസ്ഥാനങ്ങളെ സ്വതന്ത്രമാക്കുന്നതു സഹായകരമാകും. 

അംബുജ സിമന്റിനെയും എസിസിയെയും ഏറ്റെടുത്ത് ഇന്ത്യയിലെ രണ്ടാമത്തെ സിമന്റ് ഉൽപാദകരായി മാറിയ അദാനി ഇരു കമ്പനികളുടെയും ശേഷി വർധിപ്പിക്കുന്നതും, വിപണിവ്യാപ്തി വർധനയ്ക്കായി പണമിറക്കുന്നതും ഇരു ഓഹരികൾക്കും അനുകൂലമാണ്. ഇരു കമ്പനികളെയും അദാനി ഡി-ലിസ്റ്റ് ചെയ്യാൻ ആലോചിക്കുന്നു എന്ന വാർത്തയും മുന്നേറ്റം നൽകിയേക്കാം. എസിസിയെക്കാൾ മികച്ച മൂല്യവും മാർജിനും വിൽപന ശൃംഖലയുടെ ആനുകൂല്യവും അംബുജയെ മികച്ച നിക്ഷേപ സാധ്യതയാക്കുന്നു. അടുത്ത തിരുത്തൽ ഇരു ഓഹരികളിലും നിക്ഷേപ അവസരമാണ്. 

ഐടിസിയുടെ മികച്ച റിസൽറ്റ് ഇന്ത്യൻ എഫ്എംസിജി സെക്ടറിന് അനുകൂലമാണ്. ഓഹരി വിപണിയിലെ അടുത്ത തിരുത്തൽ ദിനത്തിൽ 300 രൂപയിലേക്ക് കുതിച്ചേക്കാം. ചൈനീസ് റീ ഓപ്പണിങ് കഴിഞ്ഞ ആഴ്ച കുതിപ്പ് നൽകിയ മെറ്റൽ സെക്ടർ ഇനിയും നിക്ഷേപ യോഗ്യമാണ്. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, വേദാന്ത, നാൽകോ എന്നിവ ശ്രദ്ധിക്കുക. നഷ്ടകണക്കുകളിൽ കുടുങ്ങിക്കിടന്ന ഭെൽ ശനിയാഴ്ച 912 കോടിയുടെ അറ്റാദായം സ്വന്തമാക്കി. കമ്പനിയുടെ വരുമാനം 8,181 കോടിയിലേക്കുയർന്നു. 

ചൈനീസ് റീ ഓപ്പണിങ് ക്രൂഡിന് നൽകിയ മുന്നേറ്റം ഒഎൻജിസിക്കും ഓയിൽ ഇന്ത്യയ്ക്കും അനുകൂലമാണ്. പെട്രോളിയം നികുതിയിളവ് ലോജിസ്റ്റിക് കമ്പനികൾക്ക് എണ്ണ ചെലവിൽ കുറവ് വരുന്നത് ഓഹരികൾക്ക് അനുകൂലമാണ്. വിആർഎൽ ലോജിസ്റ്റിക്, ഓൾ കാർഗോ, ഗതി, മഹിന്ദ്ര ലോജിസ്റ്റിക് മുതലായ ഓഹരികൾ നിക്ഷേപത്തിന് പരിഹരിക്കാം. ബേസ് മെറ്റീരിയലുകൾക്ക് ആവശ്യകത വർധിക്കുന്നതും, യുദ്ധം വിതരണശൃംഖലയിലുണ്ടാക്കിയ മാറ്റങ്ങളും കെമിക്കൽ, ഫെർട്ടിലൈസർ ഓഹരികൾക്കും അനുകൂലമാണ്. എസ്ആർഎഫ്, ദീപക് നൈട്രേറ്റ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

IPO-2

വളം, കീടനാശിനി ഓഹരികൾക്കു രാജ്യാന്തര ആവശ്യകത വർധനയ്ക്കൊപ്പം മൺസൂൺ ആരംഭത്തോടെ ആഭ്യന്തര ആവശ്യകത ഉയരുന്നതും അനുകൂലമാണ്. ജിഎൻഎഫ്സി, ആർസിഎഫ്, നാഷനൽ ഫെർട്ടിലൈസർ, ദീപക് ഫെർട്ടിലൈസർ, ഗോദ്‌റെജ്‌ അഗ്രോ, കൊറൊമാൻഡാൽ മുതലായ ഓഹരികൾ ശ്രദ്ധിക്കുക. വെൽസ്പൺ കോർപ് അമേരിക്കയിൽനിന്നും ലഭിച്ച 5,000 കോടിയുടെ ഓർഡറിന്റെയും മികച്ച റിസൽറ്റിന്റെയും പിൻബലത്തിൽ മുന്നേറി. മികച്ച റിസൽറ്റുകൾ അശോക് ലെയ്‌ലാൻഡിനും ഐഷറിനും അനുകൂലമാണ്. കുറഞ്ഞ വിലകളിലുള്ള സ്വർണപ്പണയ ഓഹരികൾ അടുത്ത വീഴ്ചയിൽ നിക്ഷേപത്തിന് പരിഗണിക്കാം.

∙ ഐപിഒ

സെർട്ടിഫിക്കേഷൻ കമ്പനിയായ ഇമുദ്രയുടെ ഐപിഒ ചൊവ്വാഴ്ച അവസാനിക്കും. ഓഹരി നിക്ഷേപ യോഗ്യമാണ്. സ്പെഷ്യൽറ്റി കെമിക്കൽ കമ്പനിയായ അതേർ ഇൻഡസ്ട്രീസിന്റെ ഐപിഒ ചൊവ്വാഴ്ച ആരംഭിക്കുന്നു. 800 കോടിയാണു കമ്പനി വിപണിയിൽനിന്നും സമാഹരിക്കുന്നത്. 

∙ ക്രൂഡ് ഓയിൽ 

ചൈനയുടെ റീ ഓപ്പണിങ് ക്രൂഡ് ഓയിലിന് അനുകൂലമാണെങ്കിലും അമേരിക്കൻ പ്രസിഡന്റ് സൗദി രാജാവുമായി നടത്തുന്ന ചർച്ചകൾ ഉൽപാ‌ദന വർധനയ്ക്കു വഴിവ‍യ്ക്കുമെന്നത് ക്രൂഡ് വില താഴേക്കിറക്കിയേക്കാം. ക്രൂഡ് ഓയിൽ 90 ഡോളറിലേക്കിറങ്ങിയേക്കും.

Crude-Oil-Price-07

∙ സ്വർണം 

1820 ഡോളറിൽനിന്നും 1850 ഡോളറിലേക്കുയർന്ന സ്വർണം ബോണ്ട് നിരക്ക് മുന്നേറാതിരുന്നാൽ അടുത്ത ആഴ്ചയിലും മുന്നേറ്റം പ്രതീക്ഷിക്കുന്നു. 1900 ഡോളറിലാണ് സ്വർണത്തിന്റെ അടുത്ത റെസിസ്റ്റൻസ്.

കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്: +91 86066 66722.

English Summary: Indian stock market forecast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS