ന്യൂഡൽഹി ∙ ഇന്ത്യ- പസിഫിക് മേഖലയിൽ വികസനം ഉറപ്പാക്കാനും ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ക്വാഡ് രാജ്യത്തലവന്മാരുടെ ഉച്ചകോടി ഉപകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മുക്തി, സുസ്ഥിര വികസനം, ആരോഗ്യസുരക്ഷ എന്നീ വിഷയങ്ങളിലും ചർച്ചകൾ നടക്കും. ഇന്ത്യ, ജപ്പാൻ, യുഎസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ക്വാഡ് അംഗങ്ങൾ.
രണ്ടു ദിവസത്തെ ജപ്പാൻ സന്ദർശനത്തിന് തിങ്കളാഴ്ച തുടക്കം കുറിക്കുകയാണ് മോദി. ജപ്പാൻ സന്ദർശനത്തിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ജപ്പാന്റെ പുതിയ പ്രധാനമന്ത്രി ഫുമിയോ കിഷിദ ക്ഷണിച്ചതിനെ തുടർന്ന് ടോക്കിയോ നഗരം സന്ദർശിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. ഏതാണ്ട് 40,000 ഇന്ത്യക്കാർ വസിക്കുന്ന രാജ്യമാണ് ജപ്പാൻ. ജപ്പാനിലെ ഇന്ത്യൻ നിവാസികളോട് സംസാരിക്കാൻ പദ്ധതിയുണ്ടെന്നും മോദി വ്യക്തമാക്കി.
English Summary: Quad summit: Narendra Modi to start two-day Japan visit on Monday