ADVERTISEMENT

കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ലെന്ന് ട്വന്റി20-എഎപി സഖ്യം. മനഃസാക്ഷി വോട്ടിനാണ് ജനക്ഷേമ സഖ്യത്തിന്റെ ആഹ്വാനം. അണികൾക്ക് ഉചിതമായ തീരുമാനമെടുക്കാം. ജയപരാജയങ്ങൾ തീരുമാനിക്കുന്ന നിർണായക ശക്തിയായ ജനക്ഷേമസഖ്യം മാറിയതായി ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ് പറഞ്ഞു.

ജനക്ഷേമവും വികസനവും മുന്നിൽ കണ്ടു പ്രവർത്തിക്കുന്ന രണ്ടു രാഷ്ട്രീയ സംവിധാനങ്ങളാണ് ട്വന്റി20യും എഎപിയും. തൃക്കാക്കരയിൽ ഏതു മുന്നണി വിജയിച്ചാലും കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സാമൂഹിക വികസന സാഹചര്യങ്ങളിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. ഇക്കാരണത്താലണ് സ്ഥാനാർഥികളെ നിർത്താത്തത്.

നിലവിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ വിലയിരുത്തി ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനമെടുക്കുവാൻ ഓരോരുത്തർക്കും‍ കഴിയണം. പ്രലോഭനങ്ങള്‍ക്കും സമ്മർദങ്ങൾക്കും സ്വാധീനങ്ങള്‍ക്കും വഴങ്ങാതെ പണത്തിനും മദ്യത്തിനും അടിമപ്പെടാതെ സ്വതന്ത്രമായി ചിന്തിച്ച് ഉത്തരവാദിത്തത്തോടെ വോട്ട് രേഖപ്പെടുത്തുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുക.

ജനാധിപത്യത്തില്‍ ജനങ്ങളുടെ ശക്തി തെളിയിക്കുന്ന ഈ വോട്ടവകാശം വിവേകപൂര്‍വ്വം വിനിയോഗിക്കണം. വോട്ടെടുപ്പ് ദിനം കാലാവസ്ഥ പ്രതികൂലമായാല്‍ പോലും എല്ലാവരും പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി കേരളത്തിന്റെ രാഷട്രീയ പ്രബുദ്ധത ഉയര്‍ത്തിപ്പിടിക്കണമെന്നും സാബു എം.ജേക്കബ് പറഞ്ഞു

English Summary: No Support to Any Fronts by PWF in Thrikkakara byelection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com