ADVERTISEMENT

മലപ്പുറം∙ അഗളി സ്വദേശിയും പ്രവാസിയുമായ അബ്ദുൽ ജലീലിന്റെ കൊലപാതകത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തപ്പോഴും പ്രധാന പ്രതിയായ യഹിയ ഇപ്പോഴും ഒളിവിലാണ്. മലപ്പുറം ജില്ല വിട്ട് യഹിയ പോയിട്ടില്ലെന്നാണു പൊലീസ് നിഗമനം. സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണു നെടുമ്പാശ്ശേരിയിൽനിന്നു 15ന് രാവിലെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ജലീലിനെ തട്ടിക്കൊണ്ടു പോകുന്നത്. പിന്നീട് 19ന് രാവിലെ അവശനായ നിലയിൽ ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് യഹിയ മുങ്ങി. അതിക്രൂര മർദനത്തിനിരയായ ജലീലാകട്ടെ 20ന് പുലർച്ചെ മരണത്തിനു കീഴടങ്ങുകയും ചെയ്തു.

അവശനിലയിൽ വഴിയിൽ കിടക്കുന്നതു കണ്ട് കൊണ്ടുവന്നതായിരുന്നു എന്നാണ് യഹിയ ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ സംഭവം സ്വർണക്കടത്തിലേക്കു വിരൽചൂണ്ടി. യഹിയ ഒന്നാം പ്രതി സ്ഥാനത്തായി. ഇത്രയും കാലം ജില്ലയിൽ നിശബ്ദം പ്രവർത്തിച്ചിരുന്ന ഒരു സ്വർണക്കടത്തു റാക്കറ്റു കൂടിയാണ് ഈ സംഭവത്തോടെ വെളിപ്പെട്ടത്. 

ആരാണ് യഹിയ?

മലപ്പുറം ജില്ലയിലെ കീഴാറ്റൂർ പഞ്ചായത്തിലെ ആക്കപ്പറമ്പ് കാര്യമാട് സ്വദേശിയാണ് യഹിയ. ആദ്യ കാലത്ത് ഓട്ടോ ഓടിച്ചും സ്വകാര്യ ടാക്‌സി ഓടിക്കാൻ ‌പോയുമായിരുന്നു ഉപജീവനം. ഗൾഫിലും കുറച്ചുകാലം ജോലി നോക്കി. ഗൾഫിൽ മറ്റു പാർട്ണർമാരോടൊപ്പം ബിസിനസ് നടത്തിയിരുന്നെന്നും വിവരമുണ്ട്. ഇടയ്ക്കിടെ ഗൾഫിലേക്കു പോയും വന്നുമിരുന്ന യഹിയ കുറച്ചുകാലമായി നാട്ടിലുണ്ട്. ചെറിയ ചില അടിപിടി കേസുള്ളതായി പറയുന്നുണ്ടെങ്കിലും ഇത്ര വലിയ സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണെന്നൊന്നും നാട്ടുകാരിൽ പലർക്കുമറിയില്ലായിരുന്നു. അതേസമയം, കുഴൽപ്പണം പോലുള്ള ഇടപാടുകളിൽ നേരത്തേ മുതലേ യഹിയ ഉൾപ്പെട്ടിരുന്നതായി നാട്ടുകാരിൽ ചിലർ പറയുന്നു. അബ്ദുൽ ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് വന്നതോടെ സ്വർണക്കടത്തു സംഘത്തിലെ പ്രധാനിയും ഈ കേസിലെ മുഖ്യപ്രതിയുമായി പൊലീസ് യഹിയയെ അടയാളപ്പെടുത്തി.

കൊന്നതെന്തിന്?

പൊലീസ് വൃത്തങ്ങളിൽനിന്നു ലഭിച്ച വിവരമനുസരിച്ച് ഗൾഫിൽനിന്ന് വന്ന അബ്ദുൽ ജലീലിന്റെ കൈവശം ഏകദേശം ഒന്നേകാൽ കിലോയോളം സ്വർണം കൊടുത്തയച്ചിരുന്നു. ശരീരത്തിലൊളിപ്പിച്ചു കൊണ്ടുവന്ന ഈ സ്വർണത്തിനു വേണ്ടിയാണ് ജലീലിനെ പെരിന്തൽമണ്ണയിലേക്കു കൊണ്ടു വരുന്നത്. പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ അപാർട്മെന്റിൽ വച്ച് ജലീലിനെ പരിശോധിച്ചെങ്കിലും സ്വർണമൊന്നും കിട്ടിയില്ല. ഇതോടെ സ്വർണം മറിച്ചുകൊടുത്തോ എന്ന സംശയത്തിൽ മർദനം തുടങ്ങി. 15ന് വൈകിട്ട് ജലീലിനെ ആക്കപ്പറമ്പിലെ മൈതാനത്തിലെത്തിക്കുകയും കൂട്ടുകാരുടെ സഹായത്തോടെ മർദനം തുടരുകയും ചെയ്തു. 

1248-yahiya
അബ്ദുല്‍ ജലീലിനെ മുഖ്യപ്രതി യഹിയ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങള്‍

നിലവിൽ പിടിയിലായ അഞ്ചുപേരിൽ മൂന്നുപേർ ഈ മർദനത്തിൽ നേരിട്ടു പങ്കെടുത്തവരാണ്. പിന്നീട് വീണ്ടും പെരിന്തൽമണ്ണയിലെ അപാർട്മെന്റിലെത്തിച്ച് മൂന്നാംമുറയും ചോദ്യംചെയ്യലും തുടർന്നു. എന്നാൽ ഫലമുണ്ടായില്ല. പെരിന്തൽമണ്ണയിലെ അപാർട്മെന്റിൽനിന്ന് പൂപ്പലത്തെ ഒരു വീട്ടിലേക്ക് 18ന് ജലീലിനെ മാറ്റി. അടികൊണ്ട് അവശനിലയിലായ ജലീലിന് ഇതിനിടെ മരുന്നു വാങ്ങിക്കൊടുത്തു നോക്കിയിരുന്നു. ബോധരഹിതനായപ്പോൾ 2 നഴ്‌സിങ് അസിസ്‌റ്റന്റുമാരെ കാറിൽ ജലീലിനെ പാർപ്പിച്ച വീട്ടിലെത്തിച്ച് ഗ്ലൂക്കോസും മറ്റു ചില മരുന്നുകളും നൽകുകയും ചെയ്തു. എന്നാൽ സ്ഥിതി വഷളായതോടെ 19ന് രാവിലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

1248-malappuram-murder
യഹിയ, അറസ്റ്റിലായ മണികണ്ഠൻ, റഫീഖ് മുഹമ്മദ് മുസ്തഫ, അനസ് ബാബു, മുഹമ്മദ് അബ്ദുൽ അലി, അൽത്താഫ്

ദേഹത്ത് രക്തം കട്ട പിടിച്ച പാടുകൾ, തലച്ചോറിൽ രക്തസ്രാവം

പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി അധികൃതർ നൽകുന്ന വിവരമനുസരിച്ച് എത്തിക്കുമ്പോൾ അബോധാവസ്ഥയിലായിരുന്നു അബ്ദുൽ ജലീൽ. ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. തോളിനു സമീപം ചതവുണ്ടായിരുന്നു. രക്തം കട്ട പിടിച്ച നിലയിൽ കറുത്ത പാടുകൾ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായിരുന്നു. വയറിനു സമീപത്ത് ഉരഞ്ഞ പാടുണ്ടായിരുന്നു. തലയിൽ നെറ്റിക്കു സമീപം മുറിവും. പ്രഥമ കാഴ്‌ചയിൽ ആന്തരികാവയവങ്ങളുടെ പരുക്ക് സംശയിച്ചതിനെ തുടർന്നാണ് സിടി സ്‌കാൻ ചെയ്‌തത്. സ്‌കാനിങ്ങിൽ തലച്ചോറിൽ രക്തസ്രാവം കണ്ടതിനെ തുടർന്നു തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. പിന്നീട് വെന്റിലേറ്ററിലേക്കു മാറ്റി. ജീവൻ നിലനിർത്തുന്നതിനു പരമാവധി ശ്രമിച്ചെങ്കിലും 20ന് പുലർച്ചെ മരണത്തിനു കീഴടങ്ങി.  

English Summary: Saudi-returnee Jaleel was murdered, gold smuggling gangs under scanner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com