ഡൽഹി, പഞ്ചാബ്; ഇനി കർണാടക, മഹാരാഷ്ട്ര, ബംഗാൾ; കെസിആറിന്റെ പര്യടനം എന്തിന്?

k-chandrashekar-rao-1
കെ.ചന്ദ്രശേഖർ റാവു (ചിത്രം: എഎൻഐ, ട്വിറ്റർ)
SHARE

ന്യൂഡൽഹി∙ വിവാദമായ മൂന്നു കാർഷിക നിയമങ്ങൾക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിനിടെ മരിച്ച 600 കർഷകരുടെ കുടുംബങ്ങളെ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു (കെസിആർ) ചണ്ഡിഗഡിലെത്തി സന്ദർശിച്ചു. പ്രതിഷേധിച്ച കർഷകരെ ഖലിസ്ഥാനി, ഭീകരർ എന്നാണ് വിളിച്ചിരുന്നതെന്നും പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മാത്രമല്ല, രാജ്യത്തുടനീളം ഈ പ്രതിഷേധം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷകർക്ക് സർക്കാരുകളെ അട്ടിമറിക്കാൻ കഴിയും, അതൊരു വലിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കെസിആറിനൊപ്പം ചണ്ഡിഗഡിലെത്തി. പ്രമുഖ കർഷക നേതാവ് രാകേഷ് ടികായത്തും ചടങ്ങില്‍ പങ്കെടുത്തു. കർഷക പ്രക്ഷോഭത്തിനിടെ മരിച്ച കർഷകർക്കും ചൈനയുമായുള്ള ഏറ്റുമുട്ടലിനിടെ ഗാൽവാൻ താഴ്‌വരയിൽ വീരമൃത്യു വരിച്ച സൈനികർക്കും നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു.

കർഷക പ്രക്ഷോഭത്തിനിെട മരിച്ച കർഷകർക്ക് തെലങ്കാന സർക്കാർ മൂന്നു ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. കർഷക പ്രക്ഷോഭത്തിനിടെ മരിച്ച മാൻസയിലെ അഞ്ച് പേരുടെ കുടുംബങ്ങൾക്ക് കഴിഞ്ഞ ദിവസം പഞ്ചാബ് ആരോഗ്യ കുടുംബക്ഷേമ മന്ത്രി വിജയ് സിംഗ്ല 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിരുന്നു.

അതേസമയം, കെസിആറിന്റെ സന്ദർശനത്തെ വിമർശിച്ച് തെലങ്കാന കോൺഗ്രസ് രംഗത്തെത്തി. തന്റെ സംസ്ഥാനത്ത് എണ്ണായിരത്തിലധികം കർഷകർ ആത്മഹത്യ ചെയ്തിട്ടും മുഖ്യമന്ത്രി കണ്ണടച്ചിരിക്കുകയാണെന്ന് തെലങ്കാന കോൺഗ്രസ് വക്താവ് ദസോജു ശ്രാവൺ പറഞ്ഞു. കർഷകരോട് ഇത്രയേറെ ആശങ്കയുണ്ടെങ്കിൽ എന്തിനാണ് കേന്ദ്ര സർക്കാർ നേരത്തേ കൊണ്ടുവന്ന കാർഷിക നിയമങ്ങളെ മുഖ്യമന്ത്രി പിന്തുണച്ചതെന്നും അദ്ദേഹം ചോദിച്ചു.

ദേശീയ തലത്തിലുള്ള രാഷ്ട്രീയ സാമൂഹിക പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച ഡൽഹിയിലെത്തിയ കെസിആർ, ഡൽഹിയിലെ സർക്കാർ സ്‌കൂൾ സന്ദർശിച്ചിരുന്നു. ഡൽഹി മാതൃകയിൽ സ്‌കൂളുകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായും ശനിയാഴ്ച കൂടിക്കാഴ്ച നടത്തി.

മേയ് 26ന് ബെംഗളൂരുവിൽ മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തും. മേയ് 27ന് മഹാരാഷ്ട്രയിലെ റാലേഗൻ സിദ്ധിയിലെത്തി സാമൂഹികപ്രവർത്തകൻ അണ്ണാ ഹസാരെയെ കാണും. ചൈനയുമായുള്ള ഏറ്റുമുട്ടലിനിടെ ഗാൽവാൻ താഴ്‌വരയിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ കാണാൻ അടുത്ത ആഴ്ച ബംഗാളിലും ബിഹാറിലും സന്ദർശനം നടത്തും.

2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ സമാന ചിന്താഗതിക്കാരായ എല്ലാ പാർട്ടികളുമായും കോൺഗ്രസ് ഇതര മുന്നണി കെട്ടിപ്പടുക്കാൻ കെസിആർ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഭാഗമായാണ് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സന്ദർശമെന്നാണ് നിഗമനം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപും ഇത്തരമൊരു ശ്രമം നടത്താൻ അദ്ദേഹം ശ്രമിച്ചെങ്കിലും പിന്നീട് പിന്മാറിയിരുന്നു.

English Summary: "Farmers Can Change Governments": Telangana CM K Chandrashekar Rao In Chandigarh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA