ADVERTISEMENT

കീവ്∙ മരിയുപോളിലെ അസോവ്സ്റ്റാൾ ഉരുക്കുനിർമാണഫാക്ടറിയിൽ കീഴടങ്ങിയ യുക്രെയ്ൻ പോരാളികളെ റഷ്യ വിചാരണ ചെയ്യാൻ ഒരുങ്ങുന്നതായി സൂചന. കിഴക്കൻ യുക്രെയ്നിലെ റഷ്യൻ അനുകൂല പ്രദേശമായ ഡൊണറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്ക് നേതാവ് ഡെനിസ് പുഷിലിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി ഡൊണറ്റ്സ്ക്കിൽ പ്രത്യേക രാജ്യാന്തര ട്രൈബ്യൂണലും റഷ്യ സംഘടിപ്പിക്കുന്നണ്ടെന്ന് പുഷിലിൻ അറിയിച്ചു. എന്നാൽ എന്തു കുറ്റമാണ് ഇവർക്കെതിരെ ചുമത്തുകയെന്നു വ്യക്തമാക്കിയിട്ടില്ല.

മൂന്നു മാസം പിന്നിടുന്ന ആക്രമണത്തിലെ ഏറ്റവും വലിയ സൈനിക വിജയമായി മരിയുപോൾ പൂർണമായി റഷ്യ കീഴടക്കിയിരുന്നു. ചെറുത്തുനിന്ന 2,439 യുക്രെയ്ൻ പോരാളികൾ കീഴടങ്ങുകയും യുക്രെയ്ൻ സൈന്യത്തിന്റെ അവസാന താവളമായ അസോവ്സ്റ്റാൾ ഉരുക്കുനിർമാണഫാക്ടറി മോചിപ്പിക്കുകയും ചെയ്തു. ഉരുക്കുഫാക്ടറിയിൽനിന്നുള്ള പ്രതിരോധത്തിനു നേതൃത്വം നൽകിയ അസോവ് കമാൻഡർ അടക്കം യുക്രെയ്ൻ സൈനികരെ റഷ്യ യുദ്ധത്തടവുകാരാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ വിചാരണ ചെയ്യുമെന്ന വാർത്തയും പുറത്തുവരുന്നത്.

അതേസമയം, സുമിയിൽ പ്രദേശവാസിയെ കൊന്നതിന് റഷ്യൻ സൈനികനെ യുക്രെയ്ൻ ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ചു. ഇർകുട്‌സ്കിലെ സൈബീരിയൻ മേഖലയിൽനിന്നുള്ള 21 വയസ്സുകാരനായ വാദിം ഷിഷിമാറിനാണ് ശിക്ഷ ലഭിച്ചത്. വിചാരണയ്ക്കിടെ വാദിം കുറ്റമേറ്റിരുന്നു. യുദ്ധക്കുറ്റം, ആസൂത്രിത കൊലപാതകം എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.

റഷ്യൻ സൈനികനീക്കത്തിനിടെ ഫെബ്രുവരി 28ന് കിഴക്കൻ സുമി മേഖലയിലെ ചുപഖിവ്ക ഗ്രാമത്തിന് സമീപം സൈക്കിളിൽ സഞ്ചരിച്ച 62 വയസ്സുകാരനെ കൊലപ്പെടുത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. ഷിഷിമാറിൻ ഒരു ടാങ്ക് ഡിവിഷന്റെ കമാൻ‍‍ഡറായിരുന്നു.

English Summary: Ukraine Steel Plant Soldiers To Face Trial In Russia-Held Donetsk: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com