നടിയുടെ പരാതി സംശയകരം; ആ കേസാണ് ഗതി മാറ്റിമറിച്ചത്: ഇപിയെ തുണച്ച് കോടിയേരി

kodiyeri-balakrishnan-1
കോടിയേരി ബാലകൃഷ്ണൻ
SHARE

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ പരാതി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുൻപു വന്നത് സംശയകരമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതിജീവിതയ്ക്കൊപ്പം അന്നു മുതൽ ഇന്നു വരെ നിൽക്കുന്നതാണ് ഇടതു സർക്കാർ. പ്രോസിക്യൂഷൻ അതിന് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.

ഭരണപക്ഷത്തിന് എതിരായ ആക്ഷേപക്ഷങ്ങൾക്ക് അടിസ്ഥാനമില്ല. അങ്ങനെ ഉണ്ടെങ്കിൽ കോടതിയിൽ സമർപ്പിക്കട്ടെ, കോടതി തന്നെ പരിശോധിക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞതിനെ പിന്തുണച്ചാണ് വാർത്താ സമ്മേളനത്തിൽ കോടിയേരി നിലപാടു വ്യക്തമാക്കിയത്.

നടിയെ ആക്രമിച്ച കേസ് ഉണ്ടായപ്പോൾതന്നെ കാർക്കശ്യത്തോടെയാണ് പ്രശ്നം കൈകാര്യം ചെയ്തത്. അതിജീവിതയ്ക്കു നീതി കിട്ടുന്നതിനായി നിശ്ചയദാർഢ്യത്തോടെ ഇടപെട്ട സർക്കാരാണ് ഇത്. അതിൽ വളരെ പ്രമുഖനായ വ്യക്തി ഉൾപ്പെടെ അറസ്റ്റിലായി. യുഡിഎഫ് ഭരണമായിരുന്നെങ്കിൽ അങ്ങനെ ഒരാളെ അറസ്റ്റു ചെയ്യുമായിരുന്നോ എന്നു ചോദിച്ച അദ്ദേഹം, എൽഡിഎഫ് സർക്കാരായതിനാലാണ് അറസ്റ്റു നടന്നതെന്നും പറഞ്ഞു.

യുഡിഎഫ് എല്ലാക്കാലത്തും ഇത്തരം പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചട്ടുള്ളത്. എറണാകുളത്ത് പ്രതിയുമായി ബന്ധമുള്ളത് ആർക്കാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. സംസ്ഥാന ചലച്ചിത്രോത്സവത്തിൽ അതിജീവിതയെ പങ്കെടുപ്പിച്ച് മുഖ്യാതിഥിയാക്കിയ സർക്കാരാണ് ഇത്. അവർക്കൊപ്പമാണ് സർക്കാരെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്. അഭിഭാഷകരെ ചോദ്യം ചെയ്യണോ വേണ്ടയോ എന്നെല്ലാം അന്വേഷണ സംഘമാണ് തീരുമാനിക്കുന്നത്.

അഭിഭാഷകർക്ക് എല്ലാ രാഷ്ട്രീയക്കാരുമായും ബന്ധം കാണും. പക്ഷേ ഇത്തരം കാര്യങ്ങൾ നിയമപരമായി പരിശോധിച്ച ശേഷമാണ് ചെയ്യുക. അതിജീവിതയ്ക്ക് അനുകൂലമായ തീരുമാനങ്ങളാണ് സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. പ്രത്യേക വിചാരണ കോടതിയെ നിശ്ചയിക്കാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായി. ഇത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കേസിന്റെ വിചാരണ അന്തിമഘട്ടത്തിൽ എത്തി നിൽക്കെയാണ് അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് ഉയർന്നു വന്നത്.

ആ കേസാണ് നടിയെ ആക്രമിച്ച കേസിന്റെ ഗതി തന്നെ മാറ്റി മറിച്ചത്. അല്ലെങ്കിൽ നടപടികൾ പൂർത്തീകരിക്കേണ്ട സമയം കഴിഞ്ഞു. ആ കേസിൽ ഇപ്പോൾ അന്വേഷണം തുടരുകയാണ്. ഈ കേസിൽ സർക്കാർ പൂർണമായും പാർട്ടിയും അതിജീവിതയ്ക്കൊപ്പമാണ് എന്നു പരസ്യമായി പ്രഖ്യാപിക്കുന്നു. അതിജീവിതയ്ക്കു വേണ്ട എല്ലാ സംരക്ഷണവും സർക്കാരും പാർട്ടിയും നൽകും. ഇല്ലെന്ന തരത്തിലുള്ള ഒരു ആരോപണവും ഏൽക്കാൻ പോകുന്നില്ല. തൃക്കാക്കരയിൽ തിരഞ്ഞെടുപ്പു വന്നപ്പോൾ ഉയർന്ന ആരോപണം വസ്തുതകൾ അറിയുന്നവർ വിശ്വസിക്കാൻ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു.

English Summary: Actress attack case: Kodiyeri Balakrishnan on Survivor allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA