ADVERTISEMENT

ആലപ്പുഴ∙ 17 വര്‍ഷം മുന്‍പ് കാണാതായ മകനെ കാത്തിരിക്കാന്‍ ഇനി ആ അച്ഛനില്ല. ഏഴു വയസ്സുകാരന്‍ മകന്‍ രാഹുലിനെ കാണാതായ വിഷമത്തില്‍ നീറിനീറിക്കഴിഞ്ഞിരുന്ന ആലപ്പുഴ ആശ്രമം 17–ാം വാര്‍ഡ് രാഹുല്‍ നിവാസില്‍ എ.ആര്‍.രാജുവിനെ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളത്തിലെ കുപ്രസിദ്ധ തിരോധാനക്കേസുകളില്‍ ഒന്നായിരുന്നു രാഹുലിന്റേത്. രാഹുലിനു വേണ്ടിയുള്ള കാത്തിരിപ്പുമായി കഴിഞ്ഞ അച്ഛന്‍ രാജു കൂടി വിടപറഞ്ഞതോടെ ഇനി മകനു വേണ്ടി കാത്തിരിക്കാനുള്ളത് അമ്മ മിനി മാത്രം. പക്ഷേ, ഇപ്പോഴും ഒരു ചോദ്യം മാത്രം ബാക്കി, രാഹുൽ എവിടെ?

∙ ആ ദിവസം

2005 മേയ് 18. സമയം ഉച്ചയോടടുക്കുന്നു. ട്യൂഷനുപോയ രാഹുൽ ഓടിക്കിതച്ച് വീട്ടിൽ തിരിച്ചെത്തി. ക്രിക്കറ്റ് കളിക്കാൻ ഗ്രൗണ്ടിലേക്കു പോകാനുള്ള തിരക്കാണ്. ഭക്ഷണം കഴി‍ച്ച ശേഷം പോകാമെന്നു അമ്മ മിനി പറഞ്ഞെങ്കിലും കളി തുടങ്ങാനുള്ള ധൃതിയിൽ രാഹുൽ ഗ്രൗണ്ടിലേക്കോടി. വീടിനു സമീപത്തുതന്നെയായിരുന്നു ഗ്രൗണ്ട്. ആദ്യത്തെ രണ്ട് മത്സരം കഴിഞ്ഞ ശേഷം ഭക്ഷണം കഴിക്കാനായി രാഹുൽ തിരിച്ചെത്തി. ഭക്ഷണം കഴിച്ചശേഷം വീണ്ടും ഗ്രൗണ്ടിലേക്ക് ഓടാൻ തുടങ്ങിയ രാഹുലിനെ അമ്മ വിലക്കിയെങ്കിലും രാഹുൽ കൂട്ടാക്കിയില്ല.

കുറച്ചുസമയം കൂടി കളിച്ചിട്ടുവരാമെന്നു പറഞ്ഞ് രാഹുൽ ഗ്രൗണ്ടിലേക്കു പോയി. ഏകദേശം 4 മണിയായപ്പോൾ വെള്ളം കുടിച്ചിട്ടുവരാമെന്നു പറഞ്ഞ് രാഹുൽ വീട്ടിലേക്കു പോയതായി കൂട്ടുകാർ പറയുന്നു. എന്നാൽ 4 മണി കഴിഞ്ഞിട്ടും വീട്ടിലോ ഗ്രൗണ്ടിലോ രാഹുൽ എത്തിയില്ല. പെട്ടെന്നു വരാമെന്നു പറഞ്ഞ് പോയ മകൻ, 4.30 ആയിട്ടും വീട്ടിൽ തിരിച്ചെത്താതെ വന്നപ്പോൾ ഒരു വടിയുമായി മിനി ഗ്രൗണ്ടിലേക്കു പോയി. പക്ഷേ രാഹുൽ അവിടെ ഉണ്ടായിരുന്നില്ല. അവൻ വീട്ടിലേക്കു പോയിട്ട് കുറേ സമയമായെന്നായിരുന്നു കൂട്ടുകാരിൽനിന്നു ലഭിച്ച മറുപടി. ഇതോടെ മിനിക്ക് പേടിയായി. വീട്ടിലും പരിസരത്തുമെല്ലാം രാഹുലിനെ അന്വേഷിച്ച മിനിക്ക് അവനെ കണ്ടെത്താൻ സാധിച്ചില്ല.

∙ പരാതി പൊലീസിലേക്ക്

രാഹുലിനെ കാണാതായ അന്നുതന്നെ അമ്മ മിനിയും ബന്ധുക്കളും പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണം ഉണ്ടായില്ലെന്ന് ഇവർ ആരോപിച്ചു. കുട്ടിയെ കാണാനില്ലെന്നു പറഞ്ഞപ്പോൾ വീട്ടിൽനിന്നു സ്വർണമോ പണമോ മറ്റോ കാണാതായിട്ടുണ്ടോ എന്നായിരുന്നു പൊലീസ് ആദ്യം തിരിക്കിയതെന്ന് മിനി പറഞ്ഞു.

മകൻ സ്വർണവും പണവുമായി നാടുവിട്ടുപോയതാണെന്ന മട്ടിലായിരുന്നു പൊലീസിന്റെ അന്വേഷണവും ചോദ്യം ചെയ്യലുമെന്നും അതുകൊണ്ടുതന്നെ കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത ആദ്യ ഘട്ടത്തിൽ പൊലീസ് പരിശോധിച്ചില്ലെന്നും ബന്ധുക്കളും ആരോപിച്ചിരുന്നു. ഈ വീഴ്ചയാണ് രാഹുലിനെ തട്ടിക്കൊണ്ടുപോയവർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയതെന്നു വിശ്വസിക്കുന്നവരും കുറവല്ല.

∙ ഒരു താടിക്കാരന്റെ കഥ

രാഹുലിനെ കാണാതായ ദിവസം വൈകിട്ട് ഭിക്ഷക്കാരനെന്നു തോന്നിക്കുന്ന ഒരു താടിക്കാരൻ ആ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നതു കണ്ടവരുണ്ട്. ഈ താടിക്കാരനൊപ്പം രാഹുൽ പോകുന്നതു കണ്ടതായി രാഹുലിന്റെ ഒരു സുഹൃത്തും ആദ്യ ഘട്ടത്തിൽ മൊഴി നൽകിയിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. ഇതിനു പിന്നാലെ കുട്ടി മൊഴിമാറ്റിപ്പറഞ്ഞത് കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കി. താൻ അങ്ങനെയൊരു താടിക്കാരനെ കണ്ടിട്ടേയില്ലെന്നായിരുന്നു കുട്ടി പിന്നീട് പറഞ്ഞത്.

മൊഴിയുടെ അടിസ്ഥാനത്തിൽ കുട്ടിയെ ഇടയ്ക്കിടെ പൊലീസ് വിളിപ്പിക്കുമെന്നും അവന്റെ ഭാവി തന്നെ അവതാളത്തിലാകുമെന്നുമെല്ലാം ഭയന്ന രക്ഷിതാക്കൾ കുട്ടിയെ നിർബന്ധിച്ച് മൊഴി മാറ്റിക്കുകയായിരുന്നു എന്നും ആരോപണമുണ്ട്. കുട്ടി മൊഴിമാറ്റിയതോടെ പൊലീസ് അന്വേഷണം ഏറെക്കുറെ അവസാനിച്ച മട്ടായി. കേസിൽ മറ്റൊരു തെളിവോ സംശയിക്കാവുന്ന ആളുകളോ ഇല്ലാതിരുന്നതാണ് ഇതിനു കാരണം. പൊലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്നു കണ്ടതോടെ അന്വേഷണം സിബിഐ ഏറ്റെടുത്തു.

∙ നേരറിയാൻ സിബിഐ

alappuzha-rahul-missing-father-death
വർഷങ്ങൾക്ക് മുൻപ് കാണാതായ രാഹുലിന്റെ അച്‍ഛൻ രാജുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടികരയുന്ന ഭാര്യ മിനിയും മകൾ ശിവാനിയും (വലത്). ചിത്രം ∙ മനോരമ

ചെന്നൈ, മുംബൈ, കൊച്ചി എന്നീ മൂന്നു യൂണിറ്റുകളിൽനിന്നാണു കേസന്വേഷിക്കാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയത്. കേസുമായി ബന്ധപ്പെട്ട് 35 പേരെ ഇവർ ചോദ്യം ചെയ്തു. എന്നാൽ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതല്ലാതെ പുതുതായൊന്നും പറയാൻ സിബിഐക്കും ഉണ്ടായിരുന്നില്ല. ചോദ്യം ചെയ്യാൻ സ്ഥിരമായി വിളിപ്പിച്ചതോടെ അയൽക്കാരിൽ പലരും രാഹുലിന്റെ കുടുംബത്തിന് എതിരായി.

രാഹുലിന്റെ കുടുംബം സംശയം തോന്നുന്നവരുടെ ലിസ്റ്റ് സിബിഐക്ക് കൈമാറിയിട്ടുണ്ടെന്നും ആ ലിസ്റ്റ് അനുസരിച്ചാണ് അവർ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്നും വരെ നാട്ടിൽ സംസാരമുണ്ടായി. ഇതോടെ അയൽക്കാരും ബന്ധുക്കളും പതിയെ ഇവരിൽനിന്ന് അകലാൻ തുടങ്ങി. അന്വേഷണത്തിൽ കാര്യമായ ഒരു പുരോഗതിയും ഉണ്ടാക്കാൻ സാധിക്കാതെ വന്നതോടെ തോൽവി സമ്മതിച്ച് സിബിഐ മടങ്ങി. സിബിഐയുടെ ചരിത്രത്തിൽ തന്നെ ഒരുപക്ഷേ ഏറ്റവും നിരാശപ്പെടേണ്ടിവന്ന കേസുകളിൽ ഒന്നായി രാഹുലിന്റെ തിരോധാനം അവശേഷിക്കുന്നു.

∙ മുത്തച്ഛന്റെ പോരാട്ടം

രാഹുലിന്റെ തിരോധാനവുമായി നടന്ന നിയമ പോരാട്ടങ്ങൾക്ക് മുന്നിൽ നിന്നത് മുത്തച്ഛൻ ശിവരാമപ്പണിക്കരായിരുന്നു. രാഹുലിനെ കാണാതാകുമ്പോൾ അച്ഛൻ രാജു വിദേശത്ത് ജോലിയിലായിരുന്നു. കേസിന്റെ കാര്യങ്ങൾക്കെല്ലാം ഓടിനടന്നതും പൊലീസ് അന്വേഷണം ഫലം കാണാതെ വന്നപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമപോരാട്ടങ്ങൾ നടത്തിയതും ശിവരാമപ്പണിക്കരാണ്.

ശാസ്ത്രീയ അന്വേഷണങ്ങൾക്കും ഫലമില്ലാതായതോടെ 2013ൽ അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ തീരുമാനിച്ചു. ഇതു ചോദ്യം ചെയ്തു ശിവരാമപ്പണിക്കർ വീണ്ടും കോടതിയെ സമീപിച്ചു. സംശയമുള്ളവരെ ശരിയായി ചോദ്യം ചെയ്തില്ലെന്ന പണിക്കരുടെ വാദത്തിൽ കഴമ്പുണ്ടെന്നു കണ്ട് അന്വേഷണം തുടരാൻ കോടതി നിർദേശിച്ചു. അന്വേഷണം അവസാനിപ്പിക്കുകയാണെന്നു 2015ൽ കോടതിക്കു റിപ്പോർട്ട് നൽകി.

നാട്ടുകാരനായ ഒരു യുവാവിന്റെ പേരിൽ ആദ്യം സംശയമാരോപിച്ചതും അദ്ദേഹമായിരുന്നു. രാഹുലിനെ കാണാതായ ദിവസം അതുവഴി പോയ ഓട്ടോറിക്ഷയിൽനിന്നു കുട്ടിയുടെ കരച്ചിൽ കേട്ടതായി മൊഴിയുണ്ടായിരുന്നു. ഈ ദിവസം മേൽപറഞ്ഞ യുവാവ് സുഹൃത്തിന്റെ ഓട്ടോ എടുത്തുകൊണ്ടുപോയതും അടുത്ത ദിവസം ഉച്ചയോടെ വീട്ടിൽനിന്ന് അപ്രത്യക്ഷനായതും നാട്ടുകാരിൽ സംശയമുണർത്തിയിരുന്നു.

ഈ സാഹചര്യത്തിൽ യുവാവിനെയും വീട്ടുകാരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന് ശിവരാമപ്പണിക്കർ ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണംകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടായില്ല. 2019ൽ മരിക്കുന്നതുവരെ തന്റെ പേരക്കുട്ടിക്കുവേണ്ടിയുള്ള നിയമ പോരാട്ടങ്ങൾ ശിവരാമപ്പണിക്കർ തുടർന്നു, മരിക്കുന്നതിനു മുൻപ് ഒരു തവണയെങ്കിലും അവനെ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ.

∙ അച്ഛനും മടങ്ങി

രാഹുലിന്റെ തിരോധാനം അറിഞ്ഞതിനു പിന്നാലെ നാട്ടിലേക്കു മടങ്ങിയ രാജു പിന്നീട് ഒരു തവണ മാത്രമാണ് ജോലിക്കായി വിദേശത്തേക്കു പോയത്. മകനെ കണ്ടെത്താൻ താൻ നാട്ടിൽതന്നെ വേണമെന്നു വിശ്വസിച്ച രാജു, വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിൽ തുടർന്നു. പൊലീസിന്റെയും സിബിഐയുടെയും അന്വേഷണങ്ങൾ നടക്കുമ്പോഴും രാജുവും മിനിയും മകനുവേണ്ടി തങ്ങളുടേതായ രീതിയിൽ അന്വേഷണങ്ങളുമായി മുന്നോട്ടുപോയി. എവിടെയങ്കിലും ഒരു കുട്ടിയെ കളഞ്ഞുകിട്ടിയതായി വിവരം ലഭിച്ചാൽ ഇരുവരും ഉടൻ അവിടെ പാ‍ഞ്ഞെത്തും.

കേരളത്തിൽ ഉടനീളം മകനുവേണ്ടിയുള്ള അന്വേഷണവുമായ അവർ അല‍ഞ്ഞുനടന്നു. പത്രവാർത്തകണ്ടും മറ്റും ഒട്ടേറെ ഫോൺ കോളുകളും കത്തുകളുമാണ് ദിനംപ്രതി ഇവർക്കു ലഭിച്ചിരുന്നത്. പലതിലും രാഹുലിന്റെ രൂപസാദൃശ്യമുള്ള കുട്ടിയെ കണ്ടതായി വിവരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവിടെയെല്ലാം അന്വേഷിച്ചു ചെന്നെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. മകനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ രാജുവിനെ ശാരീരികമായും മാനസികമായും തളര്‍ത്തി.

കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ രാജുവിനെ കാണപ്പെട്ടത്. ഇതിലേക്കു നയിച്ചത് മകനെ നഷ്ടപ്പെട്ട വിഷാദവും ഇത്രയും നാളത്തെ കാത്തിരിപ്പ് വെറുതെയായെന്ന നിരാശയും ആണെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. അങ്ങനെ മുത്തച്ഛനു പിന്നാലെ രാഹുലിനെ ഒരുനോക്കു കാണാന്‍ സാധിക്കതെ അച്ഛനും മടങ്ങി.

∙ വല വിരിച്ച് തട്ടിപ്പു സംഘങ്ങളും

കുട്ടിയെ കണ്ടെത്തിത്തരാമെന്നു പറഞ്ഞ് പല തട്ടിപ്പു മന്ത്രവാദസംഘങ്ങളും ഇവർക്കു പുറകെ കൂടി. രാജു ഇത്തരം കാര്യങ്ങളിൽ വിശ്വാസമുള്ള ആളായതിനാൽ കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് നാട്ടിൽ എത്തിയ ആദ്യ ദിവസം തന്നെ ഒരു മഷിനോട്ടക്കാരനെ സമീപിച്ചിരുന്നു. ഇതു വാർത്തകളിലും വന്നിരുന്നു.

ഇതോടെയാണ് ഈ വിശ്വാസം മുതലെടുത്ത് പണം തട്ടാൻ പലരും ശ്രമിച്ചത്. കുട്ടിയെ കണ്ടെത്തിത്തരാമെന്നു പറഞ്ഞ് നിരവധി കത്തുകളും ഫോൺ കോളുകളുമാണ് ഇവർക്ക് ലഭിച്ചത്. ചിലരൊക്കെ ഈ പേരിൽ പണം തട്ടുകയും ചെയ്തു. പിന്നീട് പൊലീസ് നടപടിയെടുക്കാൻ തുടങ്ങിയതോടെയാണ് തട്ടിപ്പുസംഘങ്ങൾ ഒതുങ്ങിയത്.

∙ കൊന്നത് താൻ തന്നെ

ഇതിനിടെ രാഹുലിനെ കൊന്നത് താനാണെന്നു പറഞ്ഞ് കൃഷ്ണപിള്ള എന്നൊരു ക്രിമിനല്‍ രംഗത്തെത്തി. മറ്റൊരു കേസില്‍ പിടിക്കപ്പെട്ടപ്പോഴാണ് പ്രതി ഈ വാദം ഉന്നയിച്ചത്. രാഹുലിനെ താനാണ് കൊന്നതെന്നും മൃതദേഹം പരിസരത്തെ കാട്ടില്‍ കുഴിച്ചിട്ടെന്നുമായിരുന്നു അവകാശ വാദം. എന്നാല്‍ ഇയാള്‍ പറഞ്ഞ പ്രദേശം മുഴുവന്‍ പരിശോധിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. അതോടെ ആ മാര്‍ഗവും അടഞ്ഞു. ഇതിനിടെ രാഹുലിന്റേതാണെന്നു സംശയിക്കുന്ന ചില അ‍ജ്ഞാത മൃതദേഹങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും രാഹുലിന്റേതാണെന്നു സ്ഥിരീകരിക്കാന്‍ സാധിച്ചില്ല.

∙ രാഹുൽ എവിടെ?

ഉത്തരം കിട്ടാത്ത ഈ ചോദ്യത്തിനു പിന്നാലെ പൊലീസ് ഉൾപ്പെടെ പല അന്വേഷണ ഏജൻസികളും വർഷങ്ങളായി അലഞ്ഞു കൊണ്ടിരിക്കുകയാണ്. ഭിക്ഷാടകസംഘം തട്ടിക്കൊണ്ടുപോയതാണെന്ന അനുമാനത്തിലാണ് ഭൂരിഭാഗം പേരും എത്തിച്ചേർന്നത്. എന്നാൽ എങ്ങനെ കൊണ്ടുപോയി, എങ്ങോട്ടു കൊണ്ടുപോയി തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്ക് ഇന്നും ഉത്തരമില്ല. മകൻ ജീവിച്ചിരിക്കുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്ന അമ്മ മിനി, ഇന്നല്ലെങ്കിൽ നാളെ അവൻ വീട്ടിൽ തിരിച്ചെത്തുന്നമെന്ന പ്രതീക്ഷയിലാണ്.

English Summary: Alappuzha Rahul Missing Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com