കോട്ടയം ∙ മറ്റക്കര പാദുവയിൽ മകൾ അമ്മയെ വെട്ടിക്കൊന്നു. പാദുവ സ്വദേശിനി ശാന്ത ബാലകൃഷ്‌ണനാണ് വെട്ടേറ്റ് മരിച്ചത്. 68 വയസ്സായിരുന്നു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. മകൾ രാജേശ്വരിയാണ് കുറ്റകൃത്യത്തിന് പിന്നിലെന്നും ഇവർക്കു മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ അമ്മയും മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
അമ്മയും മകളും തമ്മിൽ വാക്കുതർക്കം പതിവായിരുന്നു. ഉച്ചയ്ക്ക് രൂക്ഷമായ വാക്കുതർക്കത്തിനൊടുവിൽ മകൾ വാക്കത്തികൊണ്ട് ശാന്തയെ വെട്ടുകയായിരുന്നു. തലയിലും മുഖത്തും വെട്ടേറ്റ ശാന്ത സമീപത്ത് താമസിക്കുന്ന മകന്റെ സഹായത്തിനായി പുറത്തേക്കോടി. ഇത് കണ്ട് അയൽവാസികൾ വിവരം പൊലീസിൽ അറിയിച്ചു. ശാന്തയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജേശ്വരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
English Summary: Daughter kills mother in Kottayam