ADVERTISEMENT

കൊല്ലം ∙ സ്ത്രീധനമായി നൽകിയ കാറിന്റെയും സ്വർണത്തിന്റെയും പേരിൽ ഭർത്താവ് കിരൺകുമാർ പീഡിപ്പിക്കുന്ന കാര്യം വിസ്മയ തന്നോടു പറഞ്ഞിരുന്നതായി ഉറ്റ കൂട്ടുകാരി വിദ്യയുടെ മൊഴി കേസിൽ നിർണായകമായി. ബാക്കി സ്ത്രീധനം ലഭിച്ച ശേഷമേ കിരൺ കൂട്ടിക്കൊണ്ടു പോവുകയുള്ളൂയെന്നും വീട്ടിൽ നിർത്തി പോയിരിക്കുകയാണെന്നും വിസ്മയ പറഞ്ഞതായും നാലാം സാക്ഷിയായ വിദ്യ ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.സുജിത്ത് മുൻപാകെ മൊഴി നൽകിയിരുന്നു. വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ വിവാഹത്തിനു കണ്ടപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

വിജിത്തിന്റെ വിവാഹം കഴിഞ്ഞ് വിസ്മയ, കിരണിന്റെ വീട്ടിൽ പോയ ശേഷം വാട്സാപ്പിലും ഫെയ്സ്ബുക്കിലും മെസഞ്ചറിലും ചാറ്റ് ചെയ്തിരുന്നു. കിരൺ വരുമ്പോൾ വിസ്മയ സംസാരിക്കാറില്ല. കിരണിന്റെ മുന്നിൽ അഭിനയിക്കുകയാണെന്നും ജീവിതം മടുത്തുവെന്നും ചാറ്റ് ചെയ്തിരുന്നു. എങ്ങനെയെങ്കിലും കിരണിന്റെ വീട്ടിൽനിന്നു പോകാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചതായും സാക്ഷി മൊഴി നൽകി. വിസ്മയയുമായി സംസാരിച്ചത് അവരുടെ വിവാഹ വാർഷിക ദിനമായ 2021 മേയ് 31ന് ആണ്. സ്ത്രീധനത്തിന്റെ പേരിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ പറഞ്ഞു കരഞ്ഞു. സംസാരം അവിചാരിതമായി തന്റെ ഫോണിൽ റെക്കോർഡ് ആയി. ഫോണിലെ സംസാരവും ചാറ്റും സാക്ഷി തിരിച്ചറിഞ്ഞു.

വിസ്മയ കരഞ്ഞുകൊണ്ടു വീട്ടിലേക്കു കയറിവന്നെന്നും കിരൺ കൂടെ ഉണ്ടായിരുന്നതായും കിഴക്കേകല്ലട സ്വദേശി ഷൈല മൊഴി നൽകി. കൊല്ലത്തുനിന്നു വരുമ്പോൾ കാറിന്റെ കാര്യം പറഞ്ഞു കിരൺ വഴക്കുണ്ടാക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി വിസ്മയ തന്നോടു പറഞ്ഞതായും ഷൈല മൊഴി നൽകിയിരുന്നു. മോട്ടിവേഷനൽ സ്പീക്കർ നിപിൻ നിരവത്തും സമാനമായ മൊഴി നൽകി. 2021 ഫെബ്രുവരി 26നു ഫെയ്സ്ബുക് വഴി സംസാരിക്കണമെന്നു പറഞ്ഞു വിസ്മയ വിളിക്കുകയും അടുത്തദിവസം ഗൂഗിൾ മീറ്റ് വഴി താനുമായി സംസാരിക്കുകയും ചെയ്തു.

പഠിക്കാൻ ഏകാഗ്രത കിട്ടുന്നില്ല എന്നാണ് വിസ്മയ ആദ്യം പറഞ്ഞത്. കാരണം അന്വേഷിച്ചപ്പോൾ സ്ത്രീധനത്തിനു വേണ്ടി ഭർത്താവിന്റെ ഭാഗത്തു നിന്നുള്ള പീഡനമാണെന്നു മനസ്സിലായി. വിസ്മയയുടെ മുഖത്ത് കിരൺ ബൂട്ട് കൊണ്ടു ചവിട്ടിയതായും പറഞ്ഞു. ഇത്രയും പീഡനം സഹിച്ചിട്ടും വിവാഹ മോചനത്തെക്കുറിച്ചു ചിന്തിക്കാത്തത് എന്താണെന്നു ചോദിച്ചു. കിരണിനെ വലിയ ഇഷ്ടമാണെന്നായിരുന്നു വിസ്മയയുടെ മറുപടി. ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ ബന്ധപ്പെടാൻ പറയുകയും നമ്പർ നൽകിയതായും സാക്ഷി മൊഴി നൽകി. 

English Summary: Eyewitness reveals Vismaya faced severe torture from her husband 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com