തിരുവനന്തപുരം ∙ പരിമിത സാഹചര്യങ്ങളോടു പടപൊരുതി തിരുവനന്തപുരം സ്വദേശിനിയായ അഞ്ജന വി.വേണു ബിഡിഎസ് പഠനം പൂര്‍ത്തിയാക്കുമ്പോള്‍ ബാര്‍ട്ടണ്‍ഹില്‍ കോളനിക്കു ലഭിക്കുന്നത് ആദ്യത്തെ ഡോക്ടറെക്കൂടിയാണ്. കാസര്‍കോട് ഡെന്റല്‍ കോളജില്‍നിന്ന് ബിഡിഎസ് പൂര്‍ത്തിയാക്കിയ അഞ്ജന ഹൗസ് സര്‍ജന്‍സിക്കായി ഒരുങ്ങുകയാണ്. വീട്ടുജോലി ചെയ്തു തന്നെ പഠിപ്പിച്ച അമ്മയാണ് ഇനിയുമുള്ള സ്വപ്നങ്ങള്‍ക്കു കരുത്ത് എന്ന് അഞ്ജന പറയുന്നു.
അഞ്ജനയ്ക്ക് ഒരു വയസ്സ് തികയും മുന്‍പേ അച്ഛന്‍ ഉപേക്ഷിച്ചുപോയി. അന്ന് മുതലുള്ള അമ്മയുടെ 25 വര്‍ഷത്തെ അധ്വാനമാണ് ഇന്നത്തെ ഈ ചിരി. പ്ലസ്ടുവിന് 92% മാര്‍ക്കോടെ പാസായ അഞ്ജനയ്ക്കു ഡോക്ടറാകണം എന്ന ആഗ്രഹത്തിനു കരുത്തായി അമ്മ ഒപ്പമുണ്ടായിരുന്നു. മെറിറ്റില്‍ പ്രവേശനം നേടി പഠനം പൂര്‍ത്തിയാക്കിയ അഞ്ജന ഇന്നു നാട്ടുകാരുടെ കൂടി അഭിമാനമാണ്.
കഷ്ടപ്പാടിനൊരു ഫലം കിട്ടിയെന്ന് അമ്മ പറയുന്നു. വീട്ടുജോലി ചെയ്താണ് രണ്ടു മക്കളെയും പഠിപ്പിച്ചത്. മറ്റേയാൾ എൻജിനീയറാണ്. വളരെ അഭിമാനമാണെന്നും അമ്മ പറയുന്നു. അമ്മയുടെ കഠിനാധ്വാനത്തിന്റെയും പിന്തുണയുടെയും ഫലമാണ് തനിക്ക് ഇന്നിവിടെ നിൽക്കാൻ സാധിച്ചതിനു പിന്നിലെന്ന് അഞ്ജന പറയുന്നു. അഭിമാനവും സന്തോഷവും തോന്നുന്നു.
ചെറുപ്പകാലത്ത് സ്വസ്ഥമായി ഇരുന്ന് പഠിക്കാനുള്ള സൗകര്യങ്ങള്‍ കുറവായിരുന്നുവെന്ന് അഞ്ജന പറഞ്ഞു. അന്ന് വീടുകള്‍ മാറിമാറി ജോലി ചെയ്ത അമ്മ കൊണ്ട വെയിലായിരുന്നു ഈ മകള്‍ക്ക് തണല്‍. ഉപരിപഠനം പൂര്‍ത്തിയാക്കണമെന്നും പഠിക്കാനായി തന്നെപ്പോലെ ഏറെ ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കുമെന്നും അഞ്ജന കൂട്ടിച്ചേർത്തു.
English Summary: Inspiring story of Anjana