തിരുവനന്തപുരം∙ പൊതുമരാമത്ത് വകുപ്പിനെതിരെ സമൂഹമാധ്യമത്തിൽ കുറിപ്പിട്ട കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് സന്തോഷിക്കാൻ കെപിസിസി പ്രസിഡന്റിന് പല കാരണങ്ങളാൽ ആഗ്രഹം കാണുമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജ് ഫ്ളൈഓവറും പൊതുമരാമത്ത് വകുപ്പും തമ്മിൽ എന്താണ് ബന്ധമെന്ന് സുധാകരൻ വ്യക്തമാക്കണമെന്ന് മന്ത്രി ഫെയ്സ്ബുക് കുറിപ്പിൽ പറഞ്ഞു.
'ഒരു വിഷയം വരുമ്പോൾ അതിനെ കുറിച്ച് പഠിച്ചു പോസ്റ്റ് ചെയ്യുന്നതല്ലേ ഉത്തരവാദിത്തസ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയിൽ ഭംഗി? സമൂഹ്യ മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് പലതരത്തിലുള്ള പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിലൊന്നും പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്. എന്നാൽ കെപിസിസി അധ്യക്ഷൻ തന്നെ ഇങ്ങനെ നിരുത്തരവാദപരമായി അസംബന്ധ പ്രസ്താവന ഇറക്കുമ്പോൾ പ്രതികരിക്കാതെ തരമില്ല. പ്രതികരിക്കുന്നവർക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമ്മറ്റ അസംബന്ധങ്ങളാണ് ദിനംപ്രതി അങ്ങയിൽ നിന്ന് പുറത്തുവരുന്നത്'-റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ഫ്ളൈഓവർ ഉദ്ഘാടനത്തിന് മുൻപ് തന്നെ തകർന്നതായി സുധാകരൻ ഫെയ്സ്ബുക് പോസ്റ്റിൽ ആരോപണമുന്നയിച്ചിരുന്നു. ഈ വിഷയത്തിൽ പൊതുമരാമത്ത് മന്ത്രി റിയാസിന്റെ രാജിയും സുധാകരൻ ആവശ്യപ്പെട്ടിരുന്നു.
English Summary: Mohammed Riyas reacts to K Sudhakaran's allegations on Trivandrum Medical College Flyover