ADVERTISEMENT

ടോക്കിയോ ∙ ഇൻഡോ–പസിഫിക് മേഖലയുടെ ശാക്തീകരണവും ക്വാഡ് രാജ്യങ്ങളുടെ സൈനിക സാമ്പത്തിക സഹകരണവും മുഖ്യ ചര്‍ച്ചയാകുന്ന ക്വാഡ് ഉച്ചകോടിക്ക് ടോക്കിയോയില്‍ തുടക്കം. 2007ൽ രൂപീകരിച്ച ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് ആണ് ക്വാഡ് എന്ന പേരിൽ അറിയപ്പെടുന്ന സഖ്യം. യുഎസിന്റെ നേതൃത്വത്തിലുള്ള ക്വാഡ് സഖ്യത്തിൽ ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് നിലവിലെ അംഗങ്ങൾ. 

യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും. ചൈന നടത്തുന്ന ആധിപത്യ ശ്രമങ്ങൾക്കിടയിൽ, മേഖലയിൽ സ്വാതന്ത്ര്യവും പരമാധികാരവും ഉറപ്പുവരുത്താനാണ് ചതുർരാഷ്ട്ര (ക്വാഡ്) കൂട്ടായ്മ ശ്രമിക്കുന്നത്. എല്ലാവർക്കും ഒരേ അവകാശമുള്ള പൊതുവായ സ്വതന്ത്ര സംവിധാനമുള്ള ഇൻഡോ–പസിഫിക് മേഖല ക്വാഡ് രാജ്യങ്ങളുടെ സംയ്‌കുത താത്പര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

സഹകരണം ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകൾ മോദി മുന്നോട്ടുവച്ചു. എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഭീഷണികൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ക്വാഡ് വളരെ പ്രസക്തിയുള്ള സഖ്യമാണ്. സഞ്ചാര സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പു വരുത്തുന്ന ഇൻഡോ-പസഫിക് മേഖല ക്വാഡ് സഖ്യത്തിന്റെ ആത്യന്തികമായ ലക്ഷ്യമാണെന്നും മോദി പറഞ്ഞു. 

1248-quad-modi
ക്വാഡ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നു (Photo by SAUL LOEB / AFP)

ചൈനയും ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം സംഘർഷഭരിതമായ സാഹചര്യത്തിലാണ് നേതാക്കളുടെ രണ്ടാമത്തെ നേരിട്ടുള്ള കൂടിക്കാഴ്ച നടക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിത, ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനീസ് എന്നിവരുമായി മോദി ചർച്ചകൾ നടത്തും. 

സാങ്കേതികവിദ്യ, വിതരണ ശൃംഖല, സുരക്ഷ, പാരമ്പര്യേതര ഊർജം, കണക്റ്റിവിറ്റി, ഡിജിറ്റൽ വ്യാപാരം, അതിജീവനശേഷിയുള്ള സമ്പദ്‌വ്യവസ്ഥ തുടങ്ങിയവയിലെ സഹകരണം ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും. ഇൻഡോ–പസിഫിക് മേഖലയിൽ ചൈന നടത്തുന്ന അനധികൃത മത്സ്യബന്ധനം തടയുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച ചർച്ചകളും ഉച്ചകോടിയിലുണ്ടാകും.

English Summary: Quad A Force For Good, Makes Indo-Pacific Better: PM Modi At Tokyo Summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com