കൊച്ചി∙ മൺസൂണിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരത്തിലെ കാനകളെല്ലാം കോരി മാറ്റിയിട്ടും പതിവായി വെള്ളം കയറുന്ന പ്രദേശങ്ങൾ ചൊവ്വാഴ്ചയും വെള്ളത്തിനടിയിലായി. തിങ്കൾ രാത്രി ഇടവിട്ടു പെയ്ത മഴയിൽ കൊച്ചി നഗരത്തിന്റെ പല പ്രദേശങ്ങളും വെള്ളത്തിലായതായിരുന്നു ചൊവ്വാ രാവിലത്തെ കാഴ്ച. പതിവുപോലെ കെഎസ്ആർടിസി സ്റ്റാൻഡ്, എംജി റോഡ്, പനമ്പള്ളി നഗർ പ്രദേശങ്ങളിൽ വെള്ളം നിറഞ്ഞത് ജനജീവിതം ദുസ്സഹമാക്കി.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെള്ളം കയറിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ബ്രോഡ്‍വേയ്ക്കു സമീപം കടകളിലും വെള്ളം കയറിയത് കച്ചവടങ്ങളെയും ബാധിച്ചു. കഴിഞ്ഞ ദിവസങ്ങളിലേതിനു സമാനമായി നിർത്താതെ മഴ തിങ്കൾ രാത്രിയിലോ ഇന്നു പുലർച്ചെയോ പെയ്തിരുന്നില്ല. എന്നിട്ടും വെള്ളക്കെട്ടുകൾ നിറഞ്ഞത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
പത്തുമണിയോടെ മഴ മാറി നിന്നതോടെ മിക്ക പ്രദേശങ്ങളിൽനിന്നും വെള്ളം ഒഴിഞ്ഞു. മഴ മുന്നറിയിപ്പ് ചൊവ്വാഴ്ച എറണാകുളം ജില്ലയിൽ ഇല്ലായിരുന്നു. എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളായ കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ പ്രദേശങ്ങളിലും ചൊവ്വാഴ്ച ശക്തമായ മഴയുണ്ടായിരുന്നില്ല.
കൊച്ചി പനമ്പള്ളി നഗർ ഭാഗത്ത് രൂപപ്പെട്ട വെള്ളക്കെട്ട്. വിഡിയോ ∙ ഇ.വി.ശ്രീകുമാർ
English Summary: Rains cause waterlogging in Kochi