സ്ത്രീധന പീഡനത്തെ തുടർന്നു കൊല്ലം സ്വദേശി വിസ്മയ ജീവനൊടുക്കിയ കേസിൽ പ്രതിയും ഭർത്താവുമായ കിരൺകുമാറിനു 10 വർഷം തടവുശിക്ഷ വിധിച്ച കോടതി വിധി തൃപ്തികരമാണോ? മലയാള മനോരമ നിയമകാര്യ ലേഖിക റോസമ്മ ചാക്കോ വിലയിരുത്തുന്നു. വിസ്മയയുടെ കുടുംബത്തിനു നീതി ലഭിച്ചുവെന്നു പ്രോസിക്യൂഷൻ പറയുന്നു. പ്രതീക്ഷിച്ച ശിക്ഷ ലഭിച്ചില്ലെന്ന് അമ്മ പരാതിപ്പെടുന്നു. ഏതായാലും പ്രതിയെ ശിക്ഷിച്ചുവല്ലോ എന്ന ആശ്വാസത്തിലാണു പൊതുസമൂഹം. സ്ത്രീധന മരണ കുറ്റം തെളിയിക്കുന്നതും ശിക്ഷയിൽ എത്തിക്കുന്നതും അത്ര എളുപ്പമല്ലെന്ന അനുഭവമാണു നിയമലോകം പങ്കുവയ്ക്കുന്നത്. വിവാഹിതയായി 7 വർഷത്തിനകം സ്ത്രീധനവുമായി ബന്ധപ്പെട്ടു ഭർത്താവിന്റെയോ ഭർതൃബന്ധുക്കളുടെയോ ക്രൂരമായ പെരുമാറ്റം മൂലം ഒരു സ്ത്രീ തീപ്പൊള്ളലേറ്റോ പരുക്കേറ്റോ അസ്വാഭാവിക സാഹചര്യത്തിലോ മരിച്ചാൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ സ്ത്രീധന മരണമെന്ന കുറ്റത്തിനു കേസെടുക്കാം. ഇന്ത്യൻ ശിക്ഷാ നിയമം 304 ബി വകുപ്പു പ്രകാരം 7 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പക്ഷേ, സംഭവിക്കുന്നത് എന്താണ്? സ്ത്രീധനത്തിന്റെ പേരിലുള്ള അസ്വാഭാവിക മരണങ്ങൾ ചർച്ചയാകുന്നതു തന്നെ വിരളം. ആത്മഹത്യയിലേക്കും അസ്വാഭാവിക മരണത്തിലേക്കും നയിച്ചതു സ്ത്രീധന പീഡനമാണെന്നു തെളിയിക്കുക ഏറെ ദുഷ്കരം; പല കേസുകളിലും പ്രതികൾ രക്ഷപ്പെടുകയാണു പതിവ്. 1961ൽ സ്ത്രീധന നിരോധന നിയമം നടപ്പാക്കി ആറു പതിറ്റാണ്ടു കഴിഞ്ഞിട്ടും നിയമം എത്രത്തോളം നിഷ്ഫലമാണെന്നതിനു തെളിവു തേടി മറ്റെങ്ങും പോകണ്ട. ചുറ്റും ഒന്നു കണ്ണോടിച്ചാൽ മാത്രം മതി. വിവാഹപ്രായമെത്തിയ പെൺമക്കളുള്ള രക്ഷിതാക്കളുടെ നെട്ടോട്ടം, വിവാഹ മാർക്കറ്റിൽ ആൺമക്കളെ വച്ചുള്ള വിലപേശൽ... വിസ്മയ, ഉത്ര കേസുകൾക്കു ശേഷം ചില കോണുകളിൽ നിന്നെങ്കിലും സ്ത്രീധന വിപത്തിനെതിരെ ഒരു മുന്നേറ്റം ഉണ്ടായി എന്നതു മറന്നുകൂടാ. പക്ഷേ സമൂഹം ഒറ്റക്കെട്ടായി ഇതിനെതിരെ നിലകൊള്ളുന്ന കാലം എന്നുണ്ടാകും? സ്ത്രീധനം വാങ്ങില്ലെന്നു പറയാൻ നമ്മുടെ ആൺമക്കൾ എന്നു തയ്യാറാകുമോ, സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷനെ വേണ്ടെന്നു പറയാൻ നമ്മുടെ പെൺമക്കൾ എന്നു ധൈര്യം കാട്ടുമോ, അതു വരെ നമ്മുടെ കുടുംബങ്ങളിൽ ഈ വിപത്ത് തുടരും. സ്കൂൾതലം മുതൽ കുട്ടികൾക്കു ബോധവൽക്കരണം നൽകേണ്ട വിഷയമാണിത്. ബന്ധപ്പെട്ട നിയമങ്ങളെ കുറിച്ച് പൊതുസമൂഹത്തിന് അവബോധം ഉണ്ടാകുകയും വേണം. എന്താണ് സ്ത്രീധന നിരോധന നിയമം? സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെ നിയന്ത്രിക്കാൻ ഈ നിയമത്തിലൂടെ നിലവിൽ സാധിക്കുന്നുണ്ടോ? നിയമമുണ്ടായിട്ടും കേരളത്തിൽ എന്തുകൊണ്ടാണ് സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട മരണങ്ങൾ ഏറുന്നത്? ഈ നിയമത്തിൽ എന്തെങ്കിലും പോരായ്മകളുണ്ടോ? വിലയിരുത്തുകയാണിവിടെ...
ഇനിയൊരു കിരൺ ഉണ്ടാകാതിരിക്കാൻ വേണം നിയമത്തില് മാറ്റം?വിസ്മയയ്ക്ക് നീതി ലഭിച്ചോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.