ADVERTISEMENT

ന്യൂഡൽഹി∙ മുതിർന്ന അഭിഭാഷകനും  മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ കോൺഗ്രസ് അംഗത്വം രാജിവച്ചു. സമാജ്‌വാദി പാർട്ടി (എസ്പി) ടിക്കറ്റിൽ രാജ്യസഭയിലേക്ക് പത്രിക നൽകി. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമെത്തിയാണ് പത്രിക നൽകിയത്. മേയ് 16ന് രാജിക്കത്ത് സമർപ്പിച്ചിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിശാല സഖ്യമാണ് ലക്ഷ്യമെന്നും കപിൽ സിബൽ പ്രതികരിച്ചു. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയ 23 നേതാക്കളില്‍ ഒരാളാണ് കപില്‍ സിബല്‍.

സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നതെന്നും രാജ്യസഭയില്‍ സ്വതന്ത്ര ശബ്ദമാകാന്‍ ആഗ്രഹിക്കുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കു വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സമാജ്‌വാദി പാർട്ടി. അടുത്തിടെ എസ്പി നേതാവ് അസം ഖാനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ കപില്‍ സിബല്‍ അദ്ദേഹത്തിന് ഇടക്കാല ജാമ്യം നേടിക്കൊടുത്തിരുന്നു. 2017ല്‍ എസ്പിയില്‍ കുടുംബകലഹം ഉണ്ടായപ്പോള്‍ സൈക്കില്‍ ചിഹ്നം നേടാന്‍ അഖിലേഷിനെ സഹായിച്ചത് കപില്‍ സിബല്‍ ആയിരുന്നു.

ഈ മാസം ആദ്യം രാജസ്ഥാനിലെ ജയ്പുരിൽ നടന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ കപിൽ സിബൽ പങ്കെടുത്തിരുന്നില്ല. അടുത്ത മാസമാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. ഉത്തർപ്രദേശിൽ 11 സീറ്റുകളിലാണ് ഒഴിവുവരുന്നത്. ഇതിൽ മൂന്ന് സീറ്റുകൾ എസ്പിക്ക് അനുകൂലമാണ്. അതിലൊന്നാണ് കപിൽ സിബലിനായി മാറ്റിവച്ചിരിക്കുന്നത്.

അടുത്തിടെ, പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ സുനിൽ ഝാക്കറും ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റായിരുന്ന ഹാർദിക് പട്ടേലും കോൺഗ്രസ് വിട്ടിരുന്നു. 

English Summary: Kapil Sibal Quits Congress, Is Samajwadi Party's Rajya Sabha Candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com