ADVERTISEMENT

കോട്ടയം ∙ കൃഷി നശിപ്പിക്കുകയും ജനവാസ മേഖലകളിലേക്കു കയറുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനോ പരമ്പരാഗത രീതിയിൽ കുരുക്കിട്ടു പിടിക്കുന്നതിനോ ഉത്തരവിടാനുള്ള അധികാരം തദ്ദേശഭരണ സ്ഥാപനത്തിലെ അധ്യക്ഷന്മാർക്കു നൽകാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തതായി മന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു. 

ഇതിനുള്ള ഡെലിഗേറ്റിങ് ഓഫിസർമാർ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരായിരിക്കും. ഇങ്ങനെ കൊല്ലുന്ന കാട്ടുപന്നികളെ ശാസ്ത്രീയമായി സംസ്കരിക്കണം. മണ്ണെണ്ണ ഒഴിച്ചു കത്തിക്കണം എന്ന മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ശാസ്ത്രീയമായി സംസ്കരിക്കണം എന്നു ചേർത്തിരിക്കുന്നത്. അതാതു മേഖലയിൽ തോക്ക് ലൈസൻസുള്ളവരുടെ പാനൽ തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ തയാറാക്കി വയ്ക്കണം. ഇങ്ങനെയുള്ളവരില്ലെങ്കിൽ പൊലീസിന്റെ സഹായം തേടാം. 

വൈദ്യുതി ഉപയോഗിച്ചോ, വിഷ പ്രയോഗത്തിലൂടെയോ കാട്ടുപന്നികളെ കൊല്ലാൻ പാടില്ലെന്ന ഉത്തരവ് കർശനമായി നടപ്പാക്കും. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു നടപടിയെടുക്കുന്നതു സംബന്ധിച്ചു തീരുമാനം ഉണ്ടോ എന്നു ഡീൻ കുര്യാക്കോസ് എംപി പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിനു ചീഫ് വൈൽഡ് ലൈഫ് ഓഫിസർക്ക് ഇതു സംബന്ധിച്ച് അനുവാദം നൽകിയുള്ള കത്ത് നൽകിയിട്ടുണ്ടെന്നായിരുന്നു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി നൽകിയ ഉത്തരം. 

എന്നാൽ 1974ലെ വനം സംരക്ഷണ നിയമം 11(ബി) അനുശാസിക്കുന്ന നടപടിയെ പാടുള്ളുവെന്നു സംസ്ഥാനത്തിനു  കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം കത്ത് നൽകുകയും ചെയ്തു. പരസ്പരം ആശയക്കുഴപ്പമുണ്ടാക്കുക എന്ന കുബുദ്ധിയാണു കേന്ദ്ര മന്ത്രി പ്രയോഗിച്ചത്. ഇതിലുള്ള അതൃപ്തി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നു കഴിഞ്ഞ രണ്ടു വർഷമായി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുന്നതാണ്. ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണു സർക്കാരിന്റെ പുതിയ തീരുമാനമെന്നും എ. കെ. ശശീന്ദ്രൻ പറഞ്ഞു.

English Summary:Local bodies can give nod for shooting wild boars: Kerala Cabinet decides

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com