വിവാഹം കഴിഞ്ഞ് 53 വർഷം; പരേതരായ ദമ്പതികളുടെ വിവാഹം റജിസ്റ്റർ ചെയ്യാൻ അനുമതി നൽകി മന്ത്രി

mv-govindan-2
മന്ത്രി എം.വി.ഗോവിന്ദൻ
SHARE

തിരുവനന്തപുരം∙ പാലക്കാട്‌ ശേഖരിപുരം സ്വദേശികളായ പരേതരായ സി.ഭാസ്കരൻ നായരുടെയും ടി.കമലത്തിന്റെയും വിവാഹം 53 വർഷത്തിനു ശേഷം റജിസ്റ്റർ ചെയ്യാൻ അനുവാദം നൽകിയതായി തദ്ദേശ സ്വയംഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. കല്യാണം കഴിഞ്ഞ്‌ 53 വർഷങ്ങൾക്കു ശേഷം പരേതരായ രണ്ടുപേരുടെ വിവാഹം റജിസ്റ്റർ ചെയ്ത്‌ നൽകുന്നത്‌ രാജ്യത്തു തന്നെ അപൂർവമാണ്‌. പാലക്കാട്‌ ശേഖരിപുരം സ്വദേശികളായ ഇരുവരും 1969ലാണ്‌ വിവാഹിതരായത്‌. മാനസിക വൈകല്യമുള്ള ഏകമകൻ ടി.ഗോപകുമാർ നൽകിയ അപേക്ഷ പരിഗണിച്ചാണ്‌ മനുഷ്യത്വപരമായ നടപടിയെന്ന് മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. സൈനികനായിരുന്ന അച്ഛന്റെ കുടുംബപെൻഷൻ ലഭ്യമാക്കുന്നതിനു വേണ്ടിയാണ്‌ മകൻ, അച്ഛനമ്മമാരുടെ വിവാഹം റജിസ്റ്റർ ചെയ്തു നൽകാൻ അപേക്ഷ നൽകിയത്‌.

1969 ജൂൺ 4ന്‌ കൊടുമ്പ്‌ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അന്നത്തെ കാലത്ത്‌ വിവാഹ റജിസ്ട്രേഷൻ നിർബന്ധമല്ലാതിരുന്നതിനാൽ വിവാഹം റജിസ്റ്റർ ചെയ്തിരുന്നില്ല. 1998ൽ കമലവും 2015ൽ ഭാസ്കരൻ നായരും മരിച്ചു. സൈനിക റെക്കോർഡുകളിൽ ഭാസ്കരൻ നായരുടെ കുടുംബവിവരങ്ങൾ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബപെൻഷൻ കിട്ടിയില്ല. 

വിവാഹിതരിൽ ഒരാൾ മരിച്ചാലും എങ്ങനെ റജിസ്ട്രേഷൻ നടത്താമെന്ന് 2008ലെ കേരളാ വിവാഹങ്ങൾ റജിസ്ട്രേഷൻ(പൊതു) ചട്ടങ്ങളിൽ പരാമർശിക്കുന്നുണ്ട്‌. പക്ഷേ, ദമ്പതികൾ രണ്ടുപേരും മരിച്ചാൽ വിവാഹം എങ്ങനെ റജിസ്റ്റർ ചെയ്യണമെന്ന് നിലവിലുള്ള നിയമങ്ങളിലോ ചട്ടങ്ങളിലോ പരാമർശിക്കുന്നില്ല. വിഷയത്തിൽ നിയമവകുപ്പിന്റെ പ്രത്യേക അഭിപ്രായം തേടിയ ശേഷമാണ്‌‌ മന്ത്രിയുടെ ഇടപെടൽ. 2008ലെ ചട്ടങ്ങളിൽ ഇതു സംബന്ധിച്ച്‌ വ്യവസ്ഥകൾ നിലവിലില്ലാത്തതും വിവാഹം നടന്ന കാലത്ത്‌ റജിസ്ട്രേഷൻ നിർബന്ധമല്ല എന്ന വസ്തുതയും പരിഗണിച്ചാണ്‌ തീരുമാനം. 

മാനസിക വൈകല്യമുള്ള മകന്റെ സംരക്ഷണവും ഉപജീവനവും ഉറപ്പാക്കാൻ കുടുംബ പെൻഷൻ അനിവാര്യമാണെന്നു കണ്ടാണ്‌ പ്രത്യേക ഇടപെടലെന്ന് മന്ത്രി അറിയിച്ചു. നിയമങ്ങളും ചട്ടങ്ങളും ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ജീവൽപ്രശ്നങ്ങൾ പരിഹരിക്കുവാനും ആവശ്യങ്ങൾ നിറവേറ്റുവാനും വേണ്ടിയാണ്‌. ആവശ്യമായ സാഹചര്യങ്ങളിൽ മാനുഷിക പരിഗണനയ്ക്കു മുൻഗണന നൽകിക്കൊണ്ട് നിയമപരമായിത്തന്നെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ്‌ നടപടിയെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ്‌ മഹാമാരിയുടെ സാഹചര്യത്തിൽ ഇന്ത്യയ്ക്കു പുറത്തു താമസിക്കുന്ന ദമ്പതികൾക്ക്‌ നേരിൽ ഹാജരാകാതെ തന്നെ വിവാഹം റജിസ്റ്റർ ചെയ്യാൻ പ്രത്യേക അനുമതി നൽകിയിരുന്നു. 

ഈ സൗകര്യം ഇപ്പോഴും തുടരുന്നുണ്ട്‌. ആധുനിക ‌വിവര സാങ്കേതിക വിദ്യയുടെ കാലത്ത്‌ നേരിൽ ഹാജരാകാതെ വിവാഹം റജിസ്റ്റർ ചെയ്യാനുള്ള സംവിധാനം സ്ഥിരമായി ലഭ്യമാക്കുന്നതിന്‌ ചട്ടഭേദഗതി നടത്താൻ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. കൂടാതെ വിവാഹമോചനം നേടുന്നവരുടെ വിവരങ്ങൾ വിവാഹ റജിസ്റ്ററിൽ ചേർക്കപ്പെടുന്നില്ല എന്ന ഗൗരവമായ വിഷയവും ഉയർന്നുവന്നിരുന്നു‌. ഇതു പരിഗണിച്ച്‌  വിവാഹമോചനവും യഥാവിധി രേഖപ്പെടുത്തുന്നതിനു നിയമനിർമാണം നടത്തുന്നതിനുള്ള നടപടിയും ആരംഭിച്ചെന്ന് മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു.

English Summary : Minister gives permission to register the marriage of deceased couples after 53 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA