ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്തെ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വെക്കേഷനൽ ജൂനിയർ അധ്യാപകരുടെ സ്ഥാനക്കയറ്റ വിഷയത്തിൽ പ്രധാനമായും തടസ്സമാകുന്നത് വിഎച്ച്എസ്ഇ സ്പെഷൽ റൂൾസിലുള്ള അവ്യക്തതകൾ.

2004ൽ ഇറക്കിയ  റൂൾസ് പ്രകാരം ആഴ്‌ചയിൽ 7–15 പീരിയഡാണ് ജൂനിയർ അധ്യാപകരുടെ ജോലി സമയം. സീനിയർ തസ്തികയിൽ 16 പീരിയഡ് മുതൽ എന്നാണ് പറഞ്ഞിട്ടുള്ളത്. പരിധി നിശ്ചയിക്കാത്തതിനാൽ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരികയാണ് അധ്യാപകർക്ക്.

ഹയർ സെക്കൻഡറിയിൽ 35 മുതൽ 45 മിനിറ്റ് വരെ ഒരു പീരിയഡായി കണക്കാക്കുമ്പോൾ വിഎച്ച്‌എസ്‌ഇയിൽ റൂൾ പ്രകാരം സമയം നിർവചിച്ചിട്ടില്ല. എന്നാൽ ഡയറക്ടറേറ്റ് ഒരു മണിക്കൂറാണ് ഒരു പീരിയഡ് എന്നു സ്വന്തമായി നിർവചനം നൽകുകയായിരുന്നു. ഒരു മണിക്കൂർ ദൈർഘ്യമുള്ള പീരിയഡ് 45 മിനിറ്റായി പുനഃക്രമീകരിച്ചാൽ ‍പരിഹരിക്കാവുന്ന പ്രശ്നമാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം നീണ്ടുപോകുന്നത്.

∙ ഉത്തരവ് വെട്ടി

2016 ഫെബ്രുവരിയിൽ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്താണ് ഹൈക്കോടതി വിധിയെ തുടർന്ന് ഇവരെ സീനിയർ തസ്തികയിലേക്ക് ഉയർത്തണമെന്നാവശ്യപ്പെട്ട് സർക്കാർ ഉത്തരവ് ഇറക്കിയത്. എന്നാൽ പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇതുൾപ്പെടെയുള്ള പല ഉത്തരവുകളും മരവിപ്പിച്ചു.

ഇതു സംബന്ധിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയ എ.കെ.ബാലൻ ചെയർമാനായ നിയമസഭ ഉപസമിതിയും അധ്യാപകർക്ക് അനുകൂലമായാണ് റിപ്പോർട്ട് നൽകിയത്. എന്നാൽ ധനവകുപ്പും, വിദ്യാഭ്യാസ വകുപ്പും കടന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ ഫയൽ എത്തിയപ്പോൾ ഇപ്പോൾ പരിഗണിക്കേണ്ടെന്നു പറഞ്ഞു മാറ്റിവയ്ക്കുകയായിരുന്നു.

∙ തലതിരിഞ്ഞ ആശയങ്ങൾ

നേരത്തെ ഒരു അധ്യയനവർഷം 600 മണിക്കൂർ ഉണ്ടായിരുന്ന വിഎച്ച്എസ്‌സി ക്ലാസുകൾ ദേശീയ തൊഴിൽ നൈപുണ്യ പദ്ധതി (എൻഎസ്ക്യുഎഫ്) നടപ്പിലാക്കിയപ്പോൾ 300 മണിക്കൂർ ആക്കി. പരീക്ഷയ്ക്ക് 80 മാർക്ക് എന്നത് 50 മാർക്ക് ആയി കുറച്ചു. എന്നിട്ടും പരീക്ഷ, ക്ലാസ് ടൈംടേബിളുകളിൽ വിഎച്ച്എസ്ഇ മാറ്റം വരുത്തിയില്ല. ഡയറക്ടറേറ്റിന്റെ അനാസ്ഥയാണ് തലതിരിഞ്ഞ വ്യവസ്ഥകൾക്കു പിന്നിലെന്നാണ് അധ്യാപകരുടെ ആരോപണം.

∙ കൈകഴുകി ‌ഡയറക്ടറേറ്റ്

വിഎച്ച്എസ്ഇ വിഭാഗത്തിൽ ജൂനിയർ തസ്തികകളുമായി താരതമ്യപ്പെടുത്തിയാൽ സീനിയർ അധ്യാപക തസ്തികകൾ കുറവാണ്. ഒരു വിഷയത്തിൽ മൂന്നു ബാച്ചുകൾ സ്കൂളിൽ ഉണ്ടായാൽ മാത്രമേ അവിടെ സീനിയർ തസ്തിക സൃഷ്ടിക്കപ്പെടുകയുള്ളൂ. പീരിയഡ് നിർണയവുമായി ബന്ധപ്പെട്ട അവ്യക്തത വിഎച്ച്എസ്ഇ–ഹയർ സെക്കൻഡറി ലയനം പൂർണമാകുന്നതോടെ പരിഹരിക്കപ്പെടും എന്നുമാണ് വിഎച്ച്എസ്ഇ ഡയറക്ടറേറ്റ് നൽകുന്ന വിശദീകരണം.

English Summary: Special rule affecting VHSE teacher promotions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com