ചെന്നൈ∙ തമിഴ്നാട്ടിലെ രാമേശ്വരത്ത് നാല്‍പതുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം കത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അടുത്തുള്ള ചെമ്മീന്‍ കെട്ടിലെ ഒഡിഷ സ്വദേശികളായ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കാട് മേഖലയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. യുവതിയുടെ പകുതി കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കോപാകുലരായ നാട്ടുകാര്‍ സ്വകാര്യ ചെമ്മീന്‍ കെട്ട് തകര്‍ത്തു.
ചൊവ്വാഴ്ച കടല്‍ സസ്യങ്ങള്‍ ശേഖരിക്കാന്‍ പോയ യുവതിയാണ് കൊല്ലപ്പെട്ടത്. രാത്രിയായിട്ടും ഇവര്‍ മടങ്ങിയെത്താതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും മണിക്കൂറുകളോളം തിരച്ചില്‍ നടത്തി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിലാണ് ചെമ്മീന്‍ കെട്ടിനു സമീപം ഒറ്റപ്പെട്ട സ്ഥലത്ത് യുവതിയുടെ പകുതി കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
യുവതിയെ കൊന്ന് കത്തിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ ചെമ്മീന്‍ കെട്ടിലെ തൊഴിലാളികളെ കസ്റ്റഡിയിലെത്തു ചോദ്യം ചെയ്തു. യുവതിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കൊന്ന് കത്തിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
English Summary: Woman gang raped and burned to death in Rameswaram