ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സംതൃപ്തിയെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അതിജീവിത. തനിക്കൊപ്പമെന്നു മുഖ്യമന്ത്രി പറഞ്ഞതായും അതിജീവിത വ്യക്തമാക്കി. സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പിൽ സന്തോഷമുണ്ട്. മുഖ്യമന്ത്രിയുടെ വാക്കുകളെ വിശ്വസിക്കുന്നു. മുഖ്യമന്ത്രിയോടു സംസാരിച്ച എല്ലാ കാര്യങ്ങളും മാധ്യമങ്ങളോടു പറയുന്നില്ല. വളരെ പോസിറ്റീവായ മറുപടിയാണ് മുഖ്യമന്ത്രിയിൽനിന്നും ലഭിച്ചത്. അന്വേഷണം നീളുമ്പോൾ സ്വാഭാവികമായി മാനസിക വിഷമം കേസുമായി മുന്നോട്ടുപോകുന്ന എല്ലാവർക്കും ഉണ്ടാകും. പോരാടാൻ തയാറാണെന്നും കേസുമായി മുന്നോട്ടുപോകുമെന്നും നടി പറഞ്ഞു. 

സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. അങ്ങിനെ വ്യാഖ്യാനം വന്നെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും നടി പറഞ്ഞു. കോടതിയില്‍ നടന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട ആശങ്കകള്‍ അദ്ദേഹത്തെ അറിയിച്ചുവെന്നും അതിജീവിത വ്യക്തമാക്കി. മന്ത്രിമാരുടെ വിമര്‍ശനത്തെക്കുറിച്ചു പ്രതികരിക്കാനില്ല. ആരുടെയും വായ് അടച്ചുവയ്ക്കാനില്ല. 

തന്റെ അതിജീവനത്തെക്കുറിച്ച് അവര്‍ക്ക് ഒന്നും അറിയില്ല. ഹര്‍ജിക്കു പിന്നില്‍ യുഡിഎഫ് ആണെന്ന ആരോപണം ശരിയല്ലെന്നും അവര്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഭാഗ്യലക്ഷ്മിക്കൊപ്പമാണ് അതിജീവിത സെക്രട്ടേറിയറ്റിലെത്തിയത്.  പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ചു സർക്കാരിനും വിചാരണക്കോടതിക്കും എതിരെ അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. 

ആദ്യഘട്ടത്തിൽ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സർക്കാർ ഇപ്പോൾ പിൻവാങ്ങുകയാണെന്നും പാതിവഴിയിൽ അന്വഷണം അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. നടിക്കു സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും തുടരന്വേഷണം അട്ടിമറിച്ചെന്ന ആരോപണം തെറ്റാണെന്നും സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. അനവസരത്തിലുള്ള ഹർജി പിൻവലിക്കണമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടെങ്കിലും സർക്കാരിന് അങ്ങനെ പറയാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.

English Summary: Actress attack Survivor on meeting with CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com