ഇസ്ലാമാബാദ്∙ പാക്കിസ്ഥാനിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) നേതാവ് ഇമ്രാൻ ഖാൻ നയിക്കുന്ന ‘ആസാദി മാർച്ചി’ൽ വ്യാപക സംഘർഷം. രാജ്യ തലസ്ഥാനത്ത് പ്രതിഷേധ മാർച്ച് നടത്താൻ പാക്ക് സുപ്രീം കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയതിനു പിന്നാലെയാണു മാർച്ച് തലസ്ഥാന നഗരിയിലേക്ക് നീങ്ങിയത്. ഇസ്ലാമാബാദിലെ എച്ച്-9 സെക്ടറിലെ ഗ്രൗണ്ടിൽ റാലി നടത്താനായിരുന്നു സുപ്രീം കോടതി അനുമതി നൽകിയതെങ്കിലും ഡി-ചൗക്കിൽ ഒത്തുചേരാൻ ഇമ്രാൻ ഖാൻ അനുയായികൾക്ക് നിർദേശം നൽകുകയായിരുന്നു. പിടിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിൽനിന്ന് സർക്കാരിനെ സുപ്രീം കോടതി വിലക്കുകയും ചെയ്തു.
മാർച്ച് ഇസ്ലാമാബാദിലേക്കു കടക്കുന്നതിന് മുൻപ് പഞ്ചാബ്, ലാഹോർ, കറാച്ചി എന്നിവിടങ്ങളിൽ പാർട്ടി പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ലാഹോറിലെ ലിബർട്ടി ചൗക്കിൽ ഇമ്രാൻ ഖാനെ പിന്തുണച്ചെത്തിയ ജനക്കൂട്ടത്തിനു നേരേ പൊലീസ് പ്രകോപനമില്ലാതെ വെടിയുതിർത്തതായി പിടിഐ ആരോപിച്ചു. പഞ്ചാബിലെ അറ്റോക്കിൽ ക്രെയിൻ ഉപയോഗിച്ച് പൊലീസ് ബാരിക്കേഡുകൾ നീക്കാൻ ഇമ്രാൻ അനുകൂലികൾ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഇസ്ലാമാബാദിലെ ബ്ലൂ ഏരിയയിൽ പിടിഐ പ്രവർത്തകർ മരങ്ങൾ കത്തിച്ചു.

സുപ്രീം കോടതി സമുച്ചയം ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളും സർക്കാർ കെട്ടിടങ്ങളും നില കൊള്ളുന്ന തലസ്ഥാന നഗരിയിലെ ‘റെഡ് സോൺ’സംരക്ഷിക്കാനും രാജ്യത്ത് ക്രമസമാധനം ഉറപ്പ് വരുത്തുന്നതിനും ഇസ്ലാമാബാദിൽ സൈന്യത്തെ വിന്യസിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സർക്കാരുമായി ഒത്തുതീർപ്പിനില്ലെന്നും പാക്കിസ്ഥാനിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുന്നതു വരെ ഇസ്ലാമാബാദിൽ അനുയായികൾക്കൊപ്പം തുടരുമെന്നും ഇമ്രാൻ ഖാൻ അറിയിച്ചു. സംഘർഷം വ്യാപിച്ചതോടെ നിരവധി പിടിഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി. പ്രതിഷേധ മാർച്ചിലേക്ക് ഇമ്രാൻ അനുയായികൾ ആയുധങ്ങളുമായാണ് എത്തിയതെന്നു പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ പാർട്ടിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) ആരോപിച്ചു.
English Summary: Azadi march of Imran Khan reaches Islamabad, capital turns into battleground