കഴിഞ്ഞ ഒക്ടോബർ മുതലുള്ള 8 മാസംകൊണ്ട് വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പിൻവലിച്ച തുക 3200 കോടി അമേരിക്കൻ ഡോളറാണ്. അതായത് രണ്ടര ലക്ഷം കോടി രൂപ മൂല്യമുള്ള ഇന്ത്യൻ ഓഹരികൾ വിറ്റ് നിക്ഷേപകർ പണം തിരികെക്കൊണ്ടുപോയി. ഏറ്റവും വലിയ വിൽപനാ സീസണാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ സംഭവിക്കുന്നത്. കുതിച്ചുയരുന്ന പണപ്പെരുപ്പവും ഇനിയും അവസാനിക്കാത്ത റഷ്യ–യുക്രെയ്ൻ യുദ്ധവും കോവിഡ് നിയന്ത്രണങ്ങൾ മൂലം താറുമാറായ ആഗോള വിതരണ ശൃംഖലയും ഉയർന്ന അസംസ്കൃത എണ്ണവിലയും ഊർജപ്രതിസന്ധിയുമെല്ലാം ആഗോള ഓഹരിവിപണികളെ അനുനിമിഷം തളർത്തുകയാണ്. ഇതിനിടയിൽ വലിയ നഷ്ടക്കണക്കുകളുമായാണ് ഇന്ത്യൻ ഓഹരി സൂചികകളും നിലകൊള്ളുന്നത്. വിദേശ സ്ഥാപന നിക്ഷേപകരുടെ (ഫോറിൻ ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റേഴ്സ് –എഫ്ഐഐ) വലിയ തോതിലുള്ള ഈ പിൻമാറ്റം കൊണ്ടുണ്ടായ നഷ്ടം ഇന്ത്യൻ ഓഹരി വിപണികളിലെ 7 വർഷത്തെ പോർട്ട്ഫോളിയോ നിക്ഷേപത്തിനു തുല്യമാണെന്ന വസ്തുത, പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്. 2014 മുതൽ 2020 വരെയുള്ള വർഷങ്ങളിൽ ഇന്ത്യയിലെ ഓഹരി വിപണികളിലേക്ക് എത്തിയ ഫോറിൻ പോർട്ട്ഫോളിയോ നിക്ഷേപം 2.2 ലക്ഷം കോടി രൂപയാണ്. ഈ വർഷം ഇതുവരെയുള്ള എഫ്ഐഐ പിൻവലിക്കൽ 1.62 ലക്ഷം കോടി രൂപയാണ്. ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിൽ 5 മാസത്തിലുണ്ടാകുന്ന ഏറ്റവും വലിയ വിൽപനയാണിത്. 2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്തുപോലും ഇത്രയും വലിയ വിറ്റൊഴിക്കൽ ഇന്ത്യൻ വിപണിയിലുണ്ടായിട്ടില്ലെന്നതാണു വാസ്തവം. നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി50ലെ ഒട്ടേറെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. പല ഓഹരികളും 52 ആഴ്ചയിലെ ഉയരത്തിൽനിന്ന് 30 ശതമാനം വരെ ഇടിഞ്ഞു. ഒട്ടേറെ ഓഹരികളുടെ മൂല്യനഷ്ടം 20 ശതമാനം കടന്നു. എന്താണ് വിപണിയിലെ ഈ അനിശ്ചിതാവസ്ഥയ്ക്കു കാരണം? ഇന്ത്യൻ ഓഹരി വിപണിയിൽ മാത്രമാണോ ഇതു സംഭവിക്കുന്നത്? വലിയ ഇടിവിലേക്കാണോ വിപണിയുടെ യാത്ര, അതോ നിലവിലെ സാഹചര്യത്തിൽ കാര്യങ്ങൾ സുരക്ഷിതമാണോ?
HIGHLIGHTS
- ഇന്ത്യൻ ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നത് ‘റിസ്ക്’ ആവുകയാണോ?
- വിപണിയിലെ സമ്മർദത്തെ ഇന്ത്യ നേരിടുന്നത് എങ്ങനെ?