ADVERTISEMENT

ഹൈദരാബാദ്∙ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ ‘അന്ധവിശ്വാസങ്ങളെ’ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്ധവിശ്വാസികൾക്ക് സംസ്ഥാനത്തിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിക്കാനാകില്ലെന്ന് മോദി പറഞ്ഞു. ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് (ഐബിഎസ്) 20 വർഷം തികച്ച ആഘോഷ പരിപാടിക്കെത്തിയപ്പോഴാണ് പ്രധാനമന്ത്രി ഈ പ്രസ്താവന നടത്തിയത്. അതേസമയം, പ്രധാനമന്ത്രി എത്തുന്ന ദിവസം മുഖ്യമന്ത്രി കെസിആർ ബെംഗളൂരുവിലേക്കു പറന്നത് ചർച്ചയായി.

‘ഞാൻ ശാസ്ത്രത്തിൽ വിശ്വസിക്കുന്നു. അതേപോലെ സന്യാസിയായിട്ടും അന്ധവിശ്വാസത്തിൽ വിശ്വസിക്കാത്ത യോഗി ആദിത്യനാഥിനെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഇത്തരം അന്ധവിശ്വാസികളിൽനിന്ന് തെലങ്കാനയെ രക്ഷിക്കേണ്ടതുണ്ട്’ – മോദി കൂട്ടിച്ചേർത്തു.

ബീഗംപേട്ട് വിമാനത്താവളത്തിനു പുറത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവ കുടുംബാധിപത്യം യുവാക്കളെ രാഷ്ട്രീയത്തിൽനിന്ന് അകറ്റുമെന്നും അവർക്ക് അവസരങ്ങൾ ഇല്ലാതാകുമെന്നും മോദി കൂട്ടിച്ചേർത്തു. ഇത് 21ാം നൂറ്റാണ്ടാണ് കുടുംബാധിപത്യ രാഷ്ട്രീയത്തെ തെലങ്കാനയിൽനിന്നുകൂടി തുടച്ചുമാറ്റണം. എവിടുന്നൊക്കെ കുടുംബാധിപത്യ രാഷ്ട്രീയം മാറ്റിയിട്ടുണ്ടോ അവിടെയൊക്കെ വികസനവും വളർച്ചയും ഉണ്ടായിട്ടുണ്ട്, മോദി പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിനു പിന്നാലെ വീടിന്റെ വാസ്തു ശരിയാക്കാനായി മതപരമായ ചടങ്ങുകൾ നടത്തിയത് വാർത്തയായിരുന്നു. വാസ്തു അനുസരിച്ച് 50 കോടിയുടെ പുതിയ വീട്ടിലേക്ക് കെസിആർ മാറിയതും വാർത്തയായിരുന്നു. ബീഗംപേട്ടിലെ ക്യാംപ് ഓഫിസ് പുനഃരുദ്ധരിച്ചതും വാർത്തയായി. അഞ്ചു നിലകളുള്ള ആറ് വ്യത്യസ്ത ബ്ലോക്കുകളാണ് ഈ സമുച്ചയത്തിന് ഉണ്ടായിരുന്നത്. കെസിആറിന്റെ വിശ്വാസം അനുസരിച്ച് ‘ഭരിക്കുന്നയാൾ’ മറ്റുള്ളവരുടേതിനേക്കാൾ ഉയരത്തിലിരുന്ന പ്രവർത്തിക്കണം. ഇതുമൂലമാണ് ക്യാംപ് ഓഫിസ് പുനഃരുദ്ധരിച്ചത്.

പുതിയ വീട്ടിലേക്കു മാറുന്നതിനു മുന്നോടിയായി കെസിആർ തന്റെ ഫാം ഹൗസിൽ വച്ച് യാഗം നടത്തിയിരുന്നു. അഞ്ച് ദിവസം നീണ്ടുനിന്ന യാഗത്തിനെത്തിയ 50,000 പേർക്ക് ഭക്ഷണമൊരുക്കാൻ മാത്രം 150 പാചകക്കാരാണ് വന്നത്. ഏഴു കോടി രൂപയാണ് ഇതിനു ചെലവായത്. എന്നാൽ സ്വകാര്യ വ്യക്തികൾ സ്പോൺസർ ചെയ്താണ് യാഗം നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ വാദം.

2018ൽ സെപ്റ്റംബർ 6ന് നിയമസഭ പിരിച്ചുവിടാൻ ശുപാർശ ചെയ്തു. ആറ് എന്ന അക്കത്തോടുള്ള ഇഷ്ടവും സംഖ്യാശാസ്ത്രത്തിലുള്ള വിശ്വാസവുമാണ് കാരണം. 2014 ജൂൺ 2ന്, തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി കെസിആർ അധികാരമേറ്റെടുത്തപ്പോൾ സത്യപ്രതിജ്ഞ ചെയ്തത് ഉച്ചയ്ക്ക് 12.57നാണ്. ഇതിനു കാരണം ഈ അക്കങ്ങളെല്ലാം കൂട്ടിയാൽ 15 എത്തും. വീണ്ടും കൂട്ടിയാൽ ആറ് എന്ന അക്കത്തിലെത്തും. പ്രചാരണ സമയത്ത് കെസിആർ പോയ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിലെ അക്കങ്ങൾ കൂട്ടിയാൽ 6 എത്തുമായിരുന്നു.

English Summary: I Believe in Science, So Does 'Saint' Adityanath: Modi's Dig at 'Superstitious' KCR as He Flies Out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com