ADVERTISEMENT

കൊച്ചി ∙ കേരളത്തിലെ മുഴുവൻ മന്ത്രിമാരും എംഎൽഎമാരും വീട്ടിൽ വന്നു വോട്ടു ചോദിക്കുന്ന ‘മഹാഭാഗ്യം സിദ്ധിച്ചവരായി’ തൃക്കാക്കരക്കാർ മാറിയിരിക്കുന്നു. ഏത് ആവശ്യവും ഏതു മന്ത്രിയോടും ആർക്കും തുറന്നു പറയാം. കേൾക്കാമെന്നല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ, തിരഞ്ഞെടുപ്പു ചട്ടം നിലനിൽക്കുകയല്ലേ. എന്നിരുന്നാലും വളരെ സൗമ്യമായി മാത്രം പെരുമാറുന്നതിൽ എല്ലാ നേതാക്കൾക്കും നൂറിൽ നൂറാണ് മാർക്ക്. മന്ത്രിയുടെ ഫോൺ നമ്പരൊക്കെ പലരും വാങ്ങി വച്ചിട്ടുണ്ട്, വോട്ടെടുപ്പു കഴിഞ്ഞ് ആവശ്യം പറഞ്ഞാൽ നടത്തിത്തരുമല്ലോ എന്ന പ്രതീക്ഷയിൽ.

രാപകൽ ഭേദമെന്യേ വോട്ടഭ്യർഥന തുടർച്ചയായതോടെ തിരഞ്ഞെടുപ്പു കാലത്ത് തൃക്കാക്കരയിലെ വീട്ടുകാരും കുറച്ചൊരു കരുതലിലാണ്. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാൽ, കോളിങ് ബെൽ അടിച്ചാൽ അകത്തുനിന്നു വാതിൽ പഴുതിലൂടെയൊ കർട്ടൻ കുറച്ചു മാത്രം മാറ്റിയോ പുറത്തേക്കു നോക്കും. വോട്ടു ചോദിക്കാൻ എത്തിയവരല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം കതകു തുറക്കും. തൃക്കാക്കരയിലെ മിക്ക വീടുകളിലെയും അവസ്ഥയാണിത്. വോട്ടു ചോദിക്കൽ മൂന്നു മുന്നണിയും എട്ടു റൗണ്ടുവരെ പൂർത്തിയാക്കിയെന്നാണ് അവകാശവാദം. സ്ഥാനാർഥിക്കു പുറമേ മന്ത്രിയും സംഘവും, എംഎൽഎയും സംഘവുമൊക്കെ തുടർച്ചയായി വോട്ട് ചോദിച്ച് വലയ്ക്കുന്നുവെന്ന് നഗരവാസികൾ ഉറക്കെ പറഞ്ഞുതുടങ്ങിയിരിക്കുന്നു .

ഗ്രാമവാസികളെപ്പോലെ ആര് എപ്പോൾ വന്നാലും സ്വീകരിച്ചു ചായയും നൽകി യാത്രയാക്കുന്ന സ്വഭാവക്കാരല്ല നഗരവാസികൾ എന്നത് ഒരു വശം. ഇനി ഗ്രാമങ്ങളിൽനിന്നു വന്നു താമസിക്കുന്നവരും കൊച്ചി നഗരത്തിന്റെ പൊതു സ്വഭാവത്തിൽ ലയിച്ചു ചേർന്നവരായതിനാൽ അപരിചിതരെ അൽപം മാറ്റി നിർത്തിയാണ് സ്വീകരിക്കുന്നത്. കോവിഡ് ഭീതി ഇപ്പോഴും നിലനിൽക്കുമ്പോൾ ആൾക്കൂട്ടങ്ങളെ കാണുന്നതു തന്നെ പേടിയാണെന്നു പറയുന്ന വോട്ടർമാരുമുണ്ട്.

∙ റോഡിനു നടുവിൽനിന്നൊരു സെൽഫി

ജോലി കഴിഞ്ഞു കാറും ഓടിച്ചു പോകുമ്പോൾ റോഡിന്റെ നടുവിൽ ഒരു ജൂബാധാരിക്കൊപ്പംനിന്ന്, പ്രായമായ കുറച്ചുപേർ ഫോട്ടോ എടുക്കുന്നു. പ്രായമുള്ളവരല്ലേ, ഹോണടിച്ചു വെറുപ്പിക്കണ്ടെന്നു കരുതി വണ്ടി പതുക്കെ നിർത്തി വിശാല ഹൃദയനായപ്പോൾ, പൊയ്ക്കോളൂ എന്നു കൈകാണിക്കുന്നത് മുൻ മന്ത്രി തോമസ് ഐസക്. സ്ഥലം ഗിരിനഗർ. ആൾവാസമുള്ള മിക്ക പ്രദേശങ്ങളിലും ഇതു തന്നെ അവസ്ഥ. കൊച്ചിയിൽ വോട്ടു ചോദിക്കുന്നതിനൊപ്പം പഴയ സൗഹൃദങ്ങൾ പുതുക്കാനും ബന്ധുവീടുകൾ സന്ദർശിക്കാനും പുതു ബന്ധങ്ങൾ സ്ഥാപിക്കാനുമെല്ലാം നേതാക്കൾ സമയം കണ്ടെത്തുന്നുണ്ട്. റോഡിൽ നിറയെ എംഎൽഎമാരുടെ കാറുകൾ.

∙ താരങ്ങളെല്ലാം താഴേ വന്നു..

പാട്ടുകളിൽ മാത്രം കേട്ടിട്ടുള്ള കാര്യം ശരിക്കും കാണാൻ തൃക്കാക്കര വരണം. മന്ത്രിമാരെയോ സ്ഥലം എംഎൽഎമാരെയോ ഒന്നു വിളിച്ചു കിട്ടാൻ നാലു പ്രാവശ്യമെങ്കിലും പിഎ മാരോടു സംസാരിക്കേണ്ടിടത്താണിത്. അങ്ങനെ അല്ലാത്തവരും ഉണ്ടെങ്കിലും ഏറെയും ഇതു തന്നെ അവസ്ഥ. റോഡിലൂടെ പോകുമ്പോൾ സകല വഴിയും തടഞ്ഞു മന്ത്രിമാർക്കു വഴിയൊരുക്കും പൊലീസ്.

jo-joseph-campaign-1248
പ്രചാരണത്തിനിടെ ഇടത് സ്ഥാനാർഥി ഡോ.ജോ ജോസഫ്

ഇവിടെ അവസ്ഥ എല്ലാം മാറി നാലോ അഞ്ചോ തവണയാണ് മുഖ്യമന്ത്രി തൃക്കാക്കരയിൽ വന്നു പോയത്. എന്നിട്ടും ഒരു വഴിയും തടഞ്ഞില്ല പൊലീസ്. പകരം സാധാരണക്കാർക്കൊപ്പം കാത്തുനിന്നു സിഗ്നൽ കടന്നു പോയി മന്ത്രിമാരും മുഖ്യമന്ത്രിയുമെല്ലാം.

∙ വിഷയ ദാരിദ്ര്യമില്ലാത്ത തിരഞ്ഞെടുപ്പു കാലം

വികസനവും കെ–റെയിലും മാത്രമായി തൃക്കാക്കരയിൽ പ്രചാരണം തുടങ്ങിയെങ്കിൽ അവസാന ലാപ്പിലേക്ക് എത്തുമ്പോൾ വോട്ടർമാരെ സ്വാധീനിക്കാൻ ഇരുവിഭാഗത്തിനും വിഷയങ്ങളുടെ പെരുമഴക്കാലമാണ്. നടിയെ ആക്രമിച്ച കേസു മുതൽ പി.സി. ജോർജും വിദ്വേഷ മുദ്രാവാക്യങ്ങളും തുടങ്ങി വ്യാജ അശ്ലീല വിഡിയോ വരെ പ്രചാരണ ആയുധമാക്കുകയാണ് ഇരുവിഭാഗവും. ഇതെല്ലാം കണ്ടും കേട്ടും വോട്ടു ചെയ്യാൻ ഒരു വോട്ടർ തീരുമാനിച്ചാൽ ആകെ കൺഫ്യൂഷനാകുകയേയുള്ളൂ. ചുവരെഴുത്തും പോസ്റ്ററുകളും മുതൽ സോഷ്യൽ മീഡിയയും ഫ്രീ പത്രവും വരെ പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്.

uma-thomas-1248-26
പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്

പി.സി. ജോർജിന്റെ അറസ്റ്റോടെ, മണ്ഡലത്തിൽ 25 ശതമാനത്തിലേറെ വരുന്ന മുസ്‍ലിം വോട്ടുകൾ പോക്കറ്റിലാക്കാമെന്നാണ് ഇടതു മുന്നണിയുടെ മോഹമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഒരു ഭാഗത്തു മാത്രം എന്താണ് അറസ്റ്റ്, മുദ്രാവാക്യം വിളിച്ച കേസിലെന്താ അറസ്റ്റില്ലാത്തത് എന്ന ചോദ്യം വന്നതോടെ ആലപ്പുഴ സംഭവത്തിലും അറസ്റ്റുകളുണ്ടായി. മുദ്രാവാക്യം വിളിച്ച കുട്ടിക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനാകാത്തത് പൊലീസിന്റെ കഴിവുകേടാണെന്നും എതിരാളികൾ ആക്ഷേപിക്കുന്നു.

∙ തൃക്കാക്കരയിലെ എട്ടു ശതമാനം

പ്രചാരണ മുൻതൂക്കം തുടക്കത്തിൽ യുഡിഎഫിനായിരുന്നെങ്കിൽ ആദ്യ ആഴ്ചകൾ കൊണ്ടു തന്നെ എൽഡിഎഫ് അതു തിരിച്ചു പിടിച്ചു. അതുതന്നെയാണ് ജില്ലാ ഇന്റലിജൻസ് മുഖ്യമന്ത്രിക്കു നൽകിയിരിക്കുന്ന റിപ്പോർട്ടും. അപ്പോഴും എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയ സാധ്യത റിപ്പോർട്ടിലില്ല. ജില്ലയിൽ ഇപ്പോഴും ആർക്കു വോട്ടു ചെയ്യും എന്ന് ഉറപ്പിച്ചിട്ടില്ലാത്ത എട്ടു ശതമാനം തീരുമാനിക്കും ആരു ജയിക്കുമെന്ന് എന്നാണ് റിപ്പോർട്ടിലുള്ളത്. കടുത്ത മൽസരമായിരിക്കും തൃക്കാക്കരയിലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

English Summary: Ministers and MLAs on Thrikkakara Bypoll Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com