ADVERTISEMENT

ചെന്നൈ∙ ഹിന്ദിക്കൊപ്പം പ്രധാന്യമുള്ള ഭാഷയായി തമിഴിനെയും പരിഗണിക്കണമെന്ന ആവശ്യമുയർത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ചെന്നൈയിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു സ്റ്റാലിന്റെ ആവശ്യം. ‘‘ഹിന്ദിക്കൊപ്പം പ്രധാന്യം തമിഴിനും ലഭിക്കണം മദ്രാസ് ഹൈക്കോടതിയുടെ വ്യവഹാര ഭാഷയും തമിഴാക്കണം.’’– പ്രധാനമന്ത്രിയെ സാക്ഷിയാക്കി സ്റ്റാലിൻ ആവശ്യപ്പെട്ടു.

തമിഴ് അനശ്വരമായ ഭാഷയാണെന്ന് അതേ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. തമിഴ് സംസ്കാരം ആഗോളമാണെന്നും അദ്ദേഹം പുകഴ്ത്തി. തമിഴ് ഔദ്യോഗിക ഭരണഭാഷയാക്കണമെന്നത് ഡിഎംകെയുടെ ദീർഘനാളത്തെ ആവശ്യമാണ്. യുപിഎ ഭരണകാലത്ത് തമിഴിനെ ശ്രേഷ്ഠ ഭാഷകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

തമിഴ്നാടിനെ നീറ്റ് പരീക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി നിയമസഭ പാസാക്കിയ ബിൽ കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്നും സ്റ്റാലിൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഗവർണർ ആർ.എൻ.രവി ഇതുവരെ ബിൽ കേന്ദ്രസർക്കാരിനു കൈമാറിയിട്ടില്ല. എന്നാൽ ബിൽ അംഗീകരിക്കാൻ ഗവർണറുടെ ആവശ്യമില്ലെന്നും, അത് രാഷ്ട്രപതിക്ക് കൈമാറുന്ന വെറും ‘പോസ്റ്റ്മാൻ’ ആണ് അദ്ദേഹമെന്നും സ്റ്റാലിൻ പറഞ്ഞു.

കഴിഞ്ഞവർഷം ഡിഎംകെ അധികാരത്തിൽ എത്തിയശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തുന്നത്. ചെന്നൈയിൽ എത്തിയ അദ്ദേഹം റോഡ്‌ ഷോയിൽ പങ്കെടുത്തു. 262 കി.മീ. ദൂരമുള്ള ബെംഗളൂരു– ചെന്നൈ എക്സ്പ്രസ് വേ ഉൾപ്പെടെ 31,000 കോടി രൂപയുടെ 11 പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.

English Summary: MK Stalin, With PM On Stage, Says Make Tamil Official Language Like Hindi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com