ADVERTISEMENT

കോഴിക്കോട്∙ കാട്ടുപന്നി ആക്രമണത്തിൽ ജീവിതം ദുരിതത്തിലായ കർഷകരുടെ കഥകൾ ദിനംപ്രതി കൂടുന്നതിനിടെയാണ് കേരളസർക്കാർ പുതിയൊരു ഉത്തരവിറക്കിയത്. തദ്ദേശ സ്ഥാപന അധ്യക്ഷൻമാർക്കും സെക്രട്ടറിമാർക്കും വെടിവെയ്ക്കാനുളള ഉത്തരവ് നൽകാൻ അധികാരം നൽകുന്നതായിരുന്നു അത്. എന്നാൽ ഉത്തരവ് വലിയ തോതിലുള്ള വിവാദത്തിനാണ് വഴിവച്ചത്. തീരുമാനത്തിനു പിന്നാലെ ബിജെപി എംപിയും പരിസ്ഥിതി പ്രവർത്തകയുമായ മേനകാ ഗാന്ധി സർക്കാരിനു കത്തെഴുതി. കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി വന്യമൃഗങ്ങളുടെ കൂട്ടക്കൊലയിലേക്കു നയിക്കുമെന്നും കാട്ടുപന്നിയില്ലാതെ ഒരു കാടിനും നിലനിൽപ്പില്ലെന്നും മേനകാ ഗാന്ധി ചൂണ്ടിക്കാട്ടി.

ഓരോ പഞ്ചായത്തിലും തോക്ക് ലൈസൻസുള്ളവർക്കും പൊലിസുകാർക്കുമാണ് കാട്ടുപന്നികളെ വെടിവെയ്ക്കാനുള്ള അധികാരം ലഭിക്കുക. തദ്ദേശസ്ഥാപന അധ്യക്ഷൻമാരുടെയും സെക്രട്ടറിയുടെയും നിർദേശപ്രകാരം കാട്ടുപന്നികളെ വെടിവയ്ക്കാം. നിലവിലെ വ്യവസ്ഥ പ്രകാരമുളള നടപടികൾ അപര്യാപ്തമായതിനെ തുടർന്നാണ് പുതിയൊരു തീരുമാനം വന്നത്. എന്നാൽ അക്ഷരാർത്ഥത്തിൽ അങ്കലാപ്പിലായിരിക്കുകയാണ് ഇപ്പോൾ സർക്കാർ. 

വിഷയത്തിൽ വനംമന്ത്രി എ.കെ.ശശീന്ദ്രൻ മനോരമ ന്യൂസ് ഡോട്ട്കോമുമായി സംസാരിക്കുന്നു: മേനകാ ഗാന്ധിയുടെ കത്തിനു മറുപടി നൽകാൻ വനം പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ട്. എന്നാൽ കാട്ടുപന്നിയെ കൊല്ലരുതെന്നു പറയുന്നവർ പിന്നെന്തു ചെയ്യണം എന്നുകൂടി വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിഷയത്തിലൊരു ശാശ്വതപരിഹാരം എന്നു പറയുന്നത് വിപുലമായ പദ്ധതിയാണ്. 

മൃഗങ്ങളെ കാട്ടിൽ തന്നെ നിലനിർത്താനാവശ്യമായ നടപടിയാണ് വേണ്ടത്. അതിന്റെ ഭാഗമായാണ് കേരളം വനനയം പ്രഖ്യാപിച്ചത്. ഇങ്ങനെയൊരു വനനയം ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇല്ല. വനത്തെയും വന്യജീവികളെയും സംരക്ഷിക്കുക എന്നതിനാണ് കേരളത്തിന്റെ ആദ്യപരിഗണന. എങ്കിലും ഇതിലൊരു താത്ക്കാലിക നടപടി അനിവാര്യമായി വന്നപ്പോഴാണ് വെടിവയ്ക്കാനുള്ള ഉത്തരവിടാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്കു നൽകിയത്. നയരേഖ പ്രഖ്യാപിച്ച് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു.

വന്യജീവി ആക്രമണം നേരിടേണ്ടിവരുന്ന അടിയന്തരഘട്ടങ്ങളിൽ വെടിവയ്ക്കാനുളള അധികാരമുണ്ട്. പക്ഷേ ഈ ഉത്തരവു നൽകാനുള്ള അധികാരം നിലവിൽ ചീഫ് വൈൽഡ് ലൈഫ് ഗാർഡനാണ്. പക്ഷേ ഇത്തരത്തില്‍ പ്രായോഗികമായി ഹെഡ് ഓഫിസിൽനിന്നും ഉത്തരവു വരുമ്പോഴേക്കും കാട്ടുപന്നിക്ക് ചെയ്യാനുള്ളതെല്ലാം ചെയ്തിട്ടു പോവും. ഈ അധികാരം തൽക്കാലം ഡെലിഗേറ്റ് ചെയ്തതാണ്. ഒരു വർഷത്തേക്കാണ് അധികാരം നൽകിയത്. ഗുണകരമാണെങ്കിൽ തുടരാം. അല്ലെങ്കിൽ ഉത്തരവ് പിൻവലിക്കാം. 

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക എന്ന ആവശ്യത്തിലും തീരുമാനമായില്ല. കടുവയുടെ ഭക്ഷണമാണ് കാട്ടുപന്നിയെന്നാണ് മേനകാ ഗാന്ധി പറയുന്നത്. കടുവ അവയുടെ ഭക്ഷണം കഴിച്ചോട്ടെ. നമ്മളിവിടെ കാട്ടുപന്നിയെ കൊന്നുതിന്നാനുള്ള അധികാരം ആർക്കും കൊടുത്തിട്ടില്ല. സ്വയരക്ഷയ്ക്കു വേണ്ടി മാത്രമേ വെടിവയ്ക്കാൻ സാധിക്കുകയുള്ളൂ. പക്ഷപാതപരമായാണ് കേന്ദ്രം ഇപ്പോൾ പെരുമാറുന്നത്. 

കൃഷിയിടത്തിലേക്കും ജനവാസമേഖലകളിലേക്കും കാട്ടുപന്നികൾ കയറുമ്പോൾ കയ്യും കെട്ടി നോക്കി നിൽക്കണോയെന്നും മന്ത്രി ചോദിക്കുന്നു. വനസമ്പത്തും വന്യജീവികളെയും വനംവകുപ്പ് മന്ത്രി എന്ന രീതിയിൽ സംരക്ഷിക്കാം. മനുഷ്യന്റെ ജീവനും സ്വത്തും സംരക്ഷിക്കാൻ ഭരണകൂടം തയാറാവണമെന്നും മന്ത്രി ആവശ്യപ്പെടുന്നു.

English Summary : Minister AK Saseendran on wildboar controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com