ADVERTISEMENT

ന്യൂഡൽഹി∙ ഭരണ നിർവഹണത്തിന് ഡ്രോണുകൾ ഉപയോഗിക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ സ്ഥലം സന്ദർശിച്ചു സമയം പാഴാക്കുന്നതിനു പകരം ഡ്രോണുകൾ ഉപയോഗിക്കാറുണ്ടെന്നാണു മോദിയുടെ വെളിപ്പെടുത്തൽ. സർക്കാർ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ഇതു തന്നെ വളരെയധികം സഹായിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ ഫെസ്റ്റിവലായ ഭാരത് ഡ്രോൺ മഹോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘സർക്കാരിന്റെ വികസന പദ്ധതികളുടെ പുരോഗതി കൃത്യമായ ഇടവേളകളിൽ വിലയിരുത്തേണ്ടത് അത്യന്താപേഷിതമാണ്. പക്ഷേ, ഇപ്പോൾ വികസന പദ്ധതികൾ കണ്ടു വിലയിരുത്തുന്നതിനായി പദ്ധതി പ്രദേശത്തേക്കു പോകുന്ന വിവരം ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിക്കേണ്ട ആവശ്യം വരുന്നില്ല. എല്ലാം അല്ലാതെ തന്നെ ചെയ്യാനാകും. പദ്ധതി പ്രദേശത്തേക്ക് ഒരു ഡ്രോൺ അയച്ചാൽ ആവശ്യമായ വിവരങ്ങളെല്ലാം ശേഖരിക്കാൻ കഴിയും. അവിടെയുള്ള ആളുകൾക്ക് ഇക്കാര്യം അറിയാനും കഴിയില്ല.’’ – മോദി പറഞ്ഞു.

‘രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്ന വികസന പദ്ധതികൾ വിലയിരുത്താൻ ഉദ്യോഗസ്ഥരുടെ ഒരു പ്രഗതി യോഗം എല്ലാ മാസവും ചേരാറുണ്ട്. ഇതിനായി ഡ്രോണുകൾ മുഖാന്തിരമാണു വിവരങ്ങൾ ശേഖരിക്കുന്നത്. ഡ്രോണുകളുടെ സഹായത്തോടെ ശേഖരിച്ച വിവരങ്ങൾവച്ചു പദ്ധതികളുടെ ഒരു ലൈവ് അവതരണം നടത്താനും ഞാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടാറുണ്ട്. നിർണായകമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഇത് എന്നെ വളരെയധികം സഹായിക്കുന്നു.’’ – മോദി വിശദീകരിച്ചു.

‘ഞാൻ ഒരു ഉദാഹരണം പറയാം. കേദാർനാഥിലെ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചപ്പോൾ, എപ്പോഴും അവിടം സന്ദർശിച്ചു പദ്ധതി വിലയിരുത്തുന്നതു പ്രായോഗികമായിരുന്നില്ല. പക്ഷേ, ഡ്രോണുകൾ ഉപയോഗിച്ചു പദ്ധതിയുടെ പുരോഗതി ഞാൻ കൃത്യമായി നിരീക്ഷിച്ചിരുന്നു. അങ്ങനെയാണു വിവിധ വികസന പ്രവർത്തനങ്ങൾ ഇപ്പോൾ ഞാൻ വിലയിരുത്തുന്നത്’ – മോദി പറഞ്ഞു.

English Summary: PM Modi on use of drones for surprise inspections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com