ADVERTISEMENT

ന്യൂഡൽഹി∙ ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ട് എത്തിച്ചെന്ന കേസിൽ യാസിൻ മാലിക്കിനെ ശിക്ഷിച്ച കോടതി വിധിയെ വിമർശിച്ചതിന് ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയ്ക്കെതിരെ ഇന്ത്യ. സംഘടന പരോക്ഷമായി ഭീകര പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയാണെന്നും ഇന്ത്യ നിലപാടെടുത്തു. ഇ‍സ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോർപറേഷൻ (ഒഐസി), ഇൻഡിപെൻഡന്റ് പെർമനെന്റ് ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ (ഐപിഎച്ച്ആർസി) യാസിൻ മാലിക്കിനെതിരായ കോടതി വിധിയെ വിമർശിച്ചിരുന്നു.

ഒഐസി ഒരു തരത്തിലും ഭീകരതയെ നീതീകരിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മാലിക്കിന്റെ ഭീകര പ്രവർത്തനങ്ങളെക്കുറിച്ചുള്ള രേഖകൾ കോടതിയിൽ അവതരിപ്പിക്കപ്പെട്ടതാണെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു. സംഘടനയുടെ പ്രതികരണങ്ങൾ അസ്വീകാര്യമാണെന്നും ബാഗ്ചി മാധ്യമങ്ങളോടു പറഞ്ഞു.

‘യാസിൻ മാലിക്കിന്റെ കേസിൽ കോടതി വിധിയെ വിമർശിക്കുന്ന നടപടി അസ്വീകാര്യമാണ്. ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണു ലോകം സ്വീകരിക്കുന്നത്. ഒഐസി ഇതിനെ ഒരു തരത്തിലും ന്യായീകരിക്കരുതെന്ന് ഞങ്ങൾ അറിയിക്കുകയാണ്’– അരിന്ദം ബാഗ്ചി വ്യക്തമാക്കി. ജമ്മു കശ്മീരിൽനിന്നുള്ള യാസിൻ മാലിക്കിന് എൻഐഎ കോടതിയാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 10 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

English Summary: "Don't Justify": India Slams Islamic Nations' Group's Yasin Malik Remarks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com