ADVERTISEMENT

ടെക്‌സസ് ∙ ടെക്‌സസിലെ യുവാള്‍ഡി റോബ് എലമെന്ററി സ്കൂളിൽ 21 പേരെ വെടിവച്ചുകൊന്ന സംഭവത്തിൽ നിരുപാധികമായി മാപ്പപേക്ഷിച്ച് കൊലപാതകിയായ യുവാവിന്റെ അമ്മ. 'എനിക്ക് മാപ്പ് നൽകണം. എന്റെ മകനോടും പൊറുക്കണം. അവൻ കൊല ചെയ്തതിനു പിന്നിൽ അവന്റേതായ എന്തെങ്കിലും കാരണങ്ങൾ ഉണ്ടാകാം. അവനെതിരെ വിധിയെഴുതരുത്. വെടിവയ്പ്പിൽ കൊല്ലപ്പെട്ട നിഷ്‌ക്കളങ്കരായ കുട്ടികളുടെ മാപ്പ് മാത്രമാണ് എനിക്ക് വേണ്ടത്'- കൊല നടത്തിയ സാൽവദോർ റമോസിന്റെ അമ്മ അഡ്രിയാന മാർട്ടിനെസ് പറഞ്ഞു.

കുട്ടികളെ കൊലപ്പെടുത്താനുള്ള കാരണമെന്താവും എന്ന ചോദ്യത്തിന് അഡ്രിയാന നൽകിയ മറുപടി ഇങ്ങനെ: ‘‘എനിക്ക് പറയാൻ വാക്കുകളില്ല, അവനെന്തിനാണ് ഇത് ചെയ്‌തതെന്ന്‌ എനിക്കറിയില്ല’’ – അഡ്രിയാന കരച്ചിലടക്കാൻ പാടുപെട്ടുകൊണ്ട് പറഞ്ഞു. ചൊവ്വാഴ്‌ച രാവിലെയാണ് 18കാരനായ യുവാവ് സ്‌കൂളിൽ ആക്രമണം നടത്തിയത്. സ്‌കൂളിലെ വെടിവയ്പ്പിനു മുൻപ് റമോസ്‌ മുത്തശ്ശിയെ കൊലപ്പെടുത്തിയിരുന്നു.

സംഭവത്തിൽ പതിനെട്ടുകാരനായ സാൽവദോർ റമോസിന്റെ പിതാവും പൊതുജനങ്ങളോട് മാപ്പപേക്ഷിച്ചു. ‘‘എന്റെ മകൻ ചെയ്ത തെറ്റിന് ഞാൻ മാപ്പപേക്ഷിക്കുന്നു. അവൻ ഇങ്ങനെയൊരു പ്രവൃത്തി ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ആ കുഞ്ഞുങ്ങൾക്കു പകരം എന്നെ കൊന്നുകളയാമായിരുന്നു. ഇനി എന്റെ മകനെ ഞാൻ ഒരിക്കലും കാണില്ല. കൊല്ലപ്പെട്ട മാതാപിതാക്കൾക്ക് അവരുടെ കുട്ടികളെ ഇനി കാണാൻ പറ്റില്ല. അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു’ – റമോസിന്റെ പിതാവ് പറഞ്ഞു.

‘‘റമോസ്‌ എന്റെയും ഭാര്യയുടെയും കൂടെയാണ് കുറേ നാളായി ജീവിക്കുന്നത്. സ്‌കൂളിൽനിന്നു പുറത്തായശേഷം അവന്റെ അമ്മയുമായി അവനു ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കൊലപാതകം നടന്ന സമയത്ത് ഞാൻ വീട്ടിൽ ഇല്ലായിരുന്നു. അല്ലാത്തപക്ഷം ചിലപ്പോൾ അവൻ എന്നെയും കൊല ചെയ്തേനെ.’’

texas-shooting
ചിത്രം: AFP

'എനിക്ക് ആയുധങ്ങൾ ഭയമാണ്. റമോസ്‌ ഇവ കൈവശം വച്ചിരുന്നത് അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ തീർച്ചയായും ഈ സംഭവം അധികൃതർക്ക് റിപ്പോർട്ട് ചെയ്തേനെ. ഈ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാ കുട്ടികളോടും അവരുടെ കുടുംബാംഗങ്ങളോടും ഞാൻ മാപ്പ് ചോദിക്കുന്നു’- റമോസിന്റെ മുത്തശ്ശൻ പറഞ്ഞു.      

English Summary: Please don’t judge him, he had his reasons, says mother of Texas school shooter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com